Monday

പനി വരുന്നതിന് മുമ്പ്

പനി പേടിപ്പിച്ചു തുടങ്ങിയിരിക്കുന്നു, പ്രതിദിനം വർദ്ധിക്കുന്ന മരണങ്ങളിലൂടെ. അൽപ്പമൊന്നു സൂക്ഷിച്ചില്ലെങ്കിൽ വെറും പനി ഗുരുതരമായി മാറും. ഡെങ്കി പനി, ചിക്കുൻ ഗുനിയ, എലിപ്പനി എന്നിങ്ങനെ പനികൾ പല തരത്തിലാണ് വന്നെത്തുന്നത്. പണ്ട് പനി വന്നു പോകുന്ന വല്ലായ്മയായിരുന്നെങ്കിൽ കേൾക്കുമ്പോൾ തന്നെ ആശുപത്രിയിലേക്ക് ഓടേണ്ട സ്ഥിതിയിലാണിന്ന്.

അറിയാം ഡെങ്കി പനിയെ
ഡെങ്കി വൈറസ്സുകൾ മൂലം ഉണ്ടാകുന്ന രോഗമാണ് ഡെങ്കിപ്പനി. നാലുതരം ഡെങ്കി വൈറസുകൾ ഉണ്ട്. ഈ രോഗം പരത്തുന്നത് ഈഡിസ് ഈജിപ്റ്റെ എന്ന പ്രത്യേകതരം കൊതുകുകൾ ആണ്. മലേറിയ, മന്തുരോഗം, മഞ്ഞപ്പനി എന്നിവയാണ് കൊതുകുകൾ പടർത്തുന്ന മറ്റു രോഗങ്ങൾ.

രോഗം വരുന്ന വഴി
ഡെങ്കിപ്പനിക്ക് കാരണമായ വൈറസിനെ ശരീരത്തിൽ വഹിക്കുന്ന കൊതുകുകൾ ഒരാളെ കടിക്കുകയാണെങ്കിൽ വൈറസ് മനുഷ്യന്റെ രക്തത്തിലേക്ക് പ്രവേശിക്കുന്നു. ഈ സൂക്ഷ്മാണുക്കൾ പെരുകി രോഗത്തിന് കാരണമാകും. സൂക്ഷ്മാണുക്കളുടെ എണ്ണവും അതിന്റെ പ്രവർത്തനശേഷിയും വൈറസ് പ്രവേശിക്കുന്ന ആളുടെ പ്രതിരോധശേഷിയും അനുസരിച്ചാണ് രോഗത്തിന്റെ കാഠിന്യം അനുഭവപ്പെടുന്നത്. കേരളത്തിൽ ഈ രോഗം നേരത്തെ ഉണ്ടായിരുന്നില്ല. കഴിഞ്ഞ അഞ്ച്, ആറ് വർഷങ്ങളായിട്ടാണ് ഡെങ്കിപ്പനി കേരളത്തിൽ അധികമായി കണ്ടുവരുന്നത്. ഇതിനുള്ള കാരണങ്ങൾ പൂർണമായും വ്യക്തമല്ല. തൊട്ടടുത്തുള്ള സംസ്ഥാനങ്ങളിൽ നിന്ന് വൈറസ് കേരളത്തിൽ എത്തിയിട്ടുണ്ട് എന്നാണ് നിഗമനം.

ലക്ഷണങ്ങൾ ഇങ്ങനെ
വൈറസ് ശരീരത്തിൽ പ്രവേശിച്ച് രണ്ടുമുതൽ ഏഴുവരെയുള്ള ദിവസങ്ങൾക്കുള്ളിൽ രോഗിക്ക് കഠിനമായ പനിയും തലവേദനയും കണ്ണിനുവേദന, പുറം വേദന, മസിലിന് വേദന എന്നിവയും അനുഭവപ്പെടുന്നു. ദേഹത്ത് ഒരു പൊക്കൽ ആദ്യ ദിവസം തന്നെ കാണാം. ചിലപ്പോൾ കഴുത്തിന് രണ്ടുവശമുള്ള കഴലകൾ വലുതാകുവാനും ഇടയുണ്ട്. രോഗം ഒരാഴ്ച സാധാരണ നീണ്ടുനിൽക്കും. വിശപ്പില്ലായ്മ, ഛർദ്ദി, ത്വക്കിന്റെ അലർജി,രോഗാരംഭത്തിൽ കണ്ടുവരുന്ന പൊക്കൽ ശരീരത്തിൽ തുടങ്ങി കാലുകളിലോട്ടും മുഖത്തോട്ടും വ്യാപിക്കുക. മൂക്കിൽ കൂടി രക്തസ്രാവം, ദേഹത്ത് ചുവന്ന പാടുകൾ, വയറ്റിൽ അൾസർ തുടങ്ങിയ രോഗങ്ങൾ ഉണ്ടെങ്കിൽ കൂടുതൽ രക്തസ്രാവം ഉണ്ടാകുവാനും സാദ്ധ്യതയുണ്ട്.

ചികിത്സ
ഡെങ്കി വൈറസിന് എതിരായി മരുന്നുകൾ ഒന്നും കണ്ടുപിടിക്കപ്പെട്ടിട്ടില്ല. രോഗലക്ഷണങ്ങൾ കുറയ്ക്കുവാനുള്ള ചെറിയ ചികിത്സകൾ മാത്രം ചെയ്താൽ മതി. ഉദാഹരണമായി പനിയും മേലുവേദനയും ഉള്ള ഒരു രോഗിക്ക് പാരസെറ്റമോൾ ക്രമമായി കൊടുക്കാം. ഡെങ്കിപ്പനി കാരണം പ്‌ളേറ്റ്ലറ്റ്‌സ് രക്തത്തിൽ കുറയുന്നത് സർവസാധാരണമാണ്. എന്നാൽ പ്‌ളേറ്റ്ലറ്റ്‌സ് കുറയുന്നതനുസരിച്ച് അത് നേരെ ആക്കുവാൻ പ്‌ളേറ്റ്ലറ്റ്‌സ് ട്രാൻസ്ഫ്യൂഷന്റെ ആവശ്യം ഇല്ല. പ്‌ളേറ്റ്ലറ്റ്‌സ് അളവ് 20,000ത്തിൽ താഴെ ആണെങ്കിലോ രക്തസ്രാവം കൂടുതൽ ഉണ്ടെങ്കിലോ പ്‌ളേറ്റ്ലറ്റ്‌സ് ട്രാൻസ്ഫ്യൂഷൻരോഗിക്ക് നൽകണം. ഈ കാരണങ്ങൾ കൂടാതെ പ്‌ളേറ്റ്ലറ്റ്‌സ് ട്രാൻസ്ഫ്യൂഷൻ അനാവശ്യമായി കൊടുക്കുകയും രോഗികളെ പരിഭ്രാന്തരാക്കി തീർക്കുകയും ചെയ്യുന്നത് ശരിയായരീതിയല്ല.

അപകടകാരികളുമുണ്ട്
ഡെങ്കി ഹെമറാജിക് ഫീവർ, ഡെങ്കി ഷോക്ക് സിൻഡ്രോം എന്നീ അപകടകാരികളായ രോഗങ്ങളുള്ളവരെ തീവ്രപരിചരണകേന്ദ്രത്തിൽ വേണം ചികിത്സിപ്പിക്കാൻ. ഇവിടെ ഓക്‌സിജൻ, ഡ്രിപ്പ്, പ്‌ളേറ്റ്ലറ്റ് മുതലായവ കൊടുത്തു ചികിത്സിക്കണം. നല്ല ചികിത്സ ലഭിക്കുകയാണെങ്കിൽ മരണ ശതമാനം ഒന്നോ രണ്ടോ ആയി കുറയ്ക്കാം.

പ്രതിരോധ നടപടികൾ
കഴിഞ്ഞ അഞ്ചുവർഷമായി കേരളത്തെ അലട്ടികൊണ്ടിരിക്കുന്ന വലിയ ആരോഗ്യപ്രശ്നമാണ് ഡെങ്കിപ്പനി. ഡെങ്കി വൈറസിനെ പരത്തുന്ന ഈഡിസ് ഈജിപ്റ്റെ കൊതുകുകളെ നിർമ്മാർജ്ജനം ചെയ്യുകയാണ് പ്രതിരോധത്തിനുള്ള ഏക പോംവഴി. പക്ഷേ എളുപ്പത്തിൽ സാധിക്കുന്ന കാര്യമല്ല ഇത്. വെള്ളം കെട്ടി നിൽക്കുന്ന അനേക സ്ഥലങ്ങൾ കൊതുകു വളർത്തൽ കേന്ദ്രങ്ങളാണ്. കൊതുകിനെ നശിപ്പിക്കുന്ന മരുന്നുകൾ പലപ്പോഴും നിർവീര്യമാകുന്നു. ഡെങ്കിപ്പനിക്ക് എതിരായുള്ള വാക്‌സിനേഷൻ പരീക്ഷിച്ച് വരികയാണ്. ആദ്യഘട്ട പരീക്ഷണങ്ങൾ വിജയമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. രോഗത്തെക്കുറിച്ചുള്ള അറിവ് വർദ്ധിപ്പിക്കുകയും കൊതുക് നിർമ്മാർജ്ജന മാർഗ്ഗങ്ങളിൽ അവരെ കൂടി ഉൾപ്പെടുത്തുക എന്നതും വളരെ പ്രധാനമാണ്.