Friday

വിളര്‍ച്ച തടയാം

ഡോ. പ്രിയ ദേവദത്ത്

ഹീമോഗ്ലോബിന്റെയും ചുവന്ന രക്താണുക്കളുടെയും അളവിലുണ്ടാകുന്ന ഗണ്യമായ കുറവ് "വിളര്‍ച്ച' എന്ന രോഗാവസ്ഥക്കിടയാക്കും. കോശങ്ങളിലേക്ക് ഓക്സിജന്‍ എത്തിക്കുന്നതും തിരിച്ച് കാര്‍ബണ്‍ഡയോക്സൈഡിനെ ശ്വാസകോശങ്ങളിലേക്ക് എത്തിക്കുന്നതുമായ സുപ്രധാന ധര്‍മം ശരീരത്തില്‍ നിര്‍വഹിക്കുന്നത് രക്തത്തിലെ ഹീമോഗ്ലോബിന്‍ എന്ന ഘടകമാണ്. ഗുരുതരമായ രോഗങ്ങളുടെ മുന്നോടിയായും വിളര്‍ച്ച വരാം. ഹീമോഗ്ലോബിന്റെ കുറവുമൂലം കോശങ്ങള്‍ക്ക് ഓക്സിജന്‍ കിട്ടാതെവരുന്നത് ശരീരത്തിന്റെ മൊത്തം പ്രവര്‍ത്തനങ്ങളെയും ബാധിക്കും. ചെറിയ ആയാസങ്ങള്‍പോലും കഠിനമായ ക്ഷീണത്തിനും കിതപ്പിനും ഇടയാക്കുന്നത് വിളര്‍ച്ചയുടെ പ്രധാന ലക്ഷണങ്ങളിലൊന്നാണ്.ആയുര്‍വേദത്തില്‍ വിളര്‍ച്ചയെ "പാണ്ഡു' എന്നാണ് പറയുക. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് വിളര്‍ച്ച കൂടുതലായി കാണുന്നത്. ഗര്‍ഭകാലവും പ്രസവവുമായി ബന്ധപ്പെട്ട വിവിധ സങ്കീര്‍ണതകള്‍ക്കും വിളര്‍ച്ച ഇടയാക്കാറുണ്ട്. പുരുഷന്മാരില്‍ ഹീമോഗ്ലോബിന്റെ നില 13gm/dlലും കുറവാണെങ്കില്‍ വിളര്‍ച്ചയുള്ളതായി കണക്കാക്കാം. സ്ത്രീകളില്‍ 12gm/dlലും ഗര്‍ഭകാലത്ത് 11.5gm/dlഹലും കുറയുന്നത് വിളര്‍ച്ചയുടെ സൂചനയാണ്. മുലപ്പാലിനുപകരം പശുവിന്‍പാല്‍മാത്രം കുടിച്ചുവളരുന്ന കുട്ടികളിലും വിളര്‍ച്ച ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ചില കാരണങ്ങളാല്‍ ആഹാരത്തില്‍നിന്ന് ഇരുമ്പിനെ വലിച്ചെടുക്കാനുള്ള ശേഷി ചിലര്‍ക്ക് കുറവാകും. ഇതും വിളര്‍ച്ചയ്ക്ക് ഇടയാക്കാറുണ്ട്. കൊക്കപ്പുഴബാധ വിളര്‍ച്ചയ്ക്കിടയാക്കുന്ന മറ്റൊരു ഘടകമാണ്.വിളര്‍ച്ച പ്രധാനമായും നാലുതരംകാരണങ്ങളുടെ അടിസ്ഥാനത്തിലും സ്വഭാവത്തിന്റെ അടിസ്ഥാനത്തിലും വളര്‍ച്ച പ്രധാനമായും നാലുതരമുണ്ട്.എ) രക്തകോശങ്ങളുടെ നിര്‍മാണത്തിന് അവശ്യം വേണ്ട പോഷകങ്ങളുടെ കുറവുമൂലം വിളര്‍ച്ച ഉണ്ടാകാം. ഏറ്റവും സാധാരണമായി കണ്ടുവരുന്നത് ഇത്തരം വിളര്‍ച്ചയാണ്. ഹീമോഗ്ലോബിന്റെ ഉല്‍പ്പാദനത്തില്‍ പ്രധാന പങ്കുവഹിക്കുന്ന ഘടകമായ ഇരുമ്പിന്റെ കുറവാണ് വിളര്‍ച്ചയ്ക്കിടയാക്കുക. വളര്‍ച്ചാവേഗം കൂടുന്ന ശൈശവത്തിലും കൗമാരകാലത്തും ഗര്‍ഭകാലങ്ങളിലും ഇരുമ്പിന്റെ ആവശ്യകത കൂടും. അതുപോലെ ആര്‍ത്തവവുമായി ബന്ധപ്പെട്ട് രക്തം നഷ്ടപ്പെടുന്നതിനാല്‍ ഇരുമ്പിന്റെ കുറവുമൂലമുള്ള വിളര്‍ച്ച സ്ത്രീകളെ ധാരാളം ബാധിക്കാറുണ്ട്.ബി) ഹീമോഗ്ലോബിന്റെ ഉല്‍പ്പാദനത്തിലെ ജന്മനായുള്ള തകരാറുകളും വിളര്‍ച്ചയ്ക്കിടയാക്കും. ഈ അവസ്ഥയില്‍ വിവിധ കാരണങ്ങളാല്‍ ചുവന്ന രക്തകോശങ്ങള്‍ മജ്ജയില്‍ നിര്‍മിക്കപ്പെടുന്നതിനെക്കാള്‍ വേഗത്തില്‍ നശിച്ചുപോകുന്നു. ചുവന്ന രക്തകോശങ്ങളുടെ ഘടനാപരമായ തകരാറുകളും വിളര്‍ച്ചയ്ക്കിടയാക്കും.സി) അസ്ഥിമജ്ജയ്ക്ക് വേണ്ടത്ര രക്തകോശങ്ങളെ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയാതെവരുന്നതും വിളര്‍ച്ചയ്ക്കിടയാക്കാറുണ്ട്. ദീര്‍ഘനാളായുള്ള കരള്‍, വൃക്കരോഗങ്ങള്‍, തൈറോയ്ഡ് തകരാറുകള്‍, അര്‍ബുദം, ക്ഷയം ഇവയൊക്കെ മജ്ജയുടെ പ്രവര്‍ത്തനങ്ങളെ തകരാറിലാക്കാം.ഡി) അപകടങ്ങളിലും മറ്റും അമിതമായി രക്തസ്രാവമുണ്ടാകുന്നതും വിളര്‍ച്ചയ്ക്കിടയാക്കും.വിളര്‍ച്ച ഉണ്ടാകുന്നതെങ്ങനെ? ശരീരത്തിലെ രക്തത്തിന്റെ ഉല്‍പ്പാദകന്‍ മജ്ജയാണ്. ഏകദേശം അഞ്ചുലക്ഷം കോടി ചുവന്ന രക്തകോശങ്ങളാണ് ഒരുദിവസം മജ്ജ ഉല്‍പ്പാദിപ്പിക്കുന്നത്. ചുവന്നരക്താണുക്കളുടെ സ്വാഭാവികമായ ആയുസ്സ് 120 ദിവസമാണ്. ശാരീരികമായ അനാരോഗ്യംമൂലം ഇവ വീണ്ടും കുറയാം. ചുവന്ന രക്താണുക്കള്‍ നശിക്കുന്നതിനുസരിച്ച് മജ്ജയില്‍നിന്ന് പുതിയവ ഉണ്ടാകണം. നിര്‍മിക്കപ്പെടുന്നതിന്റെയും നശിക്കപ്പെടുന്നതിന്റെയും അനുപാതം ചില അവസ്ഥകളില്‍ നഷ്ടപ്പെടുന്നത് വിളര്‍ച്ചയ്ക്കിടയാക്കും.അമിതരക്തസ്രാവം വിളര്‍ച്ചയ്ക്കിടയാക്കുംകുടലിലും ആമാശയത്തിലും ഉണ്ടാകുന്ന രക്തസ്രാവം, അന്നനാളം, ആമാശയം എന്നീ ഭാഗങ്ങളിലുണ്ടാകുന്ന അര്‍ബുദം, അര്‍ശസ്സ്, രക്തപിത്തം ഇവയൊക്കെ രക്തസ്രാവത്തിനും വിളര്‍ച്ചയ്ക്കും ഇടയാക്കും. ദീര്‍ഘകാല കരള്‍രോഗങ്ങളെത്തുടര്‍ന്ന് അന്നനാളത്തില്‍ രക്തക്കുഴലുകള്‍ വീര്‍ത്തുപൊട്ടുന്നതും ഗുരുതരമായ രക്തസ്രാവത്തിനും വിളര്‍ച്ചയ്ക്കും വഴിവയ്ക്കും. കൂടാതെ ബാഹ്യമായുണ്ടാകുന്ന ആഘാതങ്ങള്‍, ഭക്ഷ്യവിഷബാധ ഇവയും രക്തസ്രാവത്തിനും വിളര്‍ച്ചയ്ക്കും കാരണമാകാറുണ്ട്. സ്ത്രീകളില്‍ ആര്‍ത്തവകാലത്തെ അമിതരക്തസ്രാവത്തിനു പുറമെ ഗര്‍ഭാശയമുഴകള്‍, ഗര്‍ഭാശയ അര്‍ബുദം, അണ്ഡാശയങ്ങളിലും ഫലോപ്പിയന്‍ നാളികളിലും ഉണ്ടാകുന്ന മുഴകള്‍ തുടങ്ങിയവയും രക്തസ്രാവത്തിനിടയാക്കുന്ന പ്രധാന ഘടകങ്ങളാണ്.വിളര്‍ച്ച- പ്രധാന ലക്ഷണങ്ങള്‍ഹൃദയമിടിപ്പ് കൂടുക, തളര്‍ച്ച, ക്ഷീണം, നെഞ്ചിടിപ്പ്, കണ്‍പോളകള്‍ വിങ്ങുക, ദേഷ്യം, കിതപ്പ്, ശ്വാസംമുട്ടല്‍, തണുപ്പ് സഹിക്കാന്‍ വയ്യാതാവുക, മുടികൊഴിച്ചില്‍, തലകറക്കം, ആഹാരത്തോട് വെറുപ്പ്, വിളറിയ വെളുപ്പുനിറം, പ്രത്യേകിച്ച് കണ്ണിനുതാഴെയുള്ള ശ്ലേഷ്മസ്തരത്തിലും ചര്‍മത്തിലും നാക്കിലും, ഏകാഗ്രതക്കുറവ്, പകലുറക്കം കൂടുക, ഇരുമ്പിന്റെ അഭാവംമൂലമുണ്ടാകുന്ന വിളര്‍ച്ചയുടെ പ്രത്യേകതരം രോഗലക്ഷണമായ കല്ല്, കട്ട, അരി, പേപ്പര്‍, പെയിന്റ്, തടി, തലമുടി ഇവ കഴിക്കാന്‍ തോന്നുക, കാലില്‍ രൂപപ്പെടുന്ന നീര്, ആന്തരിക രക്തസ്രാവത്തിന്റെ മുഖ്യലക്ഷണമായ മലം കറുത്തനിറത്തില്‍ പോകുക.പരിഹാരങ്ങള്‍ഔഷധത്തോടൊപ്പം ആഹാരശീലങ്ങള്‍ക്കും ഏറെ പ്രാധാന്യമുള്ള രോഗമാണ് വിളര്‍ച്ച. വിളര്‍ച്ചയ്ക്കിടയാക്കുന്ന കാരണങ്ങള്‍ വ്യത്യസ്തമായതിനാല്‍ ചികിത്സയും ഓരോരുത്തരിലും വ്യത്യസ്തമാകും. ഇലവിന്‍ പശ, ഇരട്ടിമധുരം, ഞാഴല്‍പ്പൂവ്, ചിറ്റീന്തല്‍, മലര്, തഴുതാമ, പാച്ചോറ്റിത്തൊലി, മുത്തുച്ചിപ്പി, മുന്തിരി, ഈന്തപ്പഴം, മുരല്‍വിത്ത്, ലന്തപ്പഴം, മാതളം, അത്തിപ്പഴം, കരിമ്പ്, യവം ഇവ വിളര്‍ച്ചയുമായി ബന്ധപ്പെട്ട വിവിധ ഘട്ടങ്ങളില്‍ പ്രയോജനപ്പെടുത്തുന്ന ഔഷധികളാണ്. ഭക്ഷണം തെരഞ്ഞെടുക്കുന്നതിലെ അപാകങ്ങളും വിളര്‍ച്ചയ്ക്കിടയാകാറുണ്ട്. പാല്‍, പാല്‍ക്കട്ടി, മറ്റ് പാലുല്‍പ്പന്നങ്ങള്‍ ഇവ കാത്സ്യത്തിന്റെ മികച്ച സ്രോതസ്സുകളാണെങ്കിലും ഇരുമ്പിന്റെ ആഗികരണത്തെ തടസ്സപ്പെടുത്താറുണ്ട്. അതിനാല്‍ ഇരുമ്പടങ്ങിയ ഭക്ഷണം കഴിച്ച ഉടനെ പാലും പാലുല്‍പ്പന്നങ്ങളും കഴിക്കുന്നത് ഒഴിവാക്കണം. അതുപോലെ അയല, മത്തി, ചൂര തുടങ്ങിയ മത്സ്യങ്ങളില്‍ അടങ്ങിയിരിക്കുന്ന ഇരുമ്പ് പെട്ടെന്ന് ആഗീകരണംചെയ്യുന്നതിനാല്‍ ഭക്ഷണത്തില്‍പ്പെടുത്തേണ്ടതാണ്.ചെമ്മീന്‍, തോടുള്ള മത്സ്യവിഭവങ്ങള്‍ തുടങ്ങിയവ ഇരുമ്പിന്റെ ആഗീകരണശേഷിയെ മെച്ചപ്പെടുത്തുന്നതിനാല്‍ ഇവയ്ക്കൊപ്പം കഴിക്കുന്ന പച്ചക്കറികളില്‍നിന്ന് കൂടിയതോതില്‍ ഇരുമ്പിനെ ശരീരത്തിന് ഉപയോഗിക്കാനാകും.കൂടാതെ തവിടുകളയാത്ത അരി, തുവര, ഗോതമ്പ്, ചെറുപയര്‍, പടവലം, ബീന്‍സ്, ഇലക്കറികള്‍, ശര്‍ക്കര, ഈന്തപ്പഴം, കരിപ്പെട്ടി, കപ്പലണ്ടി, എള്ള്, മാതളം, നാരങ്ങ, നെല്ലിക്ക, മുന്തിരിങ്ങ, അത്തിപ്പഴം, കോഴിയിറച്ചി, ആട്ടിറച്ചി ഇവയൊക്കെ മാറിമാറി ഭക്ഷണത്തില്‍പ്പെടുത്തുന്നത് വിളര്‍ച്ച തടയും. ഗര്‍ഭം ധരിക്കുന്നതിനുമുമ്പ് പോഷകഭക്ഷണം വളരെ കുറഞ്ഞതോതില്‍ ഉപയോഗിക്കുന്നവരില്‍ ഗര്‍ഭാവസ്ഥയില്‍ വിളര്‍ച്ച വളരെ കൂടുതലാകും. ആര്‍ത്തവവേളകളിലും ഗര്‍ഭാവസ്ഥയിലും ഉണ്ടാകുന്ന ചെറിയ അസ്വസ്ഥതകള്‍മൂലം ഭക്ഷണം ഒഴിവാക്കുന്നവരുടെ എണ്ണം ഇന്ന് കൂടുതലാണ്. ഇത്തരം തെറ്റായ പ്രവണതകള്‍ വിളര്‍ച്ചയ്ക്കും അതുമായി ബന്ധപ്പെട്ട സങ്കീര്‍ണതകള്‍ക്കും വന്ധ്യതപോലുള്ള രോഗങ്ങള്‍ക്കും വഴിയൊരുക്കുമെന്നതിനാല്‍ തീര്‍ത്തും ഉപേക്ഷിക്കേണ്ടതാണ്. (മാന്നാറില്‍ കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയില്‍ ഡോക്ടറാണ് ലേഖിക)