Wednesday

വാര്‍ധക്യം വിഷാദത്തെ മറികടക്കാം

ഡോ. പ്രിയ ദേവദത്ത്

പ്രായമാവുക എന്നത് അനിവാര്യമായ ഒരു ശാരീരിക മാറ്റമാണ്. വൃദ്ധജനങ്ങളുടെ അനുപാതത്തില്‍ കേരളം രാജ്യത്ത് ഒന്നാമതാണ്. ആരോഗ്യ പരിപാലനരംഗത്ത് കൈവരിച്ച നേട്ടങ്ങളുടെ ഫലമായി വേണം ഇതിനെ കാണാന്‍. നേട്ടങ്ങള്‍ അവകാശപ്പെടുന്നതോടൊപ്പം വാര്‍ധക്യം ഉയര്‍ത്തുന്ന പുതിയ പ്രശ്നങ്ങളെക്കൂടി നാം കാണേണ്ടതുണ്ട്. വിഷാദം ഉള്‍പ്പടെയുള്ള മാനിസകാരോഗ്യ പ്രശ്നങ്ങളും സാമ്പത്തിക ഭദ്രതയില്ലാത്ത സാമൂഹിക സാഹചര്യങ്ങളുമാണ് മറ്റു രോഗങ്ങള്‍ക്കൊപ്പം വാര്‍ധക്യം നേരിടുന്ന പ്രധാന വെല്ലുവിളികള്‍.  

ഒറ്റപ്പെടുന്ന വാര്‍ധക്യം
മാറാലപിടിക്കാത്ത മനസ്സും ശക്തിചോരാത്ത ശരീരവുമായി കര്‍മനിരതമായി കഴിയുന്ന വൃദ്ധരും നമ്മുടെ നാട്ടിലുണ്ട്. എന്നാല്‍ ആകുലതകളും വിചാരങ്ങളും പങ്കുവയ്ക്കാനാളില്ലാതെ ഏകാന്തതയുടെ പിടിയിലമരുന്ന നല്ലൊരു ശതമാനം വൃദ്ധരാണേറെയും. മക്കളുമൊത്ത് സസന്തോഷം ജീവിച്ച വീടുകള്‍ പലതിലും ഇന്ന് പ്രായമായവര്‍ ഒറ്റയ്ക്കാണ്. ജീവിതസായാഹ്നത്തില്‍ അവര്‍ വളരെ നിരാശരാണ്.
കൂട്ടുകുടുംബവ്യവസ്ഥ തകര്‍ന്നതാണ് വൃദ്ധജനങ്ങളുടെ ഒറ്റപ്പെടലിന് പ്രധാന കാരണം. മക്കളുടെ എണ്ണം കുറഞ്ഞതും അണുകുടുംബങ്ങളായി ചുരുങ്ങിയതും പ്രശ്നമായിത്തീര്‍ന്നു. മക്കള്‍ ജോലിക്കും മറ്റുമായി മറ്റ് നഗരങ്ങളിലേക്ക് ചേക്കേറേണ്ടിവരുന്നത് സ്വാഭാവികമാണ്. അതിനവരെ കുറ്റംപറഞ്ഞിട്ടും കാര്യമില്ല. പ്രായമേറിയ അച്ഛനമ്മമാര്‍ക്ക് തനിയെ ജീവിക്കാനാകുമെന്നു കരുതുന്നവരാണ് മക്കളിലധികവും. മൂല്യങ്ങളും ബന്ധങ്ങളുടെ ഊഷ്മളതയും നഷ്ടമാകുന്നതോടെ സ്വന്തം വീട്ടിലും ഉപേക്ഷിക്കപ്പെടുന്നവരുടെ അവസ്ഥയാണ് പ്രായമായവര്‍ നേരിടുന്നത്. വൃദ്ധജനങ്ങള്‍ കുടുംബത്തിന് ഒരു ബാധ്യതയാകുന്ന കാഴ്ചകളും ഉണ്ട്.
ജനിച്ചുവളര്‍ന്ന നാടും വീടും ഉപേക്ഷിച്ച് നഗരങ്ങളിലേക്ക് മക്കള്‍ക്കൊപ്പം ചേക്കേറുന്നവരുടെ അവസ്ഥയും വ്യത്യസ്തമല്ല. ഒറ്റപ്പെടലിന്റെയും പൊരുത്തക്കേടിന്റെയും പ്രശ്നങ്ങള്‍ അവിടെയുമുണ്ട്. മിണ്ടാന്‍പോലും നേരമില്ലാത്ത ജോലിത്തിരക്കുള്ള മക്കള്‍, ചെറുപ്പക്കാരുടെ പുതിയതരം ജീവിതക്രമങ്ങളോടുള്ള പ്രതിഷേധം, മുറി അടച്ചുള്ള ഒതുങ്ങിക്കൂടല്‍ ഇവ പ്രായമായവര്‍ക്ക് വേദന നല്‍കും. 
ഏകാന്തതയും ഒറ്റപ്പെടലും പൊരുത്തക്കേടുകളുമെല്ലാം വളരെവേഗം വൃദ്ധരെ വിഷാദം എന്ന മാനസികാരോഗ്യപ്രശ്നത്തിലേക്ക് നയിക്കുന്നു. 

സാമ്പത്തിക സാഹചര്യങ്ങള്‍ നിര്‍ണായകം
സാമ്പത്തികാവശ്യങ്ങള്‍ക്ക് മക്കളെ ആശ്രയിച്ചുകഴിയുന്ന വൃദ്ധര്‍ക്ക് സാമ്പത്തികഭദ്രത ഉള്ളവരെക്കാള്‍ നിരവധി പ്രശ്നങ്ങളും വിഷമതകളും നേരിടേണ്ടതായി വരാറുണ്ട്. പലവിധ സംഘര്‍ഷങ്ങളും രോഗങ്ങളും വാര്‍ധക്യത്തില്‍ മിക്കവരിലും കാണാറുണ്ട്. എന്നാല്‍ സാമ്പത്തിക ബുദ്ധിമുട്ടും ദാരിദ്യ്രവും അനുഭവിക്കുന്നവരില്‍ ഇത്തരം സാഹചര്യങ്ങള്‍ ജീവിതത്തെ കൂടുതല്‍ യാതനാപൂര്‍ണമാക്കാറുണ്ട്. 

വിഷാദരോഗം തിരിച്ചറിയാം
ചെറുപ്പക്കാരിലെ വിഷാദരോഗത്തില്‍നിന്നു തികച്ചും വ്യത്യസ്തമാണ് വയോധികരെ ബാധിക്കുന്ന വിഷാദം. വിശപ്പില്ലായ്മ, ക്ഷീണം, മറ്റ് ശാരീരിക രോഗലക്ഷണങ്ങള്‍ ഇവ വാര്‍ധക്യത്തിലെ വിഷാദത്തിന്റെ പ്രധാന ലക്ഷണങ്ങളാണ്. ഉറക്കത്തിന്റെ ക്രമത്തിലുണ്ടാകുന്ന മാറ്റങ്ങള്‍, ശൂന്യത, പ്രസരിപ്പും ഉന്മേഷവും കുറയുക, സ്പഷ്ടമല്ലാത്ത വേദനകള്‍ പറയുക, സങ്കടം പെട്ടെന്നു വരിക, ദഹനപ്രശ്നങ്ങള്‍, ഓര്‍മക്കുറവ്, ഉള്‍വലിയല്‍, ഭാരക്കുറവ്, മലബന്ധം ഇവ അനുഭവപ്പെടാം. ഒപ്പം ചിന്തകളും പ്രവൃത്തികളും മന്ദീഭവിക്കും. പ്രകടമാകുന്ന ഇത്തരം ശാരീരിക ലക്ഷണങ്ങള്‍ വിഷാദരോഗത്തിന്റെ ഭാഗമാണെന്ന് പലരും തിരിച്ചറിയാറില്ല. ചികിത്സയിലൂടെ പൂര്‍ണമായും ഭേദമാക്കാവുന്ന രോഗമാണ് വിഷാദം. അജ്ഞതകൊണ്ടും മറ്റും വാര്‍ധക്യത്തിലെ വിഷാദത്തെ അവഗണിക്കുന്നവരാണ് കൂടുതല്‍. യഥാസമയം ചികിത്സിക്കാതിരുന്നാല്‍ വിഷാദം ക്രമേണ ധാരണാശക്തി കുറയ്ക്കുകയും മറ്റ് രോഗാവസ്ഥകള്‍ കൂട്ടുകയും ചെയ്യും.
വിഷാദം പ്രധാന കാരണങ്ങള്‍
മനസ്സിന്റെ വൈകാരികാവസ്ഥകളുടെ നിയന്ത്രണം വഹിക്കുന്നത് തലച്ചോറിലെ ചില രാസപദാര്‍ഥങ്ങളാണ്. വാര്‍ധക്യത്തിലെത്തുമ്പോള്‍ ഗണ്യമായ അളവില്‍ ഇവയ്ക്ക് കുറവു സംഭവിക്കാറുണ്ട്. പ്രതിസന്ധികളെ നേരിടേണ്ടിവരുമ്പോള്‍ പെട്ടെന്ന് ഉല്‍കണ്ഠാകുലരാകുന്നതിതുകൊണ്ടാണ്. ഒട്ടേറെ പ്രതിസന്ധികളെ നേരിടുന്ന വാര്‍ധക്യത്തില്‍ വളരെ പെട്ടെന്നുതന്നെ വിഷാദത്തിലേക്ക് വഴുതിവീഴാം.
സ്വന്തം ഇഷ്ടപ്രകാരം കാര്യങ്ങള്‍ നടത്താനുള്ള സ്വാതന്ത്യ്രം നഷ്ടമാകുന്നതും, ജിവിതത്തിനുമേലുള്ള നിയന്ത്രണം പോകുന്നതും പ്രായമായവര്‍ ഇഷ്ടപ്പെടുന്നില്ല. ദേഷ്യപ്പെടുകയും ശാസിക്കുകയും ചെയ്യുന്ന ബന്ധുക്കളെയും പരിചാരകരെയും ആശ്രയിക്കേണ്ടിവരുമോ എന്ന് അവര്‍ ഭയപ്പെടുന്നു. ഇത്തരം വിഷമാവസ്ഥകളൊക്കെ അവരെ വിഷാദത്തിലേക്കടുപ്പിക്കുന്നു. മക്കള്‍ വീടുവിട്ടു പോകുന്നതും തുണയില്ലാതാകുന്നതും ഏകാന്തതയും ഒറ്റപ്പെടലിനുമൊപ്പം വിഷാദത്തിനും ഇടയാക്കുന്നു.
പ്രായമാകുമ്പോള്‍ ശാരീരികപ്രവര്‍ത്തനങ്ങള്‍ കുറഞ്ഞുതുടങ്ങും. ഈ പ്രവര്‍ത്തനമാന്ദ്യംതന്നെ വിഷാദത്തിനിടയാക്കാറുണ്ട്. മസ്തിഷ്കരോഗങ്ങള്‍, തൈറോയ്ഡ് രോഗങ്ങള്‍, പ്രമേഹം, രക്തസമ്മര്‍ദം, ചില വൃക്കരോഗങ്ങള്‍ എന്നിവയോടനുബന്ധിച്ചും വിഷാദരോഗം ഉണ്ടാകുമെന്നതിനാല്‍ വിദഗ്ധപരിശോധനയിലൂടെ ഉറപ്പാക്കേണ്ടതുണ്ട്. രോഗങ്ങള്‍ക്കൊപ്പമുള്ള വിഷാദരോഗം ശമിക്കുമ്പോള്‍ ജീവിതത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനാകും. ഒപ്പം മറ്റു രോഗങ്ങളുടെ ചികിത്സ കൂടുതല്‍ ഫലപ്രാപ്തിയിലെത്തുകയും ചെയ്യും.
വ്യക്തിബന്ധങ്ങളിലുണ്ടാകുന്ന വിള്ളലുകള്‍, പങ്കാളിയുടെ വിയോഗം, ആജന്മ സുഹൃത്തുക്കളുടെ വിയോഗം, കാഴ്ചയും കേള്‍വിയും കുറയുക തുടങ്ങിയ പല ഘടകങ്ങളും വിഷാദരോഗാവസ്ഥക്ക് നിമിത്തമാകാറുണ്ട്.
വ്യക്തിപരമായ പരാജയങ്ങള്‍, നഷ്ടങ്ങള്‍, മക്കളോടുള്ള സുഖകരമല്ലാത്ത ബന്ധങ്ങള്‍, മക്കളുടെ ദുഃഖങ്ങള്‍ തുടങ്ങിയ നോവുന്ന ചിന്തകള്‍ വിഷാദത്തിനിടയാക്കും. പണമില്ലാത്തതാണ് മറ്റൊരു പ്രശ്നം.
രക്തസമ്മര്‍ദ ചികിത്സയില്‍ ഉപയോഗിക്കുന്ന ചില മരുന്നുകളും വിഷാദത്തിന് ഇടയാക്കുമെന്നതിനാല്‍ ലക്ഷണങ്ങള്‍ കാണുമ്പോള്‍തന്നെ ഡോക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തേണ്ടതുണ്ട്. 

വിഷാദവും ഡിമെന്‍ഷ്യയും തിരിച്ചറിയാം
ഡിമെന്‍ഷ്യ ആണോ എന്ന് സംശയിക്കത്തക്കവിധത്തില്‍ വിഷാദരോഗമുള്ള ചിലരില്‍ ഓര്‍മക്കുറവുണ്ടാകാറുണ്ട്. മസ്തിഷ്ക കോശങ്ങളുടെ നാശമാണ് ഡിമെന്‍ഷ്യാരോഗത്തിന് കാരണമാകുന്നത്. എന്നാല്‍ വിഷാദരോഗത്തില്‍ ഇത്തരം കോശനാശം ഉണ്ടാകാറില്ല. പൂര്‍ണമായും സുഖപ്പെടുത്താനാകുന്ന രോഗങ്ങളിലൊന്നാണ് വിഷാദം. 

വിഷാദവും പ്രമേഹവും
ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലൊന്നാണ് പ്രമേഹം. ജീവിതത്തിന്റെ നിറംകെടുത്തുന്ന മാനസികാരോഗ്യപ്രശ്നമാണ് വിഷാദം. പ്രമേഹമുള്ളവര്‍ക്ക് വിഷാദം വരാനും വിഷാദമുള്ളവര്‍ക്ക് പ്രമേഹം വരാനുമുള്ള സാധ്യത വളരെ കൂടുതലാണ്. ഇവ രണ്ടും കൂടി ഒന്നിച്ചാല്‍ രണ്ട് രോഗങ്ങളുടെയും നിയന്ത്രണം തെറ്റുകയും ഹൃദയരോഗങ്ങള്‍ക്ക് അരങ്ങൊരുങ്ങുകയും ചെയ്യും. കൂടാതെ പ്രമേഹസങ്കീര്‍ണതകളിലേക്ക് രോഗിയെ വേഗം എത്തിക്കുകയും ചെയ്യും.
ക്ഷീണവും നിരാശയും താല്‍പ്പര്യക്കുറവുമൊക്കെ പ്രമേഹരോഗിയില്‍ സാധാരണമായതിനാല്‍ വിഷാദം പലപ്പോഴും തിരിച്ചറിയാതെ പോകാറുമുണ്ട്. അമിതഭക്ഷണം, താല്‍പ്പര്യമില്ലായ്മ തുടങ്ങിയ വിഷാദലക്ഷണങ്ങളും ചില മരുന്നുകളും വിഷാദരോഗിയെ പ്രമേഹത്തിലെത്തിക്കുന്നതും അറിയാറില്ല. രണ്ടു  രോഗങ്ങളും നേരത്തെതന്നെ കണ്ടെത്താനും ചികിത്സതേടാനും ശ്രദ്ധിക്കേണ്ടതുണ്ട്. 

ചികിത്സ
ഏതുതരത്തിലുള്ള വിഷാദമാണ് എന്നതിനെ ആസ്പദമാക്കി ചികിത്സ ഓരോരുത്തരിലും വ്യത്യസ്തമാകും. മസ്തിഷ്കപ്രവര്‍ത്തനത്തിലുള്ള വ്യതിയാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനൊപ്പം പൊതുവായ ആരോഗ്യം സംരക്ഷിച്ചുമാണ് ഔഷധങ്ങള്‍ പ്രവര്‍ത്തിക്കുക. ചില ഘട്ടങ്ങളില്‍ പഞ്ചകര്‍മചികിത്സ ഉള്‍പ്പെട്ട വിശേഷ ചികിത്സകളും നല്‍കാറുണ്ട്. ഒപ്പം മനസ്സിന്റെ ആരോഗ്യവും സന്തോഷവും മെച്ചപ്പെടുത്തേണ്ടതുണ്ട്. രസായന ഔഷധങ്ങള്‍ക്കൊപ്പം ലഘുവ്യായാമങ്ങളും, യോഗയും നല്ല ഫലംതരും. അമുക്കുരം, ബ്രഹ്മി, നെല്ലിക്ക, ചന്ദനം, നീര്‍മരുത്, കുടങ്ങല്‍, ശതാവരി, അശോകം, ചെറുപുന്നയരി, എള്ള് ഇവ വിഷാദരോഗചികിത്സയില്‍ ഉള്‍പ്പെടുത്തുന്ന ഔഷധികളില്‍ ചിലതാണ്. 

വാര്‍ധക്യം ആഹ്ളാദകരമാക്കാം
പ്രായമായവരില്‍ കാണുന്ന രോഗലക്ഷണങ്ങളെ വാര്‍ധക്യത്തിന്റെ പരാധീനതകളായി ആരോപിച്ച് കളയുന്ന തെറ്റായ പ്രവണത ഒഴിവാക്കുക. വൃദ്ധര്‍ പറയുന്ന പ്രശ്നങ്ങളെ ശ്രദ്ധയോടെ കേള്‍ക്കാന്‍ മറ്റുള്ളവര്‍ തയ്യാറാകേണ്ടതുണ്ട്.
അല്‍പ്പം ഓര്‍മക്കുറവ് വന്നാലും സൃഷ്ടിപരമായ ഭാവനാശക്തിയെ വാര്‍ധക്യം ബാധിക്കാറില്ല. അതിനാല്‍ മനസ്സിനെ ഉണര്‍വോടും ജാഗ്രതയോടും നിലനിര്‍ത്തണം. പ്രായം കൂടുന്നതിനനുസരിച്ച് വളരുന്ന അനുഭവജ്ഞാനവും സമഗ്രവീക്ഷണവും മറ്റുള്ളവര്‍ക്ക് പകര്‍ന്നുനല്‍കുക.
ജോലിയില്‍നിന്നു വിരമിച്ചാലും ജീവിതത്തില്‍ ഒതുങ്ങിക്കൂടേണ്ടതില്ല. ആരോഗ്യത്തിനുസരിച്ച് വ്യത്യസ്ത ജോലികള്‍ തേടുകയോ, കൂട്ടായ്മകളില്‍ പങ്കാളിയാവുകയോ ചെയ്യേണ്ടതുണ്ട്. ജോലിത്തിരക്കുകള്‍ക്കിടയില്‍ നേരത്തെ മാറ്റിവച്ച പ്രവര്‍ത്തനങ്ങളില്‍ സജീവമാകണം. നല്ലൊരു സംഘാടകനാകാം. ഒപ്പം വായനയും മെച്ചപ്പെടുത്തണം. 
സമൂഹത്തില്‍നിന് ഉള്‍വലിയാതിരിക്കാന്‍ ശ്രദ്ധിക്കുക. 
മനസ്സിലേക്കു തുറക്കുന്ന ജാലകങ്ങളായ കാഴ്ചയും കേള്‍വിയും നഷ്ടമാകുന്നതോടെ ഒറ്റപ്പെടലിന്റെയും ഏകാന്തതയുടെയും കാഠിന്യം തീവ്രമാകുമെന്നതിനാല്‍ കാഴ്ച–കേള്‍വി പ്രശ്നങ്ങള്‍ക്ക് തുടക്കത്തിലേ പരിഹാരം കാണണം.
വരുമാനം മുഴുവനായി ചെലവഴിച്ചുതീര്‍ക്കരുത്. 
തവിടുമാറ്റാത്ത ധാന്യങ്ങള്‍, കുതിര്‍ത്ത പയറുകള്‍, കാരറ്റ്, മത്തങ്ങ, നെല്ലിക്ക, കാപ്സിക്കം, ബീറ്റ്റൂട്ട്, കടുംപച്ച നിറമുള്ള ഇലകള്‍, മധുരക്കിഴങ്ങ്, ചെറുമത്സ്യങ്ങള്‍, നാടന്‍കോഴിയിറച്ചി ഇവ ഉള്‍പ്പെട്ട ഭക്ഷണങ്ങള്‍ മസ്തിഷ്കത്തെ ഉണര്‍വോടെ നിര്‍ത്തും. കോവയ്ക്ക, പാവയ്ക്ക, പടവലം, ചേന, കുമ്പളം ഇവ വേണ്ടത്ര നാരുകള്‍ നല്‍കും. 
മൈദ വിഭവങ്ങള്‍ ഒഴിവാക്കുക.
പ്രായമായവര്‍ക്ക് മനസ്സുകൊണ്ടുള്ള ചികിത്സയാണ് ഫലപ്രദം. അവര്‍ ആഗ്രഹിക്കുന്നതും അതുതന്നെയാണ്. വീട്ടിലുള്ളവരും ബന്ധുക്കളും അവര്‍ക്ക് പ്രത്യേക പരിഗണന നല്‍കേണ്ടതാണ്. കടുത്ത വാക്കുകളും പരുഷമായ പെരുമാറ്റവും അവര്‍ക്ക് വലിയ വേദന നല്‍കുമെന്നതിനാല്‍ തീര്‍ത്തും ഒഴിവാക്കേണ്ടതാണ്.
  വാര്‍ധക്യം നേരിടുന്ന പ്രധാനപ്രശ്നം ഏകാന്തതയാണ്. ഒരുപക്ഷേ മരണത്തെക്കാളും അവര്‍ ഭയപ്പെടുന്നതും ഈ ഏകാന്തതയാണ്. അത് പരിഹരിക്കാനുള്ള ശ്രമം നമ്മുടെ ഭാഗത്തുനിന്ന് ഉണ്ടായാല്‍ മാത്രമേ വൃദ്ധപരിപാലനം പൂര്‍ണമാകൂ.
(മാന്നാറില്‍ കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയില്‍ ഡോക്ടറാണ് ലേഖിക)

ഗര്‍ഭിണികള്‍ അറിയേണ്ടതെല്ലാം

ഡോ. ഗിരിജ ഗുരുദാസ്
നമുക്ക് അമ്മയാകുന്നതിനു മുമ്പുള്ള തയ്യാറെടുപ്പിലേക്കു  കടക്കാം. അമ്മയ്ക്കു പ്രശ്നങ്ങളൊന്നും കൂടാതെ, ആരോഗ്യമുള്ള ഒരു കുഞ്ഞിനെ കിട്ടുകയാണല്ലോ നമ്മുടെ ലക്ഷ്യം. അതിന് അവിചാരിതമായുണ്ടാകുന്ന ഗര്‍ഭത്തെക്കാള്‍ മുന്‍കൂട്ടി പ്ളാന്‍ ചെയ്ത് ഗര്‍ഭം ധരിക്കുന്നതാണ് എന്തുകൊണ്ടും നല്ലത്. അതുകൊണ്ട് ഗൈനക്കോളജിസ്റ്റിനെ കണ്ട് പരിശോധന നടത്തി പ്രശ്നങ്ങള്‍ ഇല്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. നിങ്ങള്‍ക്ക് എന്തെങ്കിലും അസുഖങ്ങളുണ്ടോ എന്തെങ്കിലും മരുന്നുകള്‍ കഴിക്കുന്നുണ്ടോ കുടുംബത്തിലുള്ളവരുടെ അസുഖങ്ങള്‍, ബുദ്ധിവൈകല്യമുള്ള കുട്ടികള്‍ ഇവയെക്കുറിച്ചൊക്കെ അന്വേഷിക്കുകയും നിങ്ങളെ വിശദമായി പരിശോധിക്കുകയും ചില രക്തപരിശോധനകള്‍ നടത്തുകയും ചെയ്യും. ഇവയില്‍ ഏറ്റവും പ്രധാനം തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനവും പ്രമേഹവുമാണ്. 

നിങ്ങള്‍ ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കുന്ന ആളാണെങ്കില്‍ അതു നിറുത്തി മൂന്നു മാസം കഴിഞ്ഞ് ഗര്‍ഭം ധരിക്കുന്നതാണ് ഉത്തമം. ഇത് കുഞ്ഞിന് അംഗവൈകല്യം ഉണ്ടാകും എന്നതു കൊണ്ടല്ല, മാസമുറ കൃത്യമാക്കാനാണ്. പുകവലി. മദ്യപാനം, മറ്റു ലഹരി മരുന്നുകള്‍ മുതലായവയുടെ ഉപയോഗം ഗര്‍ഭധാരണത്തിനു മുമ്പ് നിറുത്തണം. നിങ്ങള്‍ പുകവലിക്കുന്നതും മറ്റുള്ളവര്‍ വലിക്കുന്ന പുകയേല്‍ക്കുന്നതും മാസം തോറും അണ്ഡാശയത്തില്‍ നിന്ന് പുറത്തുവരുന്ന അണ്ഡത്തേയും ബീജങ്ങളുടെ ചലനശക്തിയേയും ബാധിക്കും. വന്ധ്യതയുടെ കാരണങ്ങളില്‍ 13 ശതമാനം പുകവലി മൂലമാണ്. മാത്രമല്ല, അത് ഗര്‍ഭം അലസല്‍, രക്തസ്രാവം, മാസം തികയാതെയുള്ള പ്രസവം,  തൂക്കക്കുറവും ബുദ്ധിമാന്ദ്യവുമുള്ള കുഞ്ഞുങ്ങള്‍ എന്നിവയ്ക്കും കാരണമാകുന്നു.  

അഞ്ചാംപനി, ചിക്കന്‍പോക്സ് തുടങ്ങിയ അസുഖങ്ങള്‍ക്ക് പ്രതിരോധിക്കാനുള്ള ശേഷിയില്ലെങ്കില്‍ കുത്തിവയ്പ്പെടുത്തിട്ട് മൂന്നു മാസം കഴിഞ്ഞിട്ട് ഗര്‍ഭിണിയാകുന്നതാണ് ഉത്തമം. ഗര്‍ഭിണികള്‍ക്ക് അഞ്ചാംപനി പിടിപെട്ടാല്‍ ഗുരുതരമായ അംഗവൈകല്യങ്ങള്‍ ഉണ്ടാകാം.
അമ്മയ്ക്ക് ആരോഗ്യകരമായ തൂക്കം ഉണ്ടായിരിക്കുന്നതാണ് നല്ലത്. തൂക്കം കൂടുതലുള്ളവരില്‍ തസമ്മര്‍ദ്ദം, പ്രമേഹം, തൂക്കക്കുറവുള്ള കുഞ്ഞുങ്ങള്‍, അംഗവൈകല്യമുള്ള കുട്ടികള്‍ എന്നിവ കൂടുതലായി കാണുന്നു. വ്യായാമമുറകളിലൂടെ തൂക്കം കുറയ്ക്കുക വഴി ധൈര്യസമേതം ഗര്‍ഭത്തെ അഭിമുഖീകരിക്കാന്‍ സാധിക്കുന്നു. മാത്രമല്ല, ഈ വ്യായാമമുറകള്‍ ഗര്‍ഭകാലത്തും തുടരുക വഴി അമ്മയ്ക്കും കുഞ്ഞിനും പല പ്രയോജനങ്ങളും കിട്ടുന്നു. പല്ലുവേദനയുള്ളവര്‍ ഡെന്റിസ്റ്റിനെ കണ്ടും ചികിത്സിക്കണം. അല്ലെങ്കില്‍ മാസം തികയാതെയുള്ള പ്രസവത്തിനും കാരണമാകും. 

മറ്റ് അസുഖമുള്ള സ്ത്രീകള്‍ക്ക് ഗൈനക്കോളജിസ്റ്റിനു പുറമെ അവര്‍ നിര്‍ദ്ദേശിക്കുന്ന സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരെ കൂടി കണ്ട് ഒരുമിച്ച് ചികിത്സ വേണ്ടിവരും. ഹൃദയത്തിന് അസുഖമുള്ളവര്‍, പ്രമേഹരോഗികള്‍, അപസ്മാരം, തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനക്ഷമതയില്ലാത്തവര്‍, ശ്വാസംമുട്ടുള്ളവര്‍ എന്നിവരെല്ലാം ഇതിനു ഉദാഹരണങ്ങളാണ്, പ്രത്യേകിച്ച് ഹൃദയവാല്‍വിനു ചികിത്സ തേടുന്നവര്‍. വാര്‍ഫാറിന്‍ എന്ന രക്തം പിടിക്കാതിരിക്കാന്‍ ഉപയോഗിക്കുന്ന മരുന്ന് മാറ്റിയിട്ട് മറുപിള്ള വഴി കുഞ്ഞിലേക്കു പ്രവേശിക്കാത്ത ഹെപാരിന്‍ എന്ന മരുന്ന് ഉപയോഗിക്കണം. മാത്രമല്ല, ഹൃദയത്തിന് അസുഖമുള്ളവര്‍ ഹൃദയപ്രവര്‍ത്തനം ശരിയാണെന്ന് ഡോക്ടര്‍ ഉപദേശിച്ചാല്‍ മാത്രം ഗര്‍ഭം ധരിക്കുക. അല്ലെങ്കില്‍ അതിനു പ്രതിവിധി എടുത്ത ശേഷം മതി ഗര്‍ഭധാരണം. എന്തെന്നാല്‍, ഗര്‍ഭിണികള്‍ക്ക് ഹൃദയമിടിപ്പ് കൂടും രക്തത്തിന്റെ അളവും കൂടും ഹൃദയത്തിന്റെ പമ്പിംഗും കൂടും. ഇത് ദോഷഫലങ്ങളുണ്ടാക്കും. ഭാഗ്യവശാല്‍ ഇന്നു ഗര്‍ഭധാരണം പാടില്ല എന്നു പറയുന്ന അസുഖങ്ങള്‍ വളരെ കുറവാണ്.
  
അപസ്മാരമുള്ള 90 ശതമാനം പേര്‍ക്കും പ്രശ്നങ്ങളൊന്നും കാണാറില്ല. എന്നാലും മരുന്ന് കഴിച്ച് ഫിറ്റ്സ് നിയന്ത്രണവിധേയമാക്കിയിട്ട് ഗര്‍ഭം ധരിക്കുക. കുഞ്ഞിന് വളരെ ദോഷം ചെയ്യാത്ത മരുന്നുകള്‍ ഉപയോഗിക്കുക. മാത്രമല്ല, ഈ മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍ ഫോളിക് ആസിഡ് എന്ന ഗുളിക  ഗര്‍ഭകാലത്തു മുഴുവന്‍ കഴിക്കണം. ഇതുവഴി തലച്ചോറിനുണ്ടാകുന്ന ചില അസുഖങ്ങള്‍ കുറയ്ക്കാന്‍ സാധിക്കും. 

പ്രമേഹമാണ് മറ്റൊരു പ്രധാന വില്ലന്‍. രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണ നിലയിലാക്കിയ ശേഷമേ ഗര്‍ഭം ധരിക്കാന്‍ പാടുള്ളൂ. അല്ലെങ്കില്‍ ഗര്‍ഭം അലസല്‍, അംഗവൈകല്യം, മാസം തികയുന്നതിനു മുമ്പ് പ്രസവിക്കുക, വെള്ളം നേരത്തെ പൊട്ടിപ്പോവുക, ഗര്‍ഭപാത്രത്തില്‍ വച്ചു തന്നെയുള്ള കുഞ്ഞിന്റെ മരണം തുടങ്ങിയ പ്രശ്നങ്ങളുണ്ടാവാം. ചിലപ്പോള്‍ വളരെ തൂക്കം കൂടിയ കുഞ്ഞായിരിക്കാം. ഇതുവഴി കുഞ്ഞിനു കോട്ടല്‍, മഞ്ഞപ്പിത്തം, ശ്വാസംമുട്ടല്‍ മുതലായവയും ഉണ്ടാകും. എന്നാല്‍, രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണഗതിയിലാക്കിയ ശേഷം മാത്രം ഗര്‍ഭം ധരിക്കുകയാണെങ്കില്‍ മുകളില്‍ പറഞ്ഞ പ്രശ്നങ്ങളൊന്നും ഉണ്ടാവില്ല. ഗര്‍ഭകാലത്തു മുഴുവന്‍ ഒരു എന്റോക്രൈനോളജിസ്റ്റിന്റെ സഹായത്തോടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണഗതിയിലാക്കേണ്ടതും വളരെ പ്രധാനമാണ്. ഇതിനു ചിലപ്പോള്‍ ഇന്‍സുലിന്‍ എടുക്കേണ്ടിവരും. 

ഗര്‍ഭകാലത്തിനു മുമ്പ് കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകള്‍ പ്രധാനമാണ്. മുഖക്കുരുവിനു കഴിക്കുന്ന റെറ്റിനോയ്ഡ്സ്, ടെട്രാസൈക്ളിന്‍, കൊളസ്ട്രോള്‍ നിയന്ത്രിക്കാനുള്ള സ്റ്റാറ്റിന്‍സ് ഇവയുടെ ഉപയോഗം നിറുത്തണം. അധിക പ്രഷറിനു കഴിക്കുന്ന എസിഇ ഇന്‍ഹിബിറ്റേഴ്സ് എന്ന മരുന്നിനു പകരം കുഞ്ഞിനു ദോഷം ചെയ്യാത്ത മരുന്നിലേക്കു മാറണം. 

എല്ലാം ശരിയായി നിങ്ങള്‍ ഗര്‍ഭം ധരിക്കാന്‍ തുടങ്ങുന്നതിന് ഒരു മാസം മുമ്പ് ഫോളിക് ആസിഡ് എന്ന ഗുളിക കഴിച്ചുതുടങ്ങണം. തലച്ചോറിലും സ്പൈനല്‍ കോഡിലും ഉണ്ടാകുന്ന ഒരു അസുഖം ഇതു കുറയ്ക്കും. 

പ്രശ്നങ്ങളുള്ള ഗര്‍ഭിണികള്‍ ആശുപത്രി തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കണം. ഗര്‍ഭിണിയായിരിക്കുമ്പോള്‍ ആവശ്യമായ സ്പെഷ്യലിസ്റ്റുകള്‍, സങ്കീര്‍ണ്ണ പ്രസവമെടുത്തു പരിചയമുള്ള ഗൈനക്കോളജിസ്റ്റുകള്‍, പ്രസവശേഷം കുഞ്ഞിന്റെ ഏതു പ്രശ്നവും പരിഹരിക്കാനുള്ള നിയോനാറ്റോളജിസ്റ്റ്, ജനിച്ച കുഞ്ഞിനെ പരിചരിക്കാനുള്ള ഐസിസിഐ സൌകര്യം ഇവയെല്ലാം ഉണ്ടായിരിക്കണം. 

ധൈര്യപൂര്‍വ്വം ഗര്‍ഭിണിയാവുക. 

(തിരുവനന്തപുരം കിംസ് ആശുപത്രിയിലെ സീനിയര്‍ കണ്‍സള്‍ട്ടന്റാണ് ലേഖിക.)

ആയുര്‍വേദം ജീവിതശാസ്ത്രം

ഡോ. കെ മുരളീധരന്‍


ജീവശാസ്ത്രത്തിന്റെ പരിധികള്‍ക്കപ്പുറത്തേക്ക് വ്യാപരിക്കുന്നു ജീവിതശാസ്ത്രം. ആയുര്‍വേദം ഒരു ജീവിതശാസ്ത്രമാകുന്നു. ജീവിതത്തിന്റെ എല്ലാ സ്പന്ദനങ്ങളെയും അതിന്റെ പൂര്‍ണനിറവോടെയും സൌന്ദര്യത്തോടെയും ആയുര്‍വേദം ഉള്‍ക്കൊള്ളുന്നു. ആയുര്‍വേദത്തിന് വൈദ്യരംഗത്ത് സ്വന്തമായൊരിടം ലഭിക്കാനുള്ള കാരണവും ഇതുതന്നെ.
ഘടനാപരമായി പ്രപഞ്ചവും മനുഷ്യനും ഒരേ ചേരുവകളാല്‍ നിര്‍മിക്കപ്പെട്ടിരിക്കുന്നു എന്നുള്ള തിരിച്ചറിവില്‍നിന്നാണ് ചികിത്സാശാസ്ത്രത്തിന്റെ ആദ്യസൂക്തം ഉരുത്തിരിയുന്നത്. മണ്ണും വെള്ളവും തീയും കാറ്റും ആകാശക്കീറുകളും മനുഷ്യന്റെ ഉള്‍പ്രപഞ്ചത്തിലും സാന്നിധ്യംകൊള്ളുകയും ജീവന്റെ നിലനില്‍പ്പിനായുള്ള ഭൂമിക സൃഷ്ടിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഈ പ്രക്രിയയാകട്ടെ പ്രപഞ്ചതാളവുമായി അവിച്ഛിന്നമായ ബന്ധവും പൊരുത്തവും നിലനിര്‍ത്തുകയും ചെയ്യുന്നുണ്ട്. ഈ ഏകാത്മകത നിലനില്‍ക്കുമ്പോഴാണ് ആരോഗ്യം പുഷ്കലമാകുന്നത്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള നാഭീനാളബന്ധം എക്കാലവും പ്രത്യുല്‍പ്പന്നമതികളുടെ ചിന്താധാരയ്ക്ക് വിഷയമായിട്ടുണ്ട്. അതിജീവനത്തിന്റെയും ഉപജീവനത്തിന്റെയും ജൈവസാങ്കേതികവിദ്യ അവര്‍ മനസ്സിലാക്കിയത് ധ്യാനപൂര്‍ണമായ മനനങ്ങളിലൂടെയാണ്. ഇത്തരം അടിസ്ഥാനസമീപനങ്ങളെ ഹൃദിസ്ഥമാക്കുന്ന ഒരു വൈദ്യന്റെ ചികിത്സയുടെ വഴികള്‍ ഋജുസ്വഭാവമുള്ളവയാകുന്നു. അതിന് സാരള്യവും ലാളിത്യവും സ്വാഭാവികമായും കൈവരുന്നു.
 
ഒരു അനുഭവം 
ഏതാണ്ട് പത്തുവര്‍ഷം മുമ്പാണ്. ഗൌരവമേറിയ ഒരു ആയുര്‍വേദ വിഷയത്തെക്കുറിച്ചുള്ള പ്രബന്ധരചനയില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു ഈ ലേഖകനും സഹപ്രവര്‍ത്തക ഡോ. റീനയും. ഒരുഘട്ടത്തില്‍ സംശയനിവൃത്തിക്കായി ഞങ്ങള്‍ വിവിധ ഗുരുസന്നിധാനങ്ങള്‍ സന്ദര്‍ശിക്കുകയുണ്ടായി. അങ്ങിനെയാണ് യശഃശരീരനായ വൈദ്യഭൂഷണം രാഘവന്‍ തിരുമുല്‍പ്പാടിന്റെ വീട്ടിലെത്തുന്നത്. വര്‍ത്തമാനകാലത്ത് അത്യപൂര്‍വങ്ങളില്‍ അത്യപൂര്‍വമായ ഒരു കാഴ്ചയിലേക്കാണ് ഞങ്ങള്‍ പ്രവേശിച്ചത്.
ഭക്തിപൂര്‍വം ഗുരുവിനെ ശുശ്രൂഷിച്ച് നിലത്ത് പടിഞ്ഞിരിക്കുന്ന വിദ്യാര്‍ഥികള്‍.
അവര്‍ക്ക് വൈദ്യാക്ഷരങ്ങളുടെ അര്‍ഥവും പൊരുളും ഓതിക്കൊടുക്കുന്ന സ്നേഹോദാരനായ ഗുരു. ഞങ്ങളും അവിടെയുള്ള ചെറിയ സദസ്സിന്റെ ഭാഗമായി ഇരുന്നു. ഒരു പുണ്യതീര്‍ഥക്കരയിലിരിക്കുന്ന നിര്‍വൃതിയായിരുന്നു അപ്പോള്‍ അനുഭവപ്പെട്ടത്. മിതത്വംകൊണ്ട് സമ്പന്നമായ വാക്കുകളാല്‍ സൃഷ്ടിച്ചുകൊണ്ടിരുന്ന അറിവിന്റെ വലിയ വിതാനങ്ങള്‍ വിസ്മയപ്പെടുത്തുന്നതായിരുന്നു.
'മേഘങ്ങളില്‍ ഒളിഞ്ഞുകിടക്കുന്ന മഴയെ കാണിച്ചുതരുന്നവന്‍ ഗുരു'– മനസ്സില്‍ കുറിച്ചിട്ടു. ഞങ്ങളുടെ ഊഴം വന്നപ്പോള്‍ ആദരപൂര്‍വം പറഞ്ഞു–
'താരതമ്യേന അദൃശ്യവും അസ്പൃശ്യവുമായ ആയുര്‍വേദസിദ്ധാന്തങ്ങളുടെ പ്രായോഗികതലം മനസ്സിലാക്കാന്‍ ഞങ്ങള്‍ ക്ളേശിക്കുന്നു.' ഒരു ചെറുചിരിയോടെയാണ് അദ്ദേഹം പ്രതികരിച്ചത്. 'നമുക്ക് അഷ്ടാംഗഹൃദയത്തിലെ ഉദാവര്‍ത്തത്തെക്കുറിച്ചുള്ള വിവരണം ഒന്നു വായിച്ചുനോക്കാം.' കുട്ടികളിലൊരാള്‍ ഗ്രന്ഥഭാഗം വായിച്ചുതുടങ്ങി. ചാരുകസേരയില്‍ അദ്ദേഹം കണ്ണടച്ചു കിടക്കുകയായിരുന്നു. ഞങ്ങള്‍ കാതുകൂര്‍പ്പിച്ചിരുന്നു.  വായന നിന്നപ്പോള്‍ അര്‍ധനിമീലിതനായിരുന്ന അദ്ദേഹം മൃദുവായ ശബ്ദത്തില്‍ സംസാരിച്ചുതുടങ്ങി– 'ആയുര്‍വേദത്തിന്റെ വഴികള്‍ സരളവും ലളിതവുമാണ്. നിങ്ങളുടെ ചിന്തകളിലും ഈ ആര്‍ജവമുണ്ടായാല്‍ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാകും. ഉദാവര്‍ത്തത്തെ ഉദാഹരണമാക്കി ചിന്തിക്കാന്‍തുടങ്ങുക. സംശയം വരുന്നിടത്ത് നമുക്ക് ചര്‍ച്ചചെയ്യാം.' 

ഉദാവര്‍ത്തം

ഉദാവര്‍ത്തം എന്നുള്ളതിന് ഒരു നാടന്‍ഭാഷ പറയണമെങ്കില്‍ 'വായുകോപം' എന്നാകാം. ഇതിന് ഒട്ടേറെ അന്തരാര്‍ഥങ്ങളുണ്ട് എന്നുള്ളത് ശരി. പുറത്തുകാണുന്ന കാറ്റുപോലെ സ്വയം ചലിക്കുകയും ചലിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന ഊര്‍ജമാകുന്നു വായു. വായുവിനെ പിടിച്ചുകെട്ടാതിരിക്കുക. അഥവാ വായു ബന്ധനസ്ഥനാകുന്ന ഒരു സാഹചര്യം ഉണ്ടാക്കാതിരിക്കുക; അതിന്റെ സ്വതന്ത്രഗതി ഉറപ്പുവരുത്തുക. ഇതൊരു പ്രകൃതിപാഠമാകുന്നു.
ഉദാവര്‍ത്തംമൂലം ഉണ്ടാകുന്ന രോഗങ്ങളുടെ ഒരു നീണ്ട പട്ടികതന്നെയുണ്ട്. മലബന്ധം, മൂത്രതടസ്സം, വയറിലും നാഭിയിലും പാര്‍ശ്വഭാഗങ്ങളിലും ഉള്ള വേദന, വയറുവീര്‍പ്പ്, നെഞ്ചുരുക്കം, ഛര്‍ദി, അരുചി, പനി, ജലദോഷം, തലവേദന, ശ്വാസംമുട്ടല്‍, അജീര്‍ണം  ഇങ്ങിനെ ഒരുവക. പിന്നെ കുറച്ചുകൂടി ഗൌരവമായ ഹൃദ്രോഗം, രക്തധമനികളുടെ വീക്കം, രക്തസ്രാവം, വയറിനുള്ളിലെ മുഴകള്‍, കരള്‍, പ്ളീഹ മുതലായ അവയവങ്ങളുടെ പ്രവര്‍ത്തനഹാനി ഇങ്ങിനെ ദീര്‍ഘകാലാനുബന്ധമുള്ള രോഗങ്ങള്‍. ഇതിനെല്ലാം പുറമെ മാനസികമായ അസ്വസ്ഥതകളും.
ഒന്നുകൂടി വ്യക്തമാക്കാം– ബന്ധനസ്ഥനാകുന്ന വായു ശരീരകോശങ്ങളെയും അവയവങ്ങളെയും സദാ പീഡിപ്പിച്ചുകൊണ്ടിരിക്കും. ചെറിയചെറിയ ശാരീരികാസ്വാസ്ഥ്യങ്ങളില്‍ തുടങ്ങുന്ന ഇത് കാലംകൊണ്ട് മഹാരോഗങ്ങളായി പരിണമിക്കുന്നു– ഉദാവര്‍ത്തത്തിലേക്കു നയിക്കുന്ന ഘടകങ്ങള്‍ എന്തൊക്കെയാണ്?
ദ്രവാംശം വളരെ കുറവുള്ളതും മലബന്ധത്തെ ഉണ്ടാക്കുന്നതുമായ ആഹാരങ്ങളുടെ ഉപയോഗമാണ് ഉദാവര്‍ത്തത്തിന്റെ മുഖ്യകാരണം. (ബിസ്കറ്റ്, ചിപ്സ്, ഐസ്ക്രീം, പൊറോട്ട, മൈദകൊണ്ടുണ്ടാക്കുന്ന പലഹാരങ്ങള്‍, വറുത്തതും പൊരിച്ചതുമായ മാംസാഹാരം മുതലായവ). ഇതിനുപുറമെ മലം, മൂത്രം, അധോവായു മുതലായവ തടയുന്നതും മുക്കി പ്രവര്‍ത്തിപ്പിക്കുന്നതും രാത്രി ഉറക്കമൊഴിയുന്നതും ഉച്ചത്തില്‍ സംസാരിക്കുന്നതും, ഭയവും ദുഃഖവും അമിതമായ ചിന്തയും വഴിവിട്ടുള്ള മൈഥുനവും തുടങ്ങി വാതകോപം ഉണ്ടാക്കുന്ന എല്ലാ കാരണങ്ങളും ഉദാവര്‍ത്തത്തിന്റെ നിദാനമാണ്.
ആനുഷംഗികമായി ഒരുകാര്യംകൂടി ഇവിടെ ധ്വനിപ്പിക്കേണ്ടതുണ്ട്– വായുകോപംകൊണ്ട് വയറ്റിലുണ്ടാകുന്ന അമൂര്‍ത്തങ്ങളും മൂര്‍ത്തങ്ങളുമായ മുഴകള്‍ (ഗുന്മം എന്ന് സാങ്കേതിക സംജ്ഞ) കാലക്രമത്തില്‍ അര്‍ബുദങ്ങളായി മാറിയേക്കാം. അഥവാ, ഗുന്മം അര്‍ബുദത്തിന്റെ മുന്നോടിയാകാമെന്നും വ്യാഖ്യാനിക്കാം. രക്തധമനികളുടെ വീക്കമായാലും കരളിന്റെ കട്ടിപ്പായാലും അടിത്തട്ടില്‍ ഒരുപരിധിവരെ ഈ പ്രതിഭാസംതന്നെയാണ് നടക്കുന്നത്.
അധികം വിസ്തരിക്കുന്നില്ല. ഒരു പുതിയകാല വിശേഷംകൂടി പറയാം. അര്‍ബുദത്തിന്റെ കാര്യത്തില്‍ മൈദയും പൊറോട്ടയും പ്രതിക്കൂട്ടിലാണ്. നമുക്കറിയാം ഇവ ഒരുദിവസംകൊണ്ട് അര്‍ബുദമുണ്ടാക്കുന്നില്ല എന്ന്. ചെറിയചെറിയ ഉദാവര്‍ത്തങ്ങളുണ്ടാക്കി ഗുന്മങ്ങളെ സൃഷ്ടിച്ച് കാലക്രമത്തില്‍ ജൈവകോശങ്ങളുടെ എണ്ണവും പെരുപ്പത്തിന്റെ തോതും വര്‍ധിപ്പിക്കാനുള്ള സാഹചര്യമുണ്ടാക്കുകയാണ് പൊറോട്ടപോലെയുള്ള ആഹാരങ്ങള്‍ ചെയ്യുന്നത്. ആയുര്‍വേദസിദ്ധാന്തം അനുസരിച്ച് കോശങ്ങളുടെ സംയോജനവും വിഭജനവും നടത്തുന്ന പ്രേരകശക്തി വായുവാണ്.
അര്‍ബുദരോഗികളുടെ എണ്ണം വര്‍ധിക്കുന്നതില്‍ വേവലാതിപ്പെടുമ്പോള്‍ ഇത്തരം ചെറിയ 'വലിയ' കാര്യങ്ങള്‍കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. അര്‍ബുദരോഗികളാകാന്‍ സാധ്യതയുള്ളവരുടെ പട്ടികയില്‍ സ്മരിക്കപ്പെടുകപോലും ചെയ്യാത്തവര്‍ ഒരു (ദുര്‍) പ്രഭാതത്തില്‍ അര്‍ബുദരോഗികളാണെന്നറിയുമ്പോള്‍ ആധുനിക നിഗമനങ്ങള്‍ അപൂര്‍ണമാണെന്ന് നാം വേദനയോടെ അറിയുന്നു. അര്‍ബുദം ഒരു ഉദാഹരണം മാത്രമായി ചൂണ്ടിക്കാണിക്കുകയാണ്.

രോഗികളാകാന്‍ കാത്തുനില്‍ക്കല്ലേ
ചുറ്റും നോക്കുമ്പോള്‍ രോഗികളാകാന്‍ കാത്തുനില്‍ക്കുകയാണ് എല്ലാവരും എന്നു തോന്നിപ്പോകുന്ന അവസ്ഥയില്ലേ? എന്താണ് പരിഹാരം?”സാധാരണനിലയ്ക്ക് രോഗം വരുമ്പോഴാണ് ആരോഗ്യത്തെക്കുറിച്ചുള്ള ചിന്ത സജീവമാകുന്നത്. ആയുര്‍വേദം ഇത് തിരുത്തുന്നു. 'ശരീരചിന്ത' നിത്യവും ഉണ്ടാകണം. പോരാ, ഇതിനാകണം മുന്‍ഗണന. നിത്യം ഒരു ആത്മപരിശോധന നടത്തണമെന്നു സാരം. ആരോഗ്യം ഭദ്രമാണെന്ന് ഉറപ്പുവരുത്തിയശേഷമേ ജീവിതത്തിലെ ഓരോ ദിനവും തുടങ്ങാവൂ. ആരോഗ്യകാര്യത്തില്‍ സ്വയം നടത്തുന്ന വിമര്‍ശംതന്നെയാണിത്. ഒരു സ്വയംകരുതല്‍ ആവശ്യമാണ് എന്നര്‍ഥം. ഉടമസ്ഥന്റെ കണ്ണാണ് വിളയ്ക്ക് ഏറ്റവും വലിയ വളം എന്ന പഴമൊഴി ഓര്‍ക്കുക. ഔഷധാശ്രിതമായ ഒരു ചികിത്സാസംസ്കാരം വളര്‍ന്നുവരുന്ന ആധുനിക പരിപ്രേക്ഷ്യത്തില്‍ ആയുര്‍വേദത്തിനു നല്‍കാവുന്ന ഒരു സമാന്തര നിര്‍ദേശം ഇതാകാം; കാരണം ആത്യന്തികമായി ആയുര്‍വേദം ഒരു ജീവിതശാസ്ത്രമാണല്ലോ.

ആസ്‌ത്‌മ നിയന്ത്രിക്കാം

ഡോ. പ്രിയ ദേവദത്ത്
ശ്വാസകോശങ്ങളെ ബാധിക്കുന്ന രോഗമാണ് ആസ്‌ത്‌മ. കിതപ്പ് എന്ന് അര്‍ഥംവരുന്ന ഗ്രീക് വാക്കായ 'പാനോസി'ല്‍നിന്നാണ് ആസ്‌ത്‌മ എന്ന പദത്തിന്റെ ഉത്ഭവം. ശ്വാസനാളികള്‍ ചുരുങ്ങി ശ്വാസതടസ്സം അനുഭവപ്പെടുന്ന അവസ്ഥയാണ് ആസ്ത്മ എന്നു പറയാം. ശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടാകുന്നു എന്നതാണ് ആസ്ത്മയുടെ അടിസ്ഥാനപ്രശ്നം. ആയുര്‍വേദത്തില്‍ 'ശ്വാസരോഗം' എന്നാണ് ആസ്ത്മ അറിയപ്പെടുക. സ്ത്രീപരുഷ ഭേദമന്യേ ഏതുപ്രായത്തിലും ആസ്ത്മ വരാം. 

ആസ്‌ത്‌മ ഉണ്ടാകുന്നതെങ്ങിനെ?
ആസ്‌ത്‌മയ്ക്ക് വഴിയൊരുക്കുന്ന അലര്‍ജിഘടകങ്ങള്‍ നിരവധിയാണ്. വീടിനകത്തും തൊഴിലിടങ്ങളിലും ചുറ്റുപാടുകളിലുമെല്ലാം ഇത്തരം അലര്‍ജിഘടകങ്ങള്‍ ധാരാളമുണ്ട്. ശ്വാസകോശങ്ങളെ അലര്‍ജി ബാധിക്കുന്നതോടെ ആസ്ത്മ ഉണ്ടാകുന്നു. ഒരാളില്‍ത്തന്നെ ഒന്നിലധികം അലര്‍ജിഘടകങ്ങള്‍ ആസ്ത്മയ്ക്ക് ഇടയാക്കാറുണ്ട്. 
അലര്‍ജി ഉണ്ടാക്കുന്ന വസ്തുക്കള്‍ ശരീരത്തില്‍ പ്രവേശിക്കുമ്പോള്‍ ചില രാസവസ്തുക്കള്‍ ശരീരത്തില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നു. ഇവ ശ്വാസനാളങ്ങള്‍ ചുരുങ്ങി ശ്വാസംമുട്ടല്‍ ഉണ്ടാകാന്‍ ഇടയാക്കുന്നു. പാരമ്പര്യമായും ചിലരില്‍ ആസ്ത്മ ഉണ്ടാകാം. 

പ്രേരണാഘടകങ്ങള്‍
പൊടിയില്‍ ജീവിക്കുന്ന പൊടിച്ചെള്ളുകളാണ് ആസ്ത്മയ്ക്കു പിന്നിലെ പ്രധാന വില്ലന്‍. കര്‍ട്ടനുകള്‍, കിടക്കവിരികള്‍, തലയണ ഉറകള്‍ ഇവയിലെ പൊടികള്‍ ആസ്ത്മയ്ക്ക് വഴിയൊരുക്കുന്ന പ്രധാന ഘടകമാണ്. കൂടാതെ പുസ്തകങ്ങള്‍, കാര്‍പെറ്റുകള്‍, തുണികള്‍ ഇവയിലെ പൊടികളും ആസ്ത്മയ്ക്ക് ഇടയാക്കും. 
സിഗരറ്റ് പുക, വാഹനങ്ങളില്‍നിന്നുള്ള പുക, അടുപ്പില്‍നിന്നുള്ള പുക, ഇവ ആസ്ത്മാ ലക്ഷണങ്ങള്‍ക്ക് കാരണമാകാറുണ്ട്്. വളര്‍ത്തുമൃഗങ്ങള്‍, പക്ഷികള്‍ ഇവയുടെ രോമങ്ങള്‍, ചിറകുകള്‍, ഉമിനീര്‍, ചര്‍മപാളികള്‍, മൂത്രം എന്നിവ ആസ്ത്മയ്ക്ക് ഇടയാക്കാറുണ്ട്. 
പ്രിന്റിങ്, പെയിന്റിങ്, കീടനാശിനി, പ്ളാസ്റ്റിക് വ്യവസായം, ക്വാറികള്‍, കയര്‍മേഖല ഇവയുമായി ബന്ധപ്പെട്ട് തൊഴില്‍ചെയ്യുന്നവര്‍ക്കും ആസ്ത്മയ്ക്ക് സാധ്യത കൂടുതലാണ്. ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ സ്ത്രീകളില്‍ ആസ്ത്മയുണ്ടാകാന്‍ ഇടയാക്കാറുണ്ട്. ഗര്‍ഭധാരണവേളകള്‍, ആര്‍ത്തവത്തിനുമുമ്പ്, ആര്‍ത്തവവിരാമം തുടങ്ങിയ ഘട്ടങ്ങളില്‍ ചിലരില്‍ ആസ്ത്മ ഉണ്ടാകാറുണ്ട്. മാനസിക പിരിമുറുക്കം, ജലദോഷം, വൈറസ്ബാധ ഇവയും ആസ്ത്മയ്ക്ക് ഇടയാക്കും. ചിലയിനം ഭക്ഷണങ്ങളും ആസ്ത്മയ്ക്ക് ഇടവരുത്താറുണ്ട്. പൂമ്പൊടി, കൊതുകുതിരി, കാലാവസ്ഥയിലെ മാറ്റങ്ങള്‍, കാറ്റുള്ള ദിവസങ്ങള്‍ ഇവയൊക്കെ ആസ്ത്മയെ ഉദ്ദീപിപ്പിക്കുന്ന ഘടകങ്ങളായതിനാല്‍ പ്രത്യേക ശ്രദ്ധ വേണം. 

ശ്വസനം  ആയാകരമാകുന്നത് എങ്ങിനെ?
സാധാരണഗതിയില്‍ ശ്വാസനാളികളിലെ അയഞ്ഞപേശികളും നേര്‍ത്ത കലകളും വായുസഞ്ചാരത്തെ സുഗമമാക്കും. ആസ്ത്മയുള്ളവരില്‍ പലതരത്തില്‍ വായുസഞ്ചാരത്തിന് തടസ്സങ്ങള്‍ വരാറുണ്ട്. അലര്‍ജിഘടകങ്ങളോട് ശരീരത്തിന്റെ അമിത പ്രതികരണംമൂലം ശ്വാസനാളിയുടെ ഭിത്തികള്‍ മുറുകി ചുരുങ്ങുന്നത് വായുവിന് കടന്നുപോകാന്‍ വേണ്ടത്ര സ്ഥലം ഇല്ലാതാക്കുന്നു. കൂടാതെ ശ്വാസനാളങ്ങള്‍ക്കകത്തുള്ള ശ്ളേഷ്മപാളികള്‍ക്ക് നീര്‍ക്കെട്ടുണ്ടാകുന്നതും വായുസഞ്ചാരം കുറയ്ക്കുന്നു. നീരുകെട്ടിയ ശ്വാസനാളികളില്‍നിന്ന് കഫം ധാരാളം ഉല്‍പ്പാദിപ്പിക്കുന്നതും വായുസഞ്ചാരം തടസ്സപ്പെടുത്തും. ഇതിനുപുറമെ ശ്വാസനാളികളെ ചുറ്റിപ്പിണഞ്ഞു കിടക്കുന്ന പേശീസഞ്ചയങ്ങള്‍ ആസ്ത്മാരോഗിയില്‍ പെട്ടെന്ന് സങ്കോചിക്കുന്നത് ശ്വാസനാളങ്ങള്‍ വലിഞ്ഞുമുറുകി അവയുടെ വ്യാസത്തെ കുറച്ച് ശ്വസനത്തെ ആയാസകരമാക്കുന്നു.

ലക്ഷണങ്ങള്‍
ശ്വാസതടസ്സം ഇടയ്ക്കിടെ ഉണ്ടാവുക, ചുരുങ്ങിയ ശ്വാസനാളത്തില്‍ക്കൂടി വായു കടക്കുമ്പോഴുണ്ടാകുന്ന കുറുങ്ങല്‍, ഇടവിട്ട് നീണ്ടുനില്‍ക്കുന്ന ചുമ.
കൂടെക്കൂടെ കഫക്കെട്ട്, നെഞ്ചില്‍ വലിഞ്ഞുമുറുക്കം, രാത്രിയില്‍ ചുമ കാരണം ഉറക്കത്തിന് തടസ്സം നേരിടുക, വ്യായാമസമയത്തുണ്ടാകുന്ന ശ്വാസതടസ്സം, ചുമ, ശ്വാസം പുറത്തേക്കു വിടുമ്പോള്‍ ചൂളമടിക്കുന്നപോലെയുള്ള ശബ്ദം, കൂടെക്കൂടെ ജലദോഷവും ചുമയും, അധ്വാനിക്കുമ്പോള്‍ കിതപ്പ്. 
രക്തബന്ധമുള്ളവര്‍ക്ക് ആസ്ത്മയോ, അലര്‍ജിയോ അതുമൂലമുള്ള രോഗങ്ങളോ വന്നിട്ടുണ്ടെങ്കിലും രോഗലക്ഷണങ്ങളെ പ്രത്യേക പരിഗണനയോടെ കാണണം. 

കുട്ടികളും ആസ്‌ത്‌മയും
കുട്ടികളില്‍ ഏറിവരുന്ന ആസ്ത്മയുടെ കാരണങ്ങള്‍ പലതാണ്. അന്തരീക്ഷ മലിനീകരണം, കുപ്പിപ്പാലിന്റെയും ടിന്‍ഫുഡിന്റെയും അമിതോപയോഗംപോലെയുള്ള ആഹാരരീതിയില്‍ വന്ന  മാറ്റങ്ങള്‍, വേണ്ടത്ര മുലപ്പാല്‍ നല്‍കാതിരിക്കുക ഇവ കുട്ടികളില്‍ പ്രധാനമായും ആസ്ത്മയ്ക്ക് ഇടയാക്കാറുണ്ട്. ആറുമാസത്തിനു മേല്‍ പ്രായമുള്ള കുഞ്ഞുങ്ങളില്‍മുതല്‍ ആസ്ത്മ കണ്ടുവരുന്നു. വീടിനുപുറത്ത് നന്നായി കളിച്ചുവളരാത്ത കുട്ടികളിലും ആസ്ത്മയ്ക്കുള്ള സാധ്യത കൂടുതലാണ്. നേരം പുലരാറാകുമ്പോഴുള്ള ചുമ, അര്‍ധരാത്രിയില്‍ തുടരെയുള്ള ചുമ, ശ്വാസംമുട്ടല്‍മൂലം സംസാരിക്കാന്‍ കഴിയാതിരിക്കുക, ശ്വാസംമുട്ടല്‍മൂലം കൈകള്‍ വശത്തു കുത്തി എഴുന്നേറ്റിരിക്കുക തുടങ്ങിയവയാണ് ആസ്ത്മയുള്ള കുട്ടികളുടെ പ്രധാന ലക്ഷണങ്ങള്‍. 
കൃത്യമായി ഔഷധങ്ങള്‍ കഴിക്കുന്നതോടൊപ്പം മാതാപിതാക്കളുടെ ക്രിയാത്മകമായ സമീപനവും കുട്ടികളുടെ ആസ്ത്മാ നിയന്ത്രണത്തില്‍ അനിവാര്യമാണ്. രോമങ്ങള്‍കൊണ്ടുള്ള കളിപ്പാട്ടങ്ങള്‍, കമ്പിളികള്‍, പഴയ സാധനങ്ങള്‍ ഇവ ഒഴിവാക്കണം. ആസ്ത്മാബാധിതരായ കുട്ടികള്‍ക്ക് അമിതനിയന്ത്രണമോ ലാളനയോ പാടില്ല. ക്ളാസ് ടീച്ചറോട് ആസ്ത്മാരോഗമുള്ള കാര്യം രക്ഷിതാക്കള്‍ തുറന്നുപറയണം. കളിക്കിടയില്‍ ആസ്ത്മാ കൂടുന്നുവെങ്കില്‍ അതിനുള്ള മരുന്നും സ്കൂളില്‍ കൊടുത്തുവിടേണ്ടതാണ്. 

ഗര്‍ഭകാലവും ആസ്‌ത്‌മയും
ആസ്ത്മയുള്ള സ്ത്രീകളില്‍ ഗര്‍ഭിണികളാകുമ്പോള്‍ ചിലരില്‍ രോഗം വര്‍ധിക്കാറുണ്ട്. മറ്റു ചിലരില്‍ രോഗാവസ്ഥ അതേപടി നിലനില്‍ക്കുന്നു. ഗര്‍ഭകാലത്ത് ആസ്ത്മാരോഗം കുറയുന്നവരുമുണ്ട്. ശ്വാസകോശത്തിനും അനുബന്ധ അവയവങ്ങള്‍ക്കും ഗര്‍ഭകാലത്ത് പലവിധ വ്യതിയാനങ്ങള്‍ സ്വാഭാവികമായും ഉണ്ടാകാറുണ്ട്. ഉള്ളില്‍ വളരുന്ന കുഞ്ഞിനു വേണ്ടിവരുന്ന അധിക ഓക്സിജനുവേണ്ടി ശ്വാസകോശങ്ങള്‍ ഗര്‍ഭകാലത്ത് കൂടുതല്‍ പ്രവര്‍ത്തിക്കാറുണ്ട്. 
ഗര്‍ഭിണിക്ക് സ്ഥിരമായി ആസ്ത്മ വന്നാല്‍ കുഞ്ഞിന്റെ വലുപ്പം കുറയാനും മാസംതികയാതെ പ്രസവിക്കാനും സാധ്യതയേറെയാണ്. അമ്മയ്ക്ക് ആസ്ത്മ ഗുരുതരമായാല്‍ ഗര്‍ഭസ്ഥശിശുവിന് ഓക്സിജന്‍ ആവശ്യത്തിന് ലഭിക്കാതെ വളര്‍ച്ചക്കുറവ്, ബുദ്ധിമാന്ദ്യം ഇവ ഉണ്ടാകാം. അതിനാല്‍ ആസ്ത്മയുള്ളവര്‍ ഗര്‍ഭകാലത്ത് ഡോക്ടറുടെ നിര്‍ദേശാനുസരണം മരുന്നുകഴിക്കേണ്ടത് അനിവാര്യമാണ്.

പുകവലിയും ആസ്‌ത്‌മയും
പരിസരമലിനീകരണം ഉണ്ടാക്കുന്നതില്‍ ഒന്നാമന്‍ പുകയിലപ്പുകയാണ്. ആസ്ത്മയുണ്ടാക്കുകയും വര്‍ധിപ്പിക്കുകയും ചെയ്യുന്ന പ്രധാന ഘടകങ്ങളിലൊന്ന് പുകയിലപ്പുകയാണ്. കൂടാതെ കുട്ടികളില്‍ ആസ്ത്മ തുടങ്ങുന്നതിനും ഇത് ഇടയാക്കാറുണ്ട്. കൌമാരത്തില്‍ പുകവലിക്കുന്നവരെ ആസ്ത്മ വിടാതെ പിടികൂടാറുണ്ട്. എരിയുന്ന സിഗരറ്റ്/ബീഡി ഇവയില്‍നിന്നു പരക്കുന്ന പുകയില്‍ അപകടഘടകങ്ങള്‍ ഏറെയാണ്. 
ഗര്‍ഭകാലത്ത് അമ്മ പുകവലിക്കുകയോ പരോക്ഷപുക ഏല്‍ക്കുകയോ ചെയ്യുന്നത് നവജാതശിശുവിന്റെ തൂക്കം കുറയ്ക്കും. കൂടാതെ കുഞ്ഞിന്റെ ശ്വാസനാളവ്യാപ്തിയും ശ്വാസകോശവളര്‍ച്ചയും കുറഞ്ഞിരിക്കും. കുട്ടിക്കാല ആസ്ത്മ ഇവരില്‍ കൂടുതലാകും. 
നിക്കോട്ടിന്‍, അമോണിയ, അക്രോലിന്‍, അസെറ്റാല്‍ഡിഹൈഡ്, ഹൈഡ്രോസയനിക് ആസിഡ് തുടങ്ങി പുകയിലപ്പുകയില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ ശ്വാസനാളത്തിന് തകരാറുണ്ടാക്കി ആസ്ത്മയ്ക്ക് ഇടയാക്കുന്നു. പരോക്ഷ പുകവലി ഏല്‍ക്കുന്ന ആസ്ത്മാരോഗികളില്‍ ലക്ഷണങ്ങള്‍ ശക്തമാകും. ആസ്ത്മയെ തടയാന്‍ പുകയിലയെ അകറ്റിനിര്‍ത്തിയേ മതിയാകൂ. 

പരിഹാരങ്ങള്‍ചികിത്സ
ആസ്ത്മയ്ക്ക് ഇടയാക്കുന്ന ബാഹ്യകാരണങ്ങള്‍ കണ്ടെത്തി അത് ഒഴിവാക്കുന്നത് ചികിത്സയുടെ ഭാഗമാണ്. ഔഷധത്തോടൊപ്പം ജീവിതശൈലി ക്രമീകരണം, ലഘുവ്യായാമം, ശ്വസനവ്യായാമം, വിശ്രമം ഇവയും അനിവാര്യമാണ്. ക്ഷീണം പരിഹരിച്ച് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിന് പഞ്ചകര്‍മചികിത്സകള്‍ ഫലപ്രദമാണ്. സ്നേഹപാനം, സ്വേദനം, വമനം, നസ്യം, വിരേചനം ഇവ നല്ല ഫലം തരും. 
ആസ്ത്മയ്ക്ക് ഔഷധക്കഞ്ഞി
1. പുഷ്കരമൂലവും അരിയും ചേര്‍ത്ത് കഞ്ഞിവച്ചു കുടിക്കുന്നത് ആസ്ത്മയുടെ തീവ്രത കുറയ്ക്കും.  2. മലര്‍, അരി, ഓരിലവേര്, ചുക്ക്, കൂവളത്തിന്‍ വേര്, അയമോദകം, ചതകുപ്പ, വെളുത്തുള്ളി ഇവ ചേര്‍ത്ത് കഞ്ഞിവച്ചുകഴിക്കുന്നത് ആസ്്ത്മയ്ക്ക് ആശ്വാസമേകും. കഞ്ഞി രാവിലെ കഴിക്കുന്നതാണ് ഗുണകരം. രാത്രി ഭക്ഷണത്തില്‍നിന്ന് കഞ്ഞി ഒഴിവാക്കാനും ആസ്ത്മരോഗി ശ്രദ്ധിക്കണം. 

ഭക്ഷണവും ആസ്‌ത്‌മയും
തണുത്ത ഭക്ഷണം, തുണത്ത വെള്ളം, തൈര്, പാല്‍, പുളിയുള്ള ഓറഞ്ച്, പഴം, പൈനാപ്പിള്‍, കക്ക, ചെമ്മീന്‍, നിറംചേര്‍ത്ത ഭക്ഷണങ്ങള്‍, വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ ഇവ ആസ്ത്മയ്ക്ക് ഇടയാക്കുമെന്നതിനാല്‍ ഒഴിവാക്കണം. മസാല ചേര്‍ത്ത ഭക്ഷണങ്ങള്‍, വിരുദ്ധാഹാരങ്ങള്‍ ഇവയും ഒഴിവാക്കണം. 
ആപ്പിള്‍, ഉള്ളി ഇവയിലടങ്ങിയിരിക്കുന്ന ക്വര്‍സെറ്റിന്‍ എന്ന  പ്രോട്ടീന്‍ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താറുണ്ട്. വെളുത്തുള്ളി, അലര്‍ജിക്ക് കാരണമാകുന്ന ഫ്രീറാഡിക്കിളുകളെ നിയന്ത്രിക്കും. കറികളില്‍ വെളുത്തുള്ളിക്കു പുറമെ ജീരകം, മഞ്ഞള്‍, കറിവേപ്പില, കുരുമുളക് ഇവ ധാരാളം ചേര്‍ക്കുന്നത് ആസ്ത്മാരോഗിക്ക് ഗുണകരമാണ്. കോവയ്ക്ക, പാവയ്ക്ക, പടവലങ്ങ, ചുരക്ക, വെള്ളരി, വഴുതന, ചുണ്ടയ്ക്ക തഴുതാമ ഇവ ഭക്ഷണത്തില്‍ പെടുത്താന്‍ ശ്രദ്ധിക്കണം. 

വ്യായാമവും ആസ്‌ത്‌മയും
ശരീരബലം, ശരീരത്തിലെ ജലാംശത്തിന്റെ തോത്, അന്തരീക്ഷത്തിലെ ജലാംശം, തണുപ്പ് എന്നീ ഘടകങ്ങളെ കണക്കിലെടുത്താണ് ആസ്ത്മാരോഗിക്ക് ഡോക്ടര്‍മാര്‍ വ്യായാമം നിര്‍ദേശിക്കുക. ആസ്ത്മാനിയന്ത്രണത്തിനുള്ള വ്യായാമങ്ങള്‍ 5–10 മിനിറ്റ്വീതം ദിവസവും മൂന്നുനേരം മതിയാകും. കിതപ്പ് ഒഴിവാക്കാന്‍ വളരെ പതുക്കെ മാത്രമേ എയ്റോബിക് വ്യായാമങ്ങള്‍ ആസ്ത്മാരോഗി തുടങ്ങാവൂ. മെല്ലെയുള്ള നടത്തം ഗുണകരമാണ്്. ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന, ആഴംകുറഞ്ഞ മെല്ലെയുള്ള ശ്വസനവ്യായാമമാണ് ആസ്തമാരോഗിക്ക് ഗുണംചെയ്യുക.
(മാന്നാറില്‍ കോട്ടയ്ക്കല്‍ ആര്യവൈെദ്യശാലയില്‍ ഡോക്ടറാണ് ലേഖിക)

നമ്മുടെ ആരോഗ്യത്തെകുറിച്ച ഓൺലൈൻ സോഷ്യൽ മീഡിയ തരുന്ന അറിവും അറിവുകേടും ?

വലയില്‍ കുരുങ്ങുന്ന ആരോഗ്യകേരളം
പത്രങ്ങളുടെയും മറ്റ് മാദ്ധ്യമങ്ങളുടെയും ഓണ്‍ ലൈന്‍ പോര്‍ട്ടലുകളിലെ ആരോഗ്യവിഭാഗം , ഫേസ്ബുക്കില്‍ പ്രവര്‍ത്തിക്കുന്ന പേജുകള്‍, വ്യക്തികള്‍ എന്നിങ്ങനെ ആരോഗ്യം എന്ന വിഷയം കൈകാര്യം ചെയ്യുന്നവരുടെ ലിസ്റ്റ് നീളുന്നു. പക്ഷേ ഇവയുടെ ആധികാരികതയും കൈകാര്യം ചെയ്യുന്ന വിഷയങ്ങളും പലപ്പോ‍ഴും ഗുണത്തെക്കാള്‍ ദോഷം ചെയ്യുകയാണ്-‌
ഡോ. നെല്‍സണ്‍ ജോസഫ് എഴുതുന്നു
ആരോഗ്യപരിപാലനത്തിലും രോഗീപരിചരണത്തിലും കൃത്യമായ , നേരത്തെയുള്ള രോഗനിര്‍ണയത്തോടും മരുന്നുകളോടും ഒപ്പം തന്നെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് ഹെല്‍ത്ത് എഡ്യുക്കേഷന്‍ അല്ലെങ്കില്‍ ആരോഗ്യത്തെക്കുറിച്ചുള്ള വിദ്യാഭ്യാസം. രോഗം വരാതിരിക്കാനും ഇനി അഥവാ വന്നുകഴിഞ്ഞാല്‍ ചെയ്യേണ്ടവയെക്കുറിച്ചും ഒരു അവബോധം ഉണ്ടായിരിക്കേത് ആരോഗ്യവാന്മാരും ആരോഗ്യവതികളുമായി ജീവിക്കാന്‍ നമ്മെ പ്രാപ്തരാക്കുന്നു. സോഷ്യല്‍ മീഡീയയും ഓണ്‍ ലൈന്‍ മാദ്ധ്യമങ്ങളും വാട്ട്സാപ് പോലെയുള്ള മെസ്സേജിങ്ങ് സൌകര്യങ്ങളും മുന്‍പെങ്ങുമില്ലാത്ത രീതിയില്‍ അറിവിന്റെ ഒരു ഖനി തന്നെ നമുക്കുമുന്നില്‍ തുറന്നിടുന്നുണ്ട്. വിവരങ്ങള്‍ നൊടിയിടയില്‍ അനേകരിലെത്തുന്നതിന്റെ അനന്തസാദ്ധ്യതകള്‍ നമ്മുടെ മുതിര്‍ന്ന രാഷ്ട്രീയപ്രവര്‍ത്തകര്‍ പോലും തിരിച്ചറിഞ്ഞുകഴിഞ്ഞു. പക്ഷേ ഈ അടുത്തയിടെ നടന്ന സംഭവങ്ങള്‍ ആരോഗ്യവിദ്യാഭ്യാസത്തെക്കാള്‍ അനാരോഗ്യവിദ്യാഭ്യാസമാണ് പ്രചരിക്കുന്നതെന്ന സൂചനകളാണ് നല്‍കുന്നതെന്ന് തോന്നുവാന്‍ ഇടയാക്കി. അതെക്കുറിച്ച് കുറച്ച് ചിന്തകള്‍ പങ്കുവയ്ക്കുകയാണ്. 
ഒരു കുഞ്ഞ്;പിന്നെ കുറേ ചിന്തകളും
താണ്ട് ഒരു വര്‍ഷം മുന്‍പാണ്, കഴിഞ്ഞ ഒക്ടോബര്‍നവംബര്‍ കാലത്താണ്, ഫേസ്ബുക്കാണെന്ന് കരുതി വാട്ട്സാപ്പില്‍ കയറിയ യുവാവ് വീഡിയോയും ഓഡിയോയും എല്ലാം ഓരോ പ്ളേറ്റ് പോരട്ടെയെന്ന് ഓര്‍ഡറിട്ട് കാത്തിരിക്കുന്ന സമയം. ആരോ ഒരാള്‍ ഒരു ഓഡിയോ ക്ളിപ് അയച്ചുതന്നു. ഓറല്‍ പോളിയോ വാക്സിനായിരുന്നു വിഷയം. കേട്ട് ചിരിച്ച് തള്ളി. എന്തൂട്ട് മണ്ടനാണെന്ന് കരുതി ഡിലീറ്റും ചെയ്തു. സുഹൃത്തുക്കളില്‍ ആരോ അതിലെ അസംബന്ധങ്ങള്‍ക്ക് യുക്തിയുക്തമുള്ള മറുപടിയും അയച്ചുതന്നിരുന്നു. 

പക്ഷേ രണ്ട് ദിവസം കഴിഞ്ഞാണ് ചിരിച്ചുതള്ളേണ്ട ഒരു വിഷയമല്ല അതെന്ന് തോന്നിത്തുടങ്ങിയത്. ജനിച്ച് ഒന്നര മാസം പ്രായമുള്ള സുന്ദരിക്കുട്ടിയുടെ അച്ഛനും അമ്മയും ഒ.പിയില്‍ വന്നു. കുട്ടിക്ക് സുഖം. അമ്മയ്ക്കും സുഖം, സന്തോഷം. അതൊക്കെ കാണുമ്പൊ നമുക്കും സന്തോഷം. നാഷണല്‍ ഇമ്യുണൈസേഷന്‍ ഷെഡ്യൂള്‍ അനുസരിച്ചുള്ള വാക്സിനുകളും ആറുമാസം വരെയെങ്കിലും മുലപ്പാല്‍ മാത്രവും കൊടുത്താല്‍ മതിയെന്ന് നിര്‍ദേശിച്ച് അവരെ യാത്രയാക്കിയെങ്കിലും അവര്‍ക്കെന്തോ ചോദിക്കാനുള്ളതുപോലെ തോന്നി. 

ഒരു മുഖവുരയോടെ അവര്‍ കാര്യം പറഞ്ഞു. അവര്‍ക്ക് കഴിഞ്ഞ ആഴ്ച വാക്സിനുകളില്‍ വിഷമാണെന്നും കുട്ടികളെ കൊല്ലുകയാണെന്നുമൊക്കെ പറയുന്ന ഒരു 'ഡോക്ടറുടെ' ഓഡിയോ ക്ളിപ് കിട്ടിയത്രേ.അതിലെന്തെങ്കിലും യാഥാര്‍ഥ്യമുണ്ടോയെന്നാണവരുടെ സംശയം. അവര്‍ക്ക് തൃപ്തികരമായ വിശദീകരണം നല്‍കിയെങ്കിലും തുടര്‍ന്നുള്ള ആഴ്ചകളിലും സംശയങ്ങള്‍ക്ക് ഉത്തരം പറയേണ്ടിവന്നതോടെയാണ് ഇതും സമൂഹത്തെ ബാധിക്കുന്ന ഒരു ആരോഗ്യപ്രശ്നം തന്നെയെന്ന തോന്നല്‍ ശക്തമായത്.. ആരോഗ്യമേഖലയോട് നേരിട്ട് ബന്ധമില്ലാത്ത അഭ്യസ്തവിദ്യരുടെ മനസില്‍ പോലും ഇത്തരം മെസേജുകള്‍ ചാഞ്ചല്യമുണ്ടാക്കുന്നെങ്കില്‍ സാധാരണക്കാരന്റെ കാര്യം ഊഹിക്കാവുന്നതല്ലേയുള്ളൂ? ( ഡോക്ടറെന്ന ലേബല്‍ ഒട്ടിച്ച് വരുന്നതാണെങ്കില്‍ പ്രത്യേകിച്ചും.) 

മെസ്സേജുകള്‍ സത്യമാണെങ്കില്‍ കുട്ടിക്ക് എന്തെങ്കിലും സംഭവിച്ചാലോ എന്ന ഭയം ഒരു വശത്ത് , അങ്ങനെ കരുതി അതനുസരിച്ചാല്‍ തട്ടിപ്പില്‍ വീണു കുട്ടിക്ക് ആപത്ത് സംഭവിക്കുമെന്ന സത്യം മറുവശത്ത്. ഏത് രക്ഷിതാവാണു വിഷമവൃത്തത്തിലാകാതിരിക്കുക? 

ഗ്രാമത്തിന്റെ വിശുദ്ധിയും ഹരിതാഭയും പച്ചപ്പും പിന്നെ ഒരല്പം നീലയും
ആരോഗ്യസംബന്ധമായ വിഷയങ്ങളെക്കുറിച്ച് സംസാരിക്കുന്ന സോഴ്സുകള്‍ പലതുണ്ട്. ഇവയെ രണ്ടായി തിരിക്കാം. ഓണ്‍ ലൈനായും ഓഫ് ലൈനായും. ഏത് സമയവും എവിടെവച്ചും ഒരു ഇന്റര്‍നെറ്റ് സൌകര്യമുള്ള മൊബൈല്‍ കയ്യിലുങ്കിെല്‍ അനായാസം ലഭ്യമാകുന്നതിനാല്‍ ഓണ്‍ ലൈന്‍ ആരോഗ്യലേഖനങ്ങള്‍ക്ക് പ്രചാരമേറിയിട്ടുണ്ട്. 

ഓണ്‍ ലൈന്‍ സോഴ്സുകളില്‍ തന്നെ പത്രങ്ങളുടെയും മറ്റ് മാദ്ധ്യമങ്ങളുടെയും ഓണ്‍ ലൈന്‍ പോര്‍ട്ടലുകളിലെ ആരോഗ്യവിഭാഗം , ഫേസ്ബുക്കില്‍ പ്രവര്‍ത്തിക്കുന്ന പേജുകള്‍, വ്യക്തികള്‍ എന്നിങ്ങനെ ആരോഗ്യം എന്ന വിഷയം കൈകാര്യം ചെയ്യുന്നവരുടെ ലിസ്റ്റ് നീളുന്നു. പക്ഷേ ഇവയുടെ ആധികാരികതയും കൈകാര്യം ചെയ്യുന്ന വിഷയങ്ങളും പലപ്പൊഴും ഗുണത്തെക്കാള്‍ ദോഷം ചെയ്യുകയാണ് . 

വിദഗ്ധ ഡോക്ടര്‍മാര്‍ കൈകാര്യം ചെയ്യുന്ന പംക്തികളെപ്പോലെ ചിലത് ഒഴിച്ചാല്‍ മറ്റുള്ളവയില്‍ പലതും ആരോഗ്യമെന്ന പേരില്‍ അശാസ്ത്രീയതയും അബദ്ധധാരണകളും പരത്തുകയാണ് പലപ്പൊഴും ചെയ്യുന്നത്. .വ്യാജ ഡോക്ടര്‍മാര്‍ തങ്ങളുടെ ബിസിനസ് പച്ചപിടിപ്പിക്കാനും തെറ്റിദ്ധാരണകള്‍ പരത്താനും ഈ സൌകര്യങ്ങള്‍ ദുരുപയോഗം ചെയ്യുമ്പോള്‍ ശാസ്ത്രവിരുദ്ധര്‍ അവരുടെ ആശയങ്ങള്‍ക്ക് പ്രചാരം ലഭിക്കാനാണ് ഇവ ഉപയോഗിക്കുന്നതെന്ന് മാത്രം. ഇത്തരത്തിലുള്ള ഒരു പേജിന്റെ പ്രവര്‍ത്തനരീതി ഏതാണ്ട് ഇങ്ങനെയായിരിക്കും.1) വീട്ടില്‍ ചെയ്യാവുന്ന സൌന്ദര്യവര്‍ദ്ധക സൂത്രപ്പണികള്‍ അരക്കഴഞ്ച് (കറുപ്പ് വെളുപ്പാക്കല്‍, തടികുറയ്ക്കല്‍, താരന്‍, കറുത്തമുടി, വെളുത്തമുടി അങ്ങനെയങ്ങനെ) 
2) ചെറിയ ചെറിയ രോഗങ്ങള്‍ക്ക് ഒറ്റമൂലിയെന്ന പേരില്‍ പൊടിക്കൈകള്‍ അരക്കഴഞ്ച് 
3) ലൈംഗികതയുമായി ബന്ധപ്പെട്ട ലിങ്കുകള്‍ ആവശ്യത്തിന് 
4) വിവാദങ്ങളും ആധുനിക വൈദ്യശാസ്ത്രത്തിനെതിരായ ആരോപണങ്ങളും മേമ്പൊടിക്ക് ഇത്രയും സമാസമം ചേര്‍ത്ത് ഇളക്കി എടുത്ത് സിസ്റ്റത്തില്‍ വയ്ക്കുക. ആവശ്യത്തിനു ഫോട്ടോഷോപ്പും ഇന്റര്‍നെറ്റില്‍ നിന്ന് ലഭ്യമായ വീഡിയോകളും ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക. പാകമായെന്ന് തോന്നിക്കഴിഞ്ഞാല്‍ ദിവസം രണ്ട് വീതം മൂന്ന് നേരം ഫേസ്ബുക്കിലൂടെ പേജിലേക്ക് അപ്ഡേറ്റ് ചെയ്യാവുന്നതാണ്. 

ഗ്രാമീണമായ നാട്ടുമരുന്നുകളും പാരമ്പര്യ വൈദ്യശാസ്ത്രവും പ്രകൃതിജീവിതത്തിന്റെ ഹരിതാഭയും ചിലപ്പൊഴൊക്കെ ആധുനിക വൈദ്യശാസ്ത്രത്തില്‍ ഊന്നിയ ചിന്തകളും പ്രചരിപ്പിക്കുന്നെന്ന് പ്രത്യക്ഷത്തില്‍ തോന്നിയാലും സൂക്ഷ്മനിരീക്ഷണത്തില്‍ അവയ്ക്കൊന്നും അടിസ്ഥാനമില്ലെന്ന വസ്തുത മനസിലാക്കാന്‍ സാധിക്കും. ശരിയായ ചികില്‍സയോ നിയന്ത്രണമോ ഇല്ലാതെയിരുന്നാല്‍ പെട്ടെന്ന് ദൂഷ്യഫലങ്ങള്‍ ഉണ്ടാകാത്ത , പക്ഷേ ദീര്‍ഘകാലം അങ്ങനെ തുടര്‍ന്നാല്‍ നേരെയാക്കാന്‍ കഴിയാത്ത സങ്കീതര്‍ണ്ണതകളിലേക്ക്നയിക്കാവുന്ന പ്രമേഹവും രക്തസമ്മര്‍ദ്ദവും പോലെയുള്ള രോഗങ്ങളാണ് ഇവര്‍ കൂടുതലും കൈകാര്യം ചെയ്യാറുള്ളതെന്നത് അപകടം വര്‍ദ്ധിപ്പിക്കുന്നു. 

ഒറ്റമൂലികള്‍ നാട്ടുമരുന്നുകളാണെന്നും അവയ്ക്ക് പാര്‍ശ്വഫലങ്ങളില്ലെന്നുമുള്ള നമ്മുടെ ധാരണ എത്ര തെറ്റാണെന്ന് തെളിയാന്‍ കഴിഞ്ഞ ദിവസം മുലപ്പാല്‍ കണ്ണില്‍ ഒഴിച്ച കുഞ്ഞിന്റെ ദുരവസ്ഥ മാത്രം അറിഞ്ഞാല്‍ മതി.

മാദ്ധ്യമലോകം ഓണ്‍ & ഓഫ് 

വിദഗ്ധരായ ഡോക്ടര്‍മാര്‍ ജനങ്ങള്‍ക്ക് അറിവും അവരുടെ അനുഭവങ്ങളും പങ്കുവയ്ക്കുന്ന ഒരുപിടി നല്ല പംക്തികള്‍ നമ്മുടെ മാദ്ധ്യമങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്; ഓണ്‍ ലൈനായും ഓഫ് ലൈനായും. അത് കൂടാതെ പകര്‍ച്ചവ്യാധികളുടെയും അപൂര്‍വരോഗങ്ങളുടെയും കാലത്ത് സമൂഹത്തിലെ ആശങ്കകള്‍ അകറ്റാന്‍ അതത് വിഭാഗങ്ങളിലെ വിദഗ്ധരുമായി കൈകോര്‍ത്ത് ആ വിഷയങ്ങളില്‍ രോഗം പ്രതിരോധിക്കാനും ചെറുക്കാനുമുപകരിക്കുന്ന അറിവുകള്‍ പങ്കുവയ്ക്കുന്നതിലും മാദ്ധ്യമങ്ങള്‍ ശ്രദ്ധിച്ചുകാണാറുണ്ട്. തികച്ചും അഭിനന്ദനം അര്‍ഹിക്കുന്ന പ്രവൃത്തിതന്നെയാണിത്.സമൂഹത്തിന്റെ ആരോഗ്യപരിപാലനത്തിനുള്ള ചുമതല ആരോഗ്യപ്രവര്‍ത്തകരില്‍ മാത്രമല്ലെന്നുള്ള തിരിച്ചറിവ് എന്നും മാദ്ധ്യമങ്ങള്‍ക് ഉണ്ടാകട്ടെയെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നു. 

എന്നാല്‍ ഇതിനൊരു മറുവശം കൂടിയുണ്ട്. അശാസ്ത്രീയതയ്ക്കും അടിസ്ഥാനമില്ലാത്ത , അപകടകരമായപ്രവണതകള്‍ക്കും വളം വച്ച് കൊടുക്കാനും ചിലപ്പോള്‍ മാദ്ധ്യമങ്ങള്‍ 


മുതിരുന്നെന്നത് ദു:ഖകരമാണ്. അത് ഏറിവരുന്നത് സമൂഹത്തിന്റെ ആരോഗ്യത്തില്‍ വലിയ കോട്ടങ്ങളുാക്കുമെന്നതിനു ഡിഫ്തീരിയ പോലെയുള്ള രോഗങ്ങളുടെ തിരിച്ചുവരവ് ഉദാഹരണമാണ്. 


വാക്സിന്‍ വിരുദ്ധതയ്ക്ക് വളമിടുന്നതില്‍ ചില അച്ചടിമാദ്ധ്യമങ്ങള്‍ക്കും സോഷ്യല്‍ മീഡിയ സന്ദേശങ്ങള്‍ക്കൂമുള്ള പങ്ക് ചെറുതല്ല. എന്തിനേറെപ്പറയുന്നു, ഡിഫ്തീരിയ സംസ്ഥാനത്ത് പടര്‍ന്നുപിടിച്ചപ്പൊഴും വാക്സിന്‍ വിരുദ്ധതയുമായി മുന്നോട്ടുപോയ അച്ചടിമാദ്ധ്യമങ്ങളുണ്ട്. അബദ്ധധാരണകള്‍ ഇപ്പോള്‍ തന്നെ ആവശ്യത്തിനു നിറഞ്ഞുനില്‍ക്കുന്ന വിഷയങ്ങളില്‍ ഒന്നാണു ലൈംഗികത. അതുകൊണ്ടുതന്നെ വളരെ സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ടുന്നതും.

ഭക്ഷണവും വസ്ത്രവും പാര്‍പ്പിടവും പോലെ മനുഷ്യന്റെ അടിസ്ഥാന ചോദനകളില്‍ ഒന്നായ ലൈംഗികതയെക്കുറിച്ചറിയാന്‍ നമുക്ക് ഉചിതമായ സോഴ്സുകള്‍ ഇല്ലെന്നത് ഒരു നഗ്നസത്യം തന്നെയാണ്. ലൈംഗികതയെക്കുറിച്ച് പ്രതിപാദിക്കുന്ന ലേഖനങ്ങള്‍ കൌതുകത്തെ ഉണര്‍ത്തുമെന്ന് മനസിലാക്കി അത് മുതലെടുത്ത് സ്വന്തം പത്രത്തിന്റെയോ പേജിന്റെയോ റീച്ച് കൂട്ടാന്‍ അബദ്ധധാരണകള്‍ അച്ചടിച്ച് വയ്ക്കാനും 'ഇക്കിളിപ്പെടുത്തുന്ന' തലക്കെട്ടുകള്‍  ( 'ആദ്യരാത്രിയില്‍ വരന്‍ കന്യകനാണോ എന്നറിയാന്‍ ഇതാ അഞ്ചുവഴികള്‍'. ആദ്യരാത്രി വരന്റെയും വധുവിന്റെയും ഭൂതകാലം ചികഞ്ഞ് ജീവിതം കുട്ടിച്ചോറാക്കുന്ന തളത്തില്‍ 

തകരാറിലാക്കുന്നതുപോലെ നമ്മുടെ ശരീരത്തിനു ഹാനികരമാകാവുന്നവയാണ്. ദിനേശന്‍ സ്റ്റെയിലില്‍ നിന്ന് ഇത് വരെ മാറാറായില്ല സ്വ.ലേയ്ക്ക്)
ചാര്‍ത്തി അവ പ്രസിദ്ധീകരിക്കാനും ചിലപ്പോഴെങ്കിലും മാദ്ധ്യമങ്ങള്‍ മുതിരുന്നത് ഒട്ടും ആശാസ്യമല്ല. 

പുരുഷന്റെയും സ്ത്രീയുടെയും വിവാഹപൂര്‍വബന്ധത്തെക്കുറിച്ച് വേവലാതിപ്പെടലല്ല ലൈംഗികവിദ്യാഭ്യാസമെന്ന് തിരിച്ചറിവുണ്ടാകേണ്ടത് അത്യാവശ്യമാണ്. 

ആഘാതങ്ങള്‍ പ്രത്യാഘാതങ്ങള്‍ 

ആരോഗ്യമെന്ന പേരില്‍ അനാരോഗ്യം പ്രചരിപ്പിക്കുന്നതുമൂലമുണ്ടാകാവുന്ന കോട്ടങ്ങളും പ്രത്യാഘാതങ്ങളും പലതാണ്. അത് വ്യക്തികള്‍ക്കോ കുടുംബങ്ങള്‍ക്കോ ആകാം. പെട്ടെന്നുണ്ടാകുന്ന അപായങ്ങളും ദൂരവ്യാപകമായ അപകടങ്ങളുമുണ്ട്. കാന്‍സറിനുള്ള മരുന്നെന്നപേരില്‍ പ്രചരിക്കപ്പെട്ട ലക്ഷ്മി തരുവും മുള്ളാത്തയും ഉപയോഗിച്ച് വിദഗ്ധ ചികില്‍സ സ്വീകരിക്കാന്‍ വൈകിയ അന്തരിച്ച പ്രശസ്ത നടന്‍  ജിഷ്ണുവിന്റെ കഥ നമ്മുടെ മുന്നിലുണ്ട്. പ്രകൃതിദത്ത ദിവ്യൌഷധമെന്ന, ഒറ്റമൂലിയെന്ന പേരില്‍ നാം സേവിക്കുന്ന പലതും, ഇരുമ്പന്‍ പുളിയുടെ ജ്യൂസ് വൃക്കകള്‍ 



രണ്ടാമതായി, അശാസ്ത്രീയ പ്രചാരകരില്‍ പലരും പ്രചരിപ്പിക്കുന്ന ആശയങ്ങള്‍ ഗവണ്മെന്റിന്റെയും ആരോഗ്യപ്രവര്‍ത്തകരുടെയും വര്‍ഷങ്ങളായുള്ള പ്രവര്‍ത്തനങ്ങളിലൂടെ നേടിയെടുത്ത സമൂഹത്തിന്റെ ആരോഗ്യത്തെ തകര്‍ക്കുന്ന രീതിയിലാണുള്ളത്. നാം ഉന്മൂലനം ചെയ്തെന്ന് വിശ്വസിക്കുന്ന രോഗങ്ങള്‍ തിരിച്ചുവരുന്നതും അവയുടെ ഉന്മൂലനത്തിനായി ചിലവഴിച്ച പണവും പ്രയത്നങ്ങളും വൃഥാവിലാകുന്നതും രാജ്യത്തെ സാമ്പത്തികമായി പിന്നോട്ട് നടത്തുകയാണു ചെയ്യുന്നത്. കൂടാതെ ജനത്തിന്റെ ആരോഗ്യത്തെ തകര്‍ക്കുന്നതുമൂലം ചികില്‍സാ ചിലവ് വര്‍ദ്ധിക്കുന്നതുകൊണ്ട് വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ചിലവഴിക്കേണ്ട തുക വകമാറ്റി ചെലവിടേണ്ടിവരുന്നത് വളര്‍ച്ചയും മുരടിപ്പിക്കുന്നു. 

ത്രിതല ആരോഗ്യ പരിപാലന സൌകര്യങ്ങളുണ്ടാക്കിയ എല്ലാവര്‍ക്കും കുറഞ്ഞ ചെലവില്‍ ലഭ്യമായ ആരോഗ്യ സേവന സൌകര്യങ്ങളും സൌജന്യവിദ്യാഭ്യാസവും സൃഷ്ടിച്ച മുന്നേറ്റമാണു കേരളത്തെ സാംസ്കാരികമായ ഔന്നത്യത്തില്‍ , ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെക്കാള്‍ വളരെ മുന്നിലെത്തിച്ചതെന്ന് മറക്കരുത്. ആരോഗ്യത്തിന്റെ ആ കേരള മോഡലിനു വിദേശരാജ്യങ്ങളില്‍ വരെ ആരാധകര്‍ ഉണ്ടായിരുന്നെന്നും നാം ഓര്‍മിക്കണം 

പരിഹാരം പറ സ്വാമീ 

കുട്ടികളുടെ എഴുത്തുകാരി ജെ.കെ റൌളിങ്ങിന്റെ ഹാരി പോട്ടര്‍ സീരിസില്‍ ഒരു കഥാപാത്രം പറയുന്ന ഒരു സംഭാഷണശകലമുണ്ട്. ‘Never trust anything that can think for itself if you can't see where it keeps its brain.‘(സ്വയം ചിന്തിക്കാന്‍ കഴിയുന്ന ഒന്നിനെയും എതിന്റെ തലച്ചോറ് എവിടെയാണെന്ന് കാണാന്‍ കഴിയില്ലെങ്കില്‍ വിശ്വസിക്കരുത്). ഈ അവസരത്തിനു യോജിച്ച വാചകമാണെന്ന് തോന്നുന്നു. 

1. സോഷ്യല്‍ മീഡിയയിലൂടെപ്രചരിക്കുന്ന തലയും വാലുമില്ലാതെ വരുന്ന ലേഖനങ്ങളും ഓഡിയോ വീഡിയോ ക്ളിപ്പുകളും ആരു പറയുന്നെന്നോ ആരാണ് അതിന്റെ ഉപജ്ഞാതാവെന്നോ അറിയില്ലെങ്കില്‍ കേട്ട് അവഗണിക്കുന്നതാണുചിതം. 

2. ഡോക്ടറെന്ന് അവകാശപ്പെട്ട് അപരിചിതര്‍ ആരു സഹായം വാഗ്ദാനം ചെയ്താലും (ഈ അടുത്തയിടെ ഒരു ഡോക്ടര്‍ സുഹൃത്തിനെ ആരോ ഒരാള്‍ ഫോണില്‍ വിളിച്ച് നാഷണല്‍ പ്രോഗ്രാമിന്റെ പേരില്‍ സംസാരിക്കാന്‍ ശ്രമിക്കുകയുണ്ടായി) അയാളുടെ പേരും ക്വാളിഫിക്കേഷനുകളും ചോദിക്കുന്നതില്‍ തെറ്റൊന്നുമില്ല 

3. ആരോഗ്യവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ ക്വാളിഫൈഡ് ആയ ഇന്ത്യയില്‍ മെഡിക്കല്‍ കൌണ്‍സില്‍ അംഗീകരിച്ച ഡിഗ്രികള്‍ പലതുണ്ട്. അവയുടെ ലിസ്റ്റ് ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. വ്യാജന്മാരെ തിരിച്ചറിയാന്‍ ഉപകരിക്കും ആരോഗ്യ മേഖലയിലെ പ്രവര്‍ത്തകരില്‍ നിന്ന് സ്വീകരിക്കുന്നതാണുചിതം.ഗൂഗിള്‍ വഴി ലഭിക്കുന്നതെല്ലാം സത്യമോ സുരക്ഷിതമോ ആയിരിക്കില്ല. 

4. എല്ലാ രോഗങ്ങളും ഏതെങ്കിലും ഒരു മരുന്നുകൊണ്ട് ( ഉദാഹരണത്തിനു മഞ്ഞപ്പിത്തത്തിന്റെ ഒറ്റമൂലി മഞ്ഞപ്പിത്തമെന്ന് നാം വിളിക്കുന്ന രോഗത്തിന്റെ കാരണം പലതാകാം. അതുകൊണ്ടു തന്നെ ചികില്‍സയും പലതായിരിക്കും) മാറ്റിത്തരാമെന്നോ അല്ലെങ്കില്‍ ശരീരത്തിന്റെ പ്രശ്നങ്ങള്‍ക്കെല്ലാം ഒരൊറ്റ വഴിയില്‍ പരിഹാരം കാണാമെന്നുമൊക്കെയുള്ള അവകാശവാദങ്ങളെയും സൂക്ഷിക്കുക.തട്ടിപ്പാകാന്‍ നൂറു ശതമാനമാണു സാദ്ധ്യത. 

5. മനുഷ്യശരീരത്തെക്കുറിച്ച് എല്ലാമറിയാമെന്നോ എല്ലാം ശരിയാക്കിത്തരാമെന്നോ അവകാശപ്പെട്ടാലും ശ്രദ്ധിച്ചുകൊള്ളുക.നിങ്ങള്‍ വഞ്ചിക്കപ്പെടാന്‍ സാദ്ധ്യത ഏറെയായിരിക്കും.അറിവുകള്‍ നേടാന്‍ ആശ്രയിക്കേത് പരീക്ഷിച്ച് തെളിയിക്കപ്പെട്ട പുസ്തകങ്ങളെയും ആരോഗ്യമേഖലയുമായി ബന്ധപ്പെട്ടവരെയുമാണ്. ഒരാള്‍ പ്രായക്കൂടുതല്‍ കൊണ്ടോ പ്രശസ്തികൊാ എല്ലാം അറിയുന്നവനായി മാറുന്നില്ലെന്ന് ഓര്‍ക്കുക. അതിപ്രശസ്തനായ സിനിമാ താരമോ രാഷ്ട്രീയ നേതാവോ പറഞ്ഞതുകൊണ്ട് അത് ശാസ്ത്രീയമാകണമെന്നില്ല. 

ഓര്‍ക്കുക ആരോഗ്യത്തിലേക്ക് കുറുക്കുവഴികളില്ല.നമ്മുടെ ആരോഗ്യത്തിനെക്കുറിച്ച് ബോധവാന്‍മാരാകേണ്ടത് ആദ്യം നമ്മള്‍ തന്നെയാണ്. ആരോഗ്യത്തിലേക്കോ അതോ അനാരോഗ്യത്തിലേക്കോ എന്നതിന്റെ ആദ്യ പടി വയ്ക്കുന്നത് ആരോഗ്യത്തെക്കുറിച്ചുള്ള അറിവ് നേടാന്‍ നാം തിരഞ്ഞെടുക്കുന്ന ഉറവിടത്തില്‍ നിന്നുതന്നെ ആകുന്നു.

Monday

ഹൃദ്രോഗവും മുന്‍ കരുതലുകളും

ഡോ. പ്രവീണ്‍ എസ്.വി. MD (Med.), DNB (Med.), MNAMS, DM (Card.), DNB (Card.), FNB (Interventional Card.) കണ്‍സðട്ടന്റ് – കാര്‍ഡിയോളജി, കിംസ്



ഹൃദയത്തെ കരുതലോടെ കാത്താല്‍ ഹൃദ്രോഗവും ഹൃദയാഘാതവും ഒഴിവാക്കാം. ശരീരത്തിലെ എല്ലാ അവയവങ്ങള്‍ക്കും, കോശങ്ങള്‍ക്കും ആവശ്യമായ രക്തം പമ്പ് ചെയ്ത് എത്തിക്കുന്ന വളരെ പ്രധാനപ്പെട്ട അവയവമാണ് ഹൃദയം. ഹൃദയം തകരാറിലായാല്‍ അത് ശരീരത്തിന്റെ പൊതുവായ എല്ലാ പ്രവര്‍ത്തനത്തെയും ബാധിക്കുന്നതോടൊപ്പം ജീവന്‍ നഷ്ടപ്പെടാനും കാരണമായേക്കാം.

മുന്‍കൂട്ടി മനസിലാക്കൂ

കാരണങ്ങള്‍ സ്വയം മനസിലാക്കിയാല്‍ നല്ലൊരു പരിധിവരെ ഹൃദ്രോഗം പ്രതിരോധിക്കാനാകും. ഹൃദയ പേശികള്‍ക്ക് രക്തം എത്തിക്കുന്ന  ചെറിയ  രക്തധമനികളില്‍ കൊഴുപ്പ് അടിഞ്ഞ് അതിന്റെ വ്യാസം കുറയുകയും ഹൃദയത്തിന് ആവശ്യമായ രക്തം കിട്ടാതെ വരികയും ചെയ്യുമ്പോള്‍ ഹൃദയ പേശികള്‍ക്ക് തകരാര്‍ സംഭവിക്കുന്നു. വര്‍ഷങ്ങള്‍ കഴിയുന്നതോടെ രക്തക്കുഴലുകളില്‍ രക്തം കട്ടപിടിച്ച് ഹൃദയപേശികളിലേക്കുള്ള രക്തസഞ്ചാരം പൂര്‍ണ്ണമായി നിലച്ച് കോശങ്ങള്‍ നശിക്കുന്ന മാരകാവസ്ഥയാണ് ഹൃദയാഘാതം. പ്രായം കൂടുന്തോറും ഇത് ഉണ്ടാകാനുള്ള സാധ്യതയും കൂടുന്നു.
വ്യായാമം ഇല്ലായ്മ, പുകവലി, മാറിയ ജീവിതശൈലി, മാറിയ ഭക്ഷണക്രമം, മാനസിക പിരിമുറുക്കം തുടങ്ങിയവ ഹൃദ്രോഗ സാധ്യത കൂട്ടുന്നു.
അസാധാരണമായി അനുഭവപ്പെടുന്ന ക്ഷീണം ഹൃദ്രോഗത്തിന്റെയും ഹൃദയാഘാതത്തിന്റെയും ലക്ഷണമാകാം.
അപായ ഘടകങ്ങള്‍ വച്ചുള്ള പലതരം നിര്‍ണ്ണയങ്ങളാണ്
ഹൃദ്രോഗ സാദ്ധ്യത അനുമാനിക്കാനും, പ്രതിരോധ ചികിത്സ
ആസൂത്രണം ചെയ്യുവാനും ഡോക്ടര്‍മാരെ സഹായിക്കുന്നത്.
യഥാസമയങ്ങളില്‍ ടെസ്റ്റുകള്‍ ചെയ്ത് രക്തത്തിലെ കൊളസ്ട്രോള്‍ ഘടകങ്ങള്‍ പരിശോധിച്ച് ചികിത്സ തേടാവുന്നതാണ്. ഈ.സി.ജി, എക്കോ, ടി.എം.ടി എന്നിവയും ഹൃദ്രോഗ നിര്‍ണ്ണയത്തിനു സഹായപ്രദമാണ്.

ഹൃദയാഘാതം: ശ്രദ്ധിക്കേണ്ടണ്ട കാര്യങ്ങള്‍
ഹൃദയാഘാതം  മൂലം  സംഭവിക്കുന്ന 50% മരണവും ഹൃദയാഘാതത്തെ തുടര്‍ന്നുള്ള ആദ്യ ഒരു മണിക്കൂറിലാണ് നടക്കുന്നത്. ഹൃദയാഘാതം ഉണ്ടായി ഓരോ മിനിറ്റിലും ഹൃദയ പേശിയിലെ കോശങ്ങള്‍ നശിച്ച് തുടങ്ങുന്നതിനാല്‍ പേശികളുടെ നാശം എത്രത്തോളം കുറയ്ക്കാമോ അത്രത്തോളം കുറച്ച് രോഗിയെ രക്ഷിക്കുക എന്നതാണ് ആധുനിക ചികിത്സയുടെ പ്രധാന ലക്ഷ്യം. ഹൃദയാഘാതം വന്ന രോഗിയെ എത്രയും പെട്ടെന്ന് അടുത്തുള്ള ഹൃദ്രോഗ ചികിത്സാകേന്ദ്രത്തില്‍ എത്തിച്ച് അടിയന്തിര ചികിത്സയും, വേണ്ടിവന്നാല്‍ ആന്‍ജിയോപ്ളാസ്റ്റിയും ചെയ്യേണ്ടതാണ്.
ഹൃദയാഘാതം ഉണ്ടായിക്കഴിഞ്ഞാല്‍ ആശുപത്രിയില്‍ എത്തിക്കുന്നത് വരെ ഹൃദയ പ്രവര്‍ത്തനം നിലനിര്‍ത്താന്‍ പാലിക്കേണ്ട ചില കാര്യങ്ങള്‍:

ആരും സഹായത്തിനില്ലാത്തപ്പോള്‍ ഹൃദയാഘാതം ഉണ്ടായാല്‍ പരമാവധി വായു ഉള്ളിലേക്കെടുത്ത് ചുമയ്ക്കുക.

ഹൃദയാഘാതം വന്ന രോഗിയുടെ മുഖത്ത് തണുത്ത വെള്ളം തളിക്കരുത്. ഇത് രോഗാവസ്ഥ തീവ്രമാക്കും.

ആന്‍ജിയോഗ്രാം, ആന്‍ജിയോപ്ളാസ്റ്റി സൌകര്യമുള്ള ഹൃദ്രോഗ ചികിത്സാകേന്ദ്രത്തില്‍ രോഗിയെ എത്തിക്കുക.

രോഗിയുടെ ഇറുകിയ വസ്ത്രങ്ങള്‍ ഊരുകയോ, അയച്ചിടുകയോ ചെയ്യുക.

രോഗിക്ക് ബോധം ഉണ്ടെങ്കില്‍ തലയും തോളും തലയിണ കൊണ്ട് താങ്ങി ചാരിയിരുത്തുക.

രോഗിയുടെ നാഡിമിടിപ്പും ബി.പി യും പരിശോധിച്ച ശേഷം ഇവ കുറവാണെങ്കില്‍ രോഗിയെ നിരപ്പായ പ്രതലത്തില്‍ മലര്‍ത്തിക്കിടത്തി തലച്ചോറിലേക്കുള്ള രക്തയോട്ടം ഉറപ്പാക്കേണ്ടതാണ്.

ഹൃദയാഘാതം ഉണ്ടായി ആദ്യ നാലു മണിക്കൂറില്‍ കുടിക്കുവാനോ കഴിക്കുവാനോ ഒന്നും നല്‍കാതിരിക്കുക.
രോഗിയുടെ ബോധം നഷ്ടപ്പെട്ട് പള്‍സ് നിലച്ചാല്‍ സി.പി.ആര്‍ പരിശീലനം ലഭിച്ചവരുണ്ടെങ്കില്‍ അത് നല്‍കിക്കൊണ്ട് ആശുപത്രിയിലേക്ക് എത്രയും പെട്ടെന്ന് എത്തിക്കുക.

രോഗിക്ക് പൂര്‍ണ്ണ വിശ്രമം നല്‍കി വീല്‍ചെയറിലോ, കസേരയിലോ, സ്ട്രെച്ചറിലോ മാത്രം രോഗിയെ മാറ്റുക.

ഡോ. പ്രവീണ്‍ എസ്.വി. MD (Med.), DNB (Med.), MNAMS, DM (Card.), DNB (Card.), FNB (Interventional Card.) കണ്‍സðട്ടന്റ് – കാര്‍ഡിയോളജി, കിംസ്

ലക്ഷ്മി തരു' ദിവ്യൗഷധമോ?

ഡോ. ദീപു സദാശിവന്‍

ലക്ഷ്മിതരു എന്ന മരത്തിന്റെ ഇല തിളപ്പിച്ച വെള്ളം കുടിച്ചാല്‍ കാന്‍സര്‍ സൌഖ്യം ഉണ്ടാവും എന്ന പ്രചാരണം മെസേജായും ഓണ്‍ലൈന്‍ വാര്‍ത്തകളായും പ്രചരിക്കാന്‍ തുടങ്ങിയിട്ട് ഏറെ നാളായി. ഈ അവകാശവാദങ്ങളുടെ (അ)ശാസ്ത്രീയതയെപ്പറ്റിയാണ് ഈ കുറിപ്പ്.
ക്ഷ്മി തരു അഥവാ Simarouba glauca എന്ന വൃക്ഷം ഒരു പക്ഷെ കല്പവൃക്ഷം ആയ തെങ്ങിന്റെ കാര്യം പറഞ്ഞത് പോലെ വിവിധ 
ഗുണഗണങ്ങള്‍ ഉള്ള ഒന്നുതന്നെയാണ്. വളരെ വൈവിധ്യമാര്‍ന്ന ഔഷധ ഘടകങ്ങളും എന്തിനു ബയോ ഇന്ധനം ആക്കാന്‍ ഉതകുന്ന ഘടകങ്ങളും ഈ മരത്തിന്റെ വിവിധ ഭാഗങ്ങളില്‍ അടങ്ങിയിരിക്കുന്നു എന്നത് ഒരു ശാസ്ത്ര സത്യം തന്നെയാണ്. എന്നാല്‍ ഈ മരത്തിന്റെ വിവിധ ഭാഗങ്ങളെ പല അസുഖങ്ങള്‍ക്കും ഒറ്റമൂലിയായും ദിവ്യൗഷധമായും പ്രചരിക്കുന്ന വാര്‍ത്തകളും സഗന്ദശങ്ങളും പ്രചരിക്കുകയാണ്. ഈ അവകാശവാദങ്ങളില്‍ എത്രത്തോളം കഴമ്പുണ്ട് എന്ന് ഇഴ കീറി തന്നെ പരിശോധിക്കാന്‍ ശ്രമിക്കാം.
അല്പം ചരിത്രം
ഈ മരം കണ്ടു വന്നിരുന്ന തെക്കന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ തദ്ദേശീയര്‍ ഇതിനെ, Paradise TreeBitterwood,dysentery bark എന്നീ പേരുകളാല്‍ വിശേഷിപ്പിക്കുന്നു.1713 ല്‍ ഫ്രഞ്ച് ശാസ്ത്രജ്ഞര്‍ ആണ് ഈ ജീനസ് നാമകരണം ചെയ്തത്,1725 കാലഘട്ടങ്ങളില്‍ ഈ മരത്തിന്റെ പുറം തോട് ഫ്രാന്‍സില്‍ എത്തിക്കുകയും ദിസ്സെന്റ്രി യുടെ ചികില്‍സയ്ക്കു ആയി ഉപയോഗിക്കുകയും ചെയ്തു.
പല രാജ്യങ്ങളിലും ഇത് പല വിധ അസുഖങ്ങള്‍ക്ക് ഉള്ള നാട്ടു മരുന്നായി ഉപയോഗിച്ച് പോരുന്നു എന്നത് ചരിത്രം.
ഇന്ത്യയില്‍ ഈ വൃക്ഷം ബയോ ഡീസല്‍ ഉല്‍പ്പാദനത്തിനു വേണ്ടി ആണ് പ്രധാനമായും എത്തിച്ചത്,ആഗോള താപനം തടയാനായി മഹാരാഷ്ട്രയില്‍ ഈ വൃക്ഷം അമേരിക്കയില്‍ നിന്ന് എത്തിച്ചു വെച്ച് പിടിപ്പിച്ചു. 2010 കാലയളവില്‍ നാഷണല്‍ ഫിലിംസ് ഡിവിഷന്‍ ജൈവ ഇന്ധനം ആയി ഉള്ള ഇതിന്റെ ഗുണ ഗണങ്ങളെ വര്‍ണ്ണിക്കുന്ന ഡോകുമെന്ററി പുറത്തിറക്കിയിരുന്നു.എന്നാല്‍ കാര്‍ഷിക ഗവേഷകര്‍ ആയ ഡോ:ശ്യാമസുന്ദര്‍ ജോഷിയും ഭാര്യ ഡോ:ശാന്ത യും ആണ് ഈ വൃക്ഷത്തിന്റെ മറ്റു ഉപയോഗങ്ങളെ കുറിച്ച് കൂടുതല്‍ പഠനം നടത്തുകയും പ്രചരണം കൊടുക്കുകയും ചെയ്തത്.ഇതേ തുടര്‍ന്ന് ആര്‍ട്ട് ഓഫ് ലിവിംഗ് പ്രസ്ഥാനം ഈ മരങ്ങള്‍ വെച്ച് പിടിപ്പിക്കാന്‍ മുന്‍ കൈ എടുക്കുകയും ഇതുമായി ബന്ധപ്പെട്ട ചില പേറ്റന്റ്കള്‍ കൈവശമാക്കുകയും ചെയ്തിരുന്നു.
ഈ പ്രസ്ഥാനം ആണ് ലക്ഷ്മി തരു എന്ന പേര് ഈ വൃക്ഷത്തിന് നല്‍കിയത് എന്ന് പറയപ്പെടുന്നു.
ഇപ്പോള്‍ പ്രചരിക്കുന്ന അവകാശവാദങ്ങള്‍
Simarouba  Glauca DC എന്ന മരത്തില്‍ നിന്നും ഉണ്ടാക്കുന്ന ചില പദാര്‍ത്ഥങ്ങള്‍ക്ക്,അവിശ്വസനീയമായ രീതിയില്‍ വിവിധ രോഗങ്ങള്‍ക്ക് എതിരെ പ്രവര്‍ത്തനം ഉണ്ടെന്നാണ് പ്രചരണം.ലിസ്റ്റ് കേട്ടാല്‍ കണ്ണ് തള്ളി പോവും...വഴിയോരത്തു മരുന്ന് വില്‍ക്കുന്ന ലാട വൈദ്യന്റെ വാചകമടി പോലെയും തോന്നാം. ബാക്ടീരിയ ഉണ്ടാക്കുന്ന അസിഡിറ്റി,പലതരം കാന്‍സര്‍,പ്ലാസ്മോഡിയം എന്ന പ്രോട്ടോസോവ ഉണ്ടാക്കുന്ന മലേറിയ,ഹെര്‍പ്പിസ് ,ഹെപ്പറ്റ്റ്റിസ് പോലുള്ള വൈറല്‍ രോഗങ്ങള്‍,എന്റമീബ ഉണ്ടാക്കുന്ന വയറുകടി, പ്രമേഹം തുടങ്ങി റുമറ്റൊയിഡ് ആര്െ്രതെടിസ് വരെ !!
പലവിധ കൈകാര്യം ചെയ്യുന്ന ഒരു അത്ഭുത മരുന്ന് എന്ന് കേള്‍ക്കുമ്പോള്‍ത്തന്നെ അത് ഒരു വ്യാജ വാര്‍ത്ത ആവാനേ ഇട ഉള്ളൂ എന്നാണു കരുതിയത്.എന്നാല്‍ വിശദമായി അറിഞ്ഞപ്പോള്‍ പലതിലും അല്പം കഴമ്പ് ഉണ്ട് എന്നാണു കണ്ടെത്തിയത്!!
ശാസ്ത്രീയത എത്രത്തോളം?
പൊതുവില്‍ പലരും തെറ്റിദ്ധരിചിരിക്കുന്നത് ആധുനിക വൈദ്യ ശാസ്ത്രം പ്രയോഗിക്കുന്ന മരുന്നുകള്‍ മുഴുവന്‍ കൃത്രിമമായി പരീക്ഷണ ശാലയില്‍ നിര്‍മ്മിചെടുക്കുന്ന രാസവസ്തുക്കള്‍ മാത്രം ആണെന്നാണ്.എന്നാല്‍ പ്രയോഗത്തില്‍ ഉള്ള പല പ്രമുഖ മരുന്നുകളും പ്രകൃതിജന്യമായ സൂക്ഷ്മജീവികളില്‍ നിന്നും സസ്യജന്തുജാലങ്ങളില്‍ നിന്നും ഒക്കെ വേര്‍തിരിച്ചു എടുത്തിട്ടുള്ളവ ആണ്.പക്ഷെ അവയൊക്കെ വെറുതെ ഇലയും മറ്റും ഇടിച്ചു പിഴിഞ്ഞ് സത്ത് എടുക്കുക അല്ല ആ രാസപദാര്‍ത്ഥം എന്താണെന്ന് കണ്ടെത്തി ശുദ്ധീകരിച്ചു വേര്‍തിരിച്ചു അതിന്റെ പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കി പ്രയോഗ സാധ്യത മനസ്സിലാക്കി മൃഗങ്ങളിലും മനുഷ്യരിലും പരീക്ഷിച്ചു നിരീക്ഷിച്ചു പാര്‍ശ്വഫലങ്ങള്‍ കണ്ടെത്തി പലതരം ശാസ്ത്ര പ്രക്രിയകള്‍ക്കും വിധേയമാക്കി ദീര്‍ഘ നാളുകള്‍ക്കു ശേഷം മാത്രം ആണ് ഉപയോഗയുക്തം ആക്കുന്നത്.
ചരിത്ര പ്രധാനമായ പെനിസിലിന്‍ ആന്റിബയോട്ടിക്കിന്റെ കണ്ടെത്തല്‍ പെനിസിലിയം നോട്ടെറ്റം എന്ന ഫംഗസില്‍ നിന്നാണ്,ജീവന്‍രക്ഷാ ഔഷധം ആയ സ്ട്രെപ്ടോകൈനെസ് ഒരു ബാക്ടീരിയയില്‍ നിന്നാണ് വേര്‍തിരിച്ചു എടുത്തത്,അനേകം സസ്യങ്ങളില്‍ നിന്നും ആധുനിക വൈദ്യശാസ്ത്രം മരുന്നുകള്‍ കണ്ടെത്തി എടുത്തിട്ടുണ്ട്, ഉദാ:ഡിജിറ്റാലിസ് ചെടിയില്‍ നിന്നും ഹൃദ്രോഗത്തിന് ഉപയോഗിക്കുന്ന പ്രമുഖ മരുന്നായ ഡിജോക്സിന്‍,നമ്മുടെ വീടുകളില്‍ ഒക്കെ ഉള്ള Catharanthus roseus (ശവം നാറി)എന്ന ചെടിയില്‍ നിന്നും രക്താര്‍ബുദത്തിനു ഉപയോഗിക്കുന്ന വിന്ക്രിസ്ടിന്‍,വിന്ബ്ലാസിട്ന്‍ എന്നീ മരുന്നുകള്‍ ഒക്കെ അവയില്‍ ചിലത് മാത്രം.
Newman and Cragg 2012, നെ ഉദ്ധരിച്ചു പറഞ്ഞാല്‍ അവസാന 30 വര്‍ഷമെടുത്താല്‍ ആധുനിക വൈദ്യശാസ്ത്രത്തില്‍ മുുൃീ്ലറ റൃൗഴെ ല്‍ 50% ത്തോളം പ്രത്യക്ഷമായോ പരോക്ഷമായോ പ്രകൃതിദത്തമായ പദാര്‍ത്ഥങ്ങളില്‍/ ഉറവിടങ്ങളില്‍ നിന്ന് വേര്‍തിരിച്ചു എടുത്തവ ആണത്രേ!കാന്‍സര്‍ ചികിത്സയിലെ 1940 തൊട്ടു ഇത് വരെ ഉള്ള 175 മരുന്നുകളില്‍ 85 എങ്കിലും ഇതേ പോലെ പ്രകൃതിജന്യമായ ഉറവിടങ്ങളില്‍ നിന്ന് വേര്‍തിരിച്ചവ ആണ്.
ചുരുക്കം പറഞ്ഞാല്‍ മേല്‍പ്പറഞ്ഞ "ലക്ഷ്മി തരു" വിന്റെ ഗുണഗണങ്ങള്‍ കേട്ടാല്‍ അത്രയ്ക്ക് അത്ഭുതം തോന്നാന്‍ മാത്രം ഒന്നും ഇല്ല എന്നും നിരീക്ഷിക്കാം.
മരത്തിന്റെ ഭാഗങ്ങളില്‍ ഔഷധ ഗുണം ഉള്ള വസ്തുക്കള്‍ ഉണ്ടെന്നുള്ളത് ശരിയാണോ?
ശരിയാണ്. ഈ ചെടിയില്‍ നിന്നും ഔഷധ ഗുണം ഉള്ള പദാര്‍ഥങ്ങള്‍ വേര്‍പെടുത്തി എടുത്തു വിവിധ പഠനങ്ങളും പരീക്ഷണങ്ങളും ശാസ്ത്രം നടത്തിയിട്ടുണ്ട്.എന്നാല്‍ അത് മനുഷ്യരില്‍ മരുന്നായി പ്രയോഗിക്കുന്ന തരത്തില്‍ ഉള്ള വിശദമായ പഠനങ്ങളോ കണ്ടു പിടിത്തങ്ങളിലോ എത്തിയിട്ടില്ല എന്നാണു മനസ്സിലാക്കുന്നത്. ഔഷധ ഗുണങ്ങള്‍ക്ക് പ്രധാന കാരണം, സൈമോരുബ വൃക്ഷത്തില്‍ അടങ്ങിയിരിക്കുന്ന Quassinoids എന്ന plant alkaloids ഘടകങ്ങള്‍ ആണ്, ailanthinone, glaucarubinone, dehydroglaucarubinone and holacanthone തുടങ്ങി പലയിനം quassinoids ഇതില്‍ അടങ്ങിയിരിക്കുന്നു.
ഈ വസ്തുവിന് Anti Microbial properties & Cytotoxic properties  തുടങ്ങി ഒട്ടനവധി പ്രവര്‍ത്തനങ്ങല്‍ ഉണ്ടെന്നു സൂചിപ്പിക്കുന്ന പഠനങ്ങള്‍ ലഭ്യമാണ്. Cytotoxic properties അഥവാ കോശങ്ങളെ നശിപ്പിക്കാന്‍ ഉള്ള പ്രവര്‍ത്തനക്ഷമത ഉള്ളതിനാല്‍ കാന്‍സര്‍ കോശങ്ങളെയും നശിപ്പിക്കാന്‍ കഴിയും ,lymphocytic leukemia എന്ന രക്താര്‍ബുദം,ചിലയിനം ട്യൂമറുകള്‍ എന്നീ കാന്‍സര്‍ നു എതിരെ ഈ ചെടിയില്‍ നിന്ന് വേര്‍തിരിച്ച quassinoids  നു ഫലം ഉണ്ടെന്നു പഠനങ്ങള്‍ ഉണ്ട്.
*മലേറിയ ഉണ്ടാക്കുന്ന പ്ലാസ്മോഡിയത്തിനും,വയറുകടി ഉണ്ടാക്കുന്ന എന്ടമീബയ്ക്ക് എതിരെയും,വയറിളക്ക രോഗങ്ങള്‍ ഉണ്ടാക്കുന്ന ഷിഗെല്ല ,സാല്മോണെല്ല തുടങ്ങിയവയ്ക്ക് എതിരെയും ഈ quassinoids  പ്രവര്‍ത്തിക്കും അത്രേ!
*അള്‍സര്‍ രോഗങ്ങള്‍ക്ക് എതിരെ ഉള്ള പ്രവര്‍ത്തനം അള്‍സര്‍ ഉണ്ടാക്കുന്ന ഹെലികോ ബാക്റെര്‍ പൈലോറി യെ നശിപ്പിക്കുന്നത് കൊണ്ട് ആണെന്ന് പറയപ്പെടുന്നു.എന്നാല്‍ ഇന്ത്യയില്‍ എലികളില്‍ നടത്തിയ ഒരു പഠനത്തില്‍ ഇന്ടോമെതാസിന്‍ മരുന്ന്,മദ്യം എന്നിവ കൊണ്ട് ഉണ്ടാവുന്ന ആമാശയ അള്‍സര്‍ കുറയ്ക്കുന്നതിന് ഇത് സഹായിക്കുന്നു എന്ന് നിരീക്ഷിച്ചിട്ടുണ്ട്.(പ്രോസ്ടാഗ്ലാന്ടിന്‍ ഉല്‍പ്പാദനം കൂട്ടുന്നത് കൊണ്ടോ അല്ലെങ്കില്‍ അതിനു സമാനമായ  ഘടകം ഇതില്‍ അടങ്ങിയത് കൊണ്ടാവാം ഇത് എന്നു കരുതാം.)

ഈ മരത്തിന്റെ ഇല/തടി ഒക്കെ തിളപ്പിച്ച് കഴിച്ചാല്‍ പല പല അസുഖങ്ങള്‍ മാറും എന്ന് പറയുന്നതും /രോഗം വരുന്നത് പ്രതിരോധിക്കും എന്ന് പറയുന്നതും ശാസ്ത്രീയമായി ശരിയാണോ?
ഔഷധ ഗുണം ഉള്ള വസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്നത് കൊണ്ട് മാത്രം അത് ഏതെങ്കിലും തരത്തില്‍ ഏതെങ്കിലും ഒക്കെ അളവില്‍ അകത്താക്കുന്നത് ആശാസ്യകരം എന്ന് പറയുക വയ്യ അത് അശാസ്ത്രീയം ആണ് താനും. പ്രകൃതി ജന്യമായ വസ്തുക്കള്‍ക്ക് മനുഷ്യ ശരീരത്തില്‍ പ്രയോഗിച്ചാല്‍ പാര്‍ശ്വഫലങ്ങള്‍ ഇല്ല എന്നുള്ളതു അവാസ്തവം ആണ്.മനുഷ്യ ശരീരത്തില്‍ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യമായ വസ്തുക്കള്‍ക്ക് എല്ലാം തന്നെ ഗുണഫലങ്ങള്‍ പോലെ തന്നെ നമ്മള്‍ക്ക് താല്പര്യം ഇല്ലാത്ത ഫലങ്ങളും ഉണ്ട്.ആധുനിക ശാസ്ത്രത്തിനു പുറത്തുള്ള പല "മരുന്നുകള്‍ക്കും" പാര്‍ശ്വഫലം ഇല്ല എന്നുള്ള പ്രചരണം പലപ്പോളും അവാസ്തവം ആണ്,പാര്‍ശ്വഫലം കണ്ടെത്തിയിട്ടില്ല ആരും അതിനു മെനക്കെട്ടിട്ടില്ല എന്നതായിരിക്കും സത്യം.
മരുന്നിന്റെ പ്രവര്‍ത്തനം ഓരോ രോഗിയുടെയും പ്രായം,ജനിതക പരമായ സവിശേഷതകള്‍,ശരീരഘടന,മറ്റു രോഗാവസ്ഥകള്‍,കൂടെ ഉള്ളില്‍ ചെല്ലുന്ന മറ്റു വസ്തുക്കള്‍ എന്നിങ്ങനെ പല ഘടകങ്ങളെ ആശ്രയിച്ചു വിവിധം ആണെന്നിതിനാല്‍ ഓരോ ഔഷധ വസ്തുവിനും ന്യൂനപക്ഷത്തില്‍ എങ്കിലും പാര്‍ശ്വഫലങ്ങളും ഉണ്ടാക്കാന്‍ കഴിവുണ്ട്. ആയതിനാല്‍ തന്നെ ഒരു മരുന്നായി പ്രയോഗിക്കപെടുന്നതിനു മുന്‍പ് ഓരോ രോഗത്തിനും രോഗിക്ക് നല്‍കേണ്ട ഡോസ്,ആ വസ്തുവിന് ഡോസ് അനുശ്രുതമായി ശരീരത്തില്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍,പാര്‍ശ്വഫലങ്ങള്‍,മറ്റു മരുന്നുകളും ആയുള്ള പ്രതിപ്രവര്‍ത്തനങ്ങള്‍ എന്നിങ്ങനെ പഠന വിധേയം ആക്കെണ്ടതുണ്ട്.
ഇപ്പോള്‍ ഇതുമായി ബന്ധപ്പെട്ടു നടക്കുന്ന പ്രചരണത്തില്‍ ചികില്‍സാവിധിയില്‍ അത്തരം ഒരു നിര്‍ണ്ണയം നടന്നിട്ടില്ല കേവല നിരീക്ഷണങ്ങളും,വ്യക്തിഗത അനുഭവ സാക്ഷ്യങ്ങളും ആണ് അടിസ്ഥാനം.ആയതിനാല്‍ "ഒറ്റമൂലി എന്നോ ദിവ്യ ഔഷധം എന്നോ കരുതി അകത്താക്കുന്നതില്‍ അപകട സാധ്യത ഇല്ലാതെ ഇല്ല.
ഒരു പഠനത്തില്‍ പറയുന്നത് ഈ എക്സ്ട്രാക്റ്റ്ല്‍  "highly cytotoxic" ആയ വസ്തുക്കള്‍ അടങ്ങുന്നു എന്നാണു.ഇതിനാല്‍ ആണ് കാന്‍സര്‍ കോശങ്ങളെ കൊല്ലുന്നതു, ഫലത്തില്‍ കീമോ തെറാപ്പി മരുന്നുകളുടെ അതെ പ്രവര്‍ത്തനം ആണ് ഈ പദാര്‍ത്ഥം ചെയ്യുന്നത്.അത് കൊണ്ട് ഇങ്ങനെ ഇല തിളപ്പിച്ച് കഴിച്ചാല്‍ പാര്‍ശ്വഫലങ്ങള്‍ ഇല്ല എന്നുള്ള വാദം തെറ്റാവാന്‍ ആണ് എല്ലാ സാധ്യതകളും. പല വിധ കാന്‍സര്‍ കള്‍ക്ക് പല വിധ കാരണങ്ങളും സവിശേഷതകളും ആണ് ഉള്ളത്.അത് കൊണ്ട് തന്നെ ഈ പറഞ്ഞ പദാര്‍ഥങ്ങള്‍ എല്ലാ വിധ കാന്‍സര്‍ നും ഉള്ള മരുന്ന് ആവാന്‍ ഉള്ള സാദ്ധ്യതകള്‍ കുറവാണ്.
ഓണ്‍ലൈന്‍ പരതിയതില്‍ കണ്ടെത്തിയ പഠനങ്ങള്‍ തന്നെ ചിലതരം രക്താര്‍ബുദം,ലിംഫോമ എന്നിവക്കെതിരെയുള്ള പ്രയോഗസാ്യതയെപ്പറ്റി മാത്രമാണ് സൂചിപ്പിച്ചിരിക്കുന്നത്.മറ്റു ചില കാന്‍സര്‍കളെ കുറിച്ച് പഠനങ്ങള്‍ കുറവാണ്. ചിലതാവട്ടെ മൃഗങ്ങളില്‍ മാത്രം ഉള്ള പഠനങ്ങള്‍ ആണ്. ഇതില്‍ അടങ്ങിയിരിക്കുന്ന ഓരോ പദാര്‍ത്ഥവും പ്രത്യേകം വേര്‍തിരിച്ചു മരുന്നുകള്‍ ആക്കി ഉചിതമായ രീതിയില്‍ ഉപയോഗ യുക്തം ആക്കുക ആയിരിക്കും ഉചിതം (ഉദാ:മലേറിയയ്ക്ക് മരുന്ന് കഴിക്കുന്ന ഒരാളുടെ ശരീരത്തില്‍ കാന്‍സര്‍ ചികില്‍സയുടെ ഫലം ഉണ്ടാക്കേണ്ടതില്ലല്ലോ.)
ഇല തിളപ്പിച്ച് കഴിച്ചാല്‍ മരുന്നാവുമോ?
കാന്‍സര്‍ ചികില്‍സയ്ക്കു ഉപയോഗിക്കുന്ന പ്രമുഖ മരുന്നായ വിന്ക്രിസ്ടിന്‍ മരുന്നു ശവംനാറി ചെടിയില്‍


നിന്നുള്ള വിന്കാ ആല്‍ക്കലോയിഡ് പദാര്‍ഥത്തില്‍ നിന്നാണ് ഉല്‍പ്പാദിപ്പിക്കുന്നത് എന്നാല്‍ ഇതിന്റെ ഇല കടിച്ചു തിന്നാന്‍ ആരും ശ്രമിച്ചതായി അറിയില്ല.ഓരോ മരുന്നും ഏതു രൂപത്തില്‍ എത്ര അളവില്‍ എങ്ങനെ പ്രയോഗിക്കെണ്ടതാണ് എന്ന് ശാസ്ത്രീയമായി അറിയേണ്ടതുണ്ട്.ഉദാ: ചില മരുന്നുകള്‍ വായിലൂടെ കഴിക്കുമ്പോള്‍ (ചിലത് ഗുളിക മാത്രമായും,ചിലതും ദ്രവമരുന്ന് മാത്രമായോ ചിലത് രണ്ടു രൂപത്തിലോ ഉണ്ടായിരിക്കും, ഇതിനൊക്കെ പ്രസക്തി ഉണ്ട്) ചിലത് ഇന്‍ജെക്ഷന്‍ ആയി ആയിരിക്കും നല്‍കുക
.ഇങ്ങനെ ഒക്കെ പ്രത്യേകം നല്‍കുന്നതിന് പിന്നിലും ചില ശാസ്ത്രീയ വശങ്ങള്‍ ഉണ്ട് ഉദാ വായിലൂടെ കഴിക്കേണ്ട ഗുളിക കലക്കി ഇന്‍ജെക്ഷന്‍ നല്‍കുകയോ ഇന്‍ജെക്ഷന്‍ മരുന്ന് പൊട്ടിച്ചു കുടിക്കുകയോ ചെയ്യുന്നത് ആശാസ്യമാവില്ല.അത് പോലെ ഡോസ്മായി ബന്ധപ്പെട്ടു ഓരോ മരുന്നിനും പല എഫെക്റ്റ് ആയിരിക്കും.ഉദാ: മുന്‍പ് പറഞ്ഞ സസ്യത്തില്‍ നിന്ന് തന്നെ വേര്‍തിരിക്കുന്ന ഡിജിറ്റാലിസ് മരുന്ന് പല ഡോസില്‍ പല എഫക്റ്റ് ആണ് ഉണ്ടാക്കുക അല്പം ഡോസ് കൂടിയാല്‍ മരണം വരെ സംഭവിക്കാം!
ഡോസ് ഒക്കെ കൃത്യമായി നിശ്ചയിക്കാന്‍ കഴിയില്ലത്തതിനാല്‍ ഇത്തരം ഒരു കലക്കി കുടിക്കല്‍ ശാസ്ത്രീയമായി കണക്കാക്കാന്‍ കഴിയില്ല. ഗുണം ഉണ്ട് എങ്കിലും ഉപയോഗിക്കാന്‍ പാടില്ല എന്നാണോ പറഞ്ഞു വരുന്നത്?
എന്തെങ്കിലും ഗുണ ഫലം ഉള്ളത് കൊണ്ട് മാത്രം ഒരു ഔഷധ വസ്തു രോഗിയില്‍ പ്രയോഗിക്കപ്പെടുന്നത് ശാസ്ത്രീയ രീതി അല്ല .നിശ്ചിത സുരക്ഷ ഉണ്ടെന്നു കണ്ടെത്തി ഫലപ്രദമായി ഉപയോഗിച്ച് പോന്ന മരുന്നുകള്‍ പോലും പിന്നീട് നിരോധിക്കപ്പെട്ടിട്ടുള്ളത് അവയ്ക്ക് ഗുണം ഇല്ലാത്തത് കൊണ്ടല്ല,ആധുനിക വൈദ്യശാസ്ത്രം നിരന്തരം മരുന്നുകളെ പഠിക്കുന്നതിന്റെ ഭാഗമായി അപൂര്‍വമായതും,ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഉള്ളതും ആയ പുതിയ എന്തേലും ദോഷം കണ്ടു പിടിക്കപ്പെടുമ്പോള്‍ ഭൂരിഭാഗത്തിനും ഗുണം ഉണ്ടാക്കുന്ന ചില മരുന്നുകള്‍ പോലും പിന്നീട് ഉപയോഗിക്കാതെ ഇരുന്നിട്ടുണ്ട്.
അതിനാല്‍ ചില രോഗങ്ങള്‍ക്ക് എതിരെ ഉള്ള പ്രവര്‍ത്തനം ഉണ്ടെന്നതിനാലും ,പ്രകൃതിദത്തം ആണെന്ന് വിശ്വസിക്കുന്നത് കൊണ്ടും മാത്രം മറ്റു പാര്‍ശ്വഫലങ്ങള്‍ ഇല്ല എന്നും തികച്ചും സുരക്ഷിതമാണ് എന്നും കരുതുന്നത് മൌഢൃം ആവും.
*ഇതൊരു ഒറ്റമൂലി/അത്ഭുത ഔഷധം ആണെന്ന് ഉള്ള മഹത്വവല്‍ക്കരണവും പ്രചാരണവും ശാസ്ത്രാടിസ്ഥാനത്തില്‍ ഉള്ളത് അല്ല! പല വിധത്തില്‍ ഉള്ള ഔഷധ ഗുണങ്ങള്‍ ഉള്ള സ്ഥിതിക്ക് അനാവശ്യമായ ചില മരുന്നുകള്‍ രോഗം ഇല്ലാത്ത ആളില്‍ എത്തി പ്രഭാവം ഉണ്ടാക്കുന്നത് ആരോഗ്യപരം ആവണം എന്നില്ല.
അതിനാല്‍ ഈ മരത്തിന്റെ വിവിധ ഭാഗങ്ങളില്‍ അടങ്ങിയിരിക്കുന്ന ഔഷധ വസ്തുക്കളെ പ്രത്യേകം വേര്‍ തിരിച്ചു എടുത്തു ശാസ്ത്രീയമായി പഠിച്ചു ഉപയോഗയുക്തം ആക്കുന്നതിലെക്കായി ശാസ്ത്ര ലോകം പ്രത്യേക ശ്രദ്ധ ചെലുത്തട്ടെ.ഒരു കാരണവശാലും എഴുതി തള്ളാന്‍ പാടുള്ളതല്ല. .അതിനുള്ള നടപടി സര്‍ക്കാരും ഏറ്റെടുത്തു നടത്തട്ടെ. പിന്നെ ആധുനിക വൈദ്യ ശാത്രം കൈകാര്യം ചെയ്യുന്ന ഒരാള്‍ എന്ന നിലയില്‍ ഇത് കുറിപ്പടി ആയി എഴുതി കൊടുക്കാനോ ആധികാരികം അല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കാനോ എനിക്കോ സഹ ഡോക്ടര്‍മാര്‍ക്കോ നിയമപരമായും ധാര്‍മ്മികമായും അവകാശം ഇല്ല. എന്നാല്‍ കാന്‍സര്‍ പോലെ മരണം മുന്നില്‍ കാണുന്ന രോഗിക്ക് എന്തും ഒരു പിടി വള്ളി ആണ് ,അങ്ങനെ ആരെങ്കിലും സ്വന്തം ഇഷ്ടപ്രകാരം സ്വന്തം റിസ്കില്‍ കഴിക്കുന്നു എങ്കില്‍ അതിനെ തടയാനും ഒരു ഡോക്ടര്‍ക്കാവില്ല.
ഇതുപയോഗിച്ചുള്ള ചികില്‍സയും ആയി ബന്ധപ്പെട്ടു കഴിഞ്ഞ അഞ്ചു വര്‍ഷത്തോളം ആയിട്ടുള്ള കുറെ അധികം അനുഭവ സാക്ഷ്യങ്ങള്‍" ഓണ്‍ലൈന്‍ വായിച്ചു ഇതില്‍ നിന്ന് എല്ലാം മനസ്സിലാക്കുന്നത്,
*കാന്‍സര്‍നു മറ്റു ചികില്‍സ എടുത്തവര്‍ ഇത് കൂടെ കൂട്ടത്തില്‍ കഴിക്കുക ആണ് ഉണ്ടായത്,പലര്‍ക്കും കൂടുതല്‍ ആശ്വാസവും,മെച്ചപ്പെട്ട അവസ്ഥയും ഉണ്ടായി,ഇത് എടുത്തിട്ടും മരണപ്പെട്ടവരുടെ അനുഭവവും വായിച്ചു എല്ലാം സാധാരണക്കാരന്റെ വ്യക്തിഗത അനുഭവങ്ങള്‍ ആയിരുന്നു
.*ഇത് മാത്രമായി കഴിച്ചു കാന്‍സര്‍നെ നേരിട്ട അനുഭവം ആരും പറഞ്ഞു കേട്ടില്ല. ഇതിനെ വ്യാവസായിക അടിസ്ഥാനത്തില്‍ ദുരുപയോഗം ചെയ്യാന്‍ പ്രവണത ഉണ്ടായാല്‍ അത് തടയുകയും ചെയ്യണം എന്നാണു അഭിപ്രായം.ഇതുമായി ബന്ധപ്പെട്ട വ്യാജ അവകാശ വാദങ്ങളിലോ തട്ടിപ്പുകളിലോ പെട്ട് ആരുടേയും കാശ് പോവാതെ ഇരിക്കട്ടെ എന്ന് മുന്പേര്‍ ആയി ആശംസിക്കുന്നു.
പ്രശസ്ത അര്‍ബുദ രോഗചികില്‍സകനായ ഡോ. വി പി ഗംഗാധരന്‍   ഈ വിഷയത്തില്‍ എഴുതിയ പ്രതികരണം വായിച്ചു. അദ്ദേഹത്തോട് ഉള്ള എല്ലാ ബഹുമാനവും നില നിര്‍ത്തിക്കൊണ്ട് പറയുന്നു. അദ്ദേഹം ഈ വിഷയത്തില്‍ അല്പം മുന്‍വിധിയോടെ ആണ് സമീപിച്ചിരിക്കുന്നത് എന്ന് തോന്നുന്നു.ആന്റി ഒക്സിടന്റ്റ് ന്റെ സാന്നിധ്യം അല്ല ഇതില്‍ ഉള്ളത് കാന്‍സര്‍കോശങ്ങള്‍ക്ക് എതിരെ തന്നെ പ്രവര്‍ത്തിക്കുന്ന വസ്തുക്കള്‍ അടങ്ങിയിരിക്കുന്നു എന്ന വസ്തുത അദ്ദേഹം ശ്രദ്ധിക്കാതെ പോയിട്ടുണ്ട്. ഇതിനു മറ്റു ചില പ്രവര്‍ത്തനങ്ങളും ഉണ്ട് എന്ന് ചില പഠനങ്ങള്‍ കണ്ടു..അതായത് mitochondrial activity വര്‍ധിപ്പിക്കുന്നു എന്നും മറ്റും. അതും പരിശോധിക്കപെടട്ടെ.