Monday

പ്രമേഹത്തിന് നൂതന ചികിത്സാരീതികള്‍

  ഡോ.ജോതിദേവ് കേശവദേവ്

പ്രമേഹത്തിന് പഴയ മരുന്നുകളുമുണ്ട്, പുതിയ മരുന്നുകളും ചികിത്സാവിധികളുമുണ്ട്. ചിലവ തമ്മില്‍ കാര്യമായ വ്യത്യാസവുമുണ്ട്.പഴയ പല മരുന്നുകളും രോഗത്തെ ചികിത്സിക്കുന്നതിനുപകരം രോഗലക്ഷണങ്ങളെ മാത്രമാണ് ചികിത്സിച്ചിരുന്നത്. ഉദാഹരണത്തിന്, വളരെ വിലകുറഞ്ഞ, ആഹാരത്തിന് പത്തോ പതിനഞ്ചോ മിനിറ്റ്മുമ്പു കഴിക്കുന്ന മിക്കവാറും ഗുളികകളും പാന്‍ക്രിയാസില്‍നിന്ന് ഇന്‍സുലിന്‍ ഉല്‍പ്പാദിപ്പിച്ച് രക്തത്തിലെ പഞ്ചസാര കുറയ്ക്കുന്നവ മാത്രമാണ്. എന്നാല്‍ കഴിഞ്ഞ 10 വര്‍ഷങ്ങള്‍ക്കിടയിലുണ്ടായ പുതിയ പല ഔഷധങ്ങളും രക്തത്തിലെ പഞ്ചസാര കുറയ്ക്കുന്നതോടൊപ്പം പാന്‍ക്രിയാസിലെ ഇന്‍സുലിന്റെ ഉല്‍പ്പാദനം കുറയാതെ സംരക്ഷിക്കുകയും അതോടൊപ്പം രക്തത്തിലെ പഞ്ചസാര ഗുരുതരമായി പെട്ടെന്ന് താഴ്ന്നുപോകാതിരിക്കാന്‍തക്കവിധത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.ഏറ്റവും പുതുതായി പുറത്തിറങ്ങിയ എസ്ജിഎല്‍ടി2(SGLT2) ഇന്‍ഹിബിറ്റേഴ്സ് (Dapagliflozin, Canagliflozin) ഗണത്തില്‍പ്പെടുന്ന ഗുളികകള്‍ രക്തത്തിലെ ഉയര്‍ന്ന പഞ്ചസാര മൂത്രത്തിലൂടെ പുറത്തേക്ക് ഒഴുക്കിക്കളയുന്നു. ഇങ്ങിനെ സംഭവിക്കുന്നതുവഴി പഞ്ചസാര ശരീരത്തില്‍നിന്നു നഷ്ടമാകുന്നു എന്നു മാത്രമല്ല, ശരീരഭാരം കുറയുന്നതിനും ഇതു സഹായമാകുന്നു. പ്രമേഹരോഗികള്‍ക്ക്, പ്രമേഹം ഇല്ലാത്തവര്‍ക്ക് രക്തത്തില്‍ പഞ്ചസാര ഉയരുമ്പോള്‍ സംഭവിക്കുന്നതു പോലെ അതു മൂത്രത്തിലൂടെ പെട്ടെന്ന് നഷ്ടമാകുന്നില്ല. റീനല്‍ ത്രെഷോള്‍ഡ് പ്രമേഹരോഗികളില്‍ വളരെ ഉയര്‍ന്ന നിലയിലാകും. ഇതു താഴേക്ക് കൊണ്ടുവരികയാണ് ഗ്ലിഫ്ലോസിന്‍സ് ഗണത്തില്‍പ്പെടുന്ന നൂതന ഔഷധങ്ങള്‍ ചെയ്യുന്നത്. GLP-1 RA വിഭാഗത്തില്‍പ്പെടുന്ന Victoza, Trulictiy തുടങ്ങിയ ഇഞ്ചക്ഷനുകള്‍ ദിവസവും അല്ലെങ്കില്‍ ആഴ്ചയിലൊരിക്കല്‍ എടുക്കുന്നതിലൂടെ പഞ്ചസാര നിയന്ത്രണവിധേയമാകുകയും ശരീരഭാരം ഒരുപരിധിവരെ നഷ്ടപ്പെടാന്‍ സഹായിക്കുകയും ചെയ്യുന്നു.ഇന്ത്യന്‍വിപണിയില്‍ പുതുതായി എത്തുന്ന 640എ എന്ന ഇന്‍സുലിന്‍പമ്പ് ആര്‍ട്ടിഫിഷ്യല്‍ പാന്‍ക്രിയാസ് അല്ലെങ്കില്‍ കൃത്രിമ പാന്‍ക്രിയാസ് ഗണത്തില്‍പ്പെടുന്ന പ്രഥമ ഇന്‍സുലിന്‍ പമ്പ് ആണ്. ആഗോളവിപണിയില്‍ ഇതിനകംതന്നെ തരംഗങ്ങള്‍ സൃഷ്ടിച്ച ആര്‍ട്ടിഫിഷ്യല്‍ പാന്‍ക്രിയാസിന് അഞ്ചുമുതല്‍ ആറുലക്ഷം രൂപവരെയാണ് വില. പ്രതിമാസം 10,000 രൂപയിലേറെ തുടര്‍ചികിത്സാ ചെലവുമുണ്ടാകും. രക്തത്തിലെ പഞ്ചസാര കുറഞ്ഞു പോകുന്നത് സ്വയം മനസ്സിലാക്കി അത് യഥാര്‍ഥത്തിലും സംഭവിക്കുന്നതിന് ഏകദേശം അരമണിക്കൂര്‍മുമ്പ് ഇന്‍സുലിന്‍ അകത്തേക്ക് കടക്കുന്നത് നിലയ്ക്കുന്നു. രക്തത്തിലെ പഞ്ചസാര പൂര്‍വാവസ്ഥയിലെത്തുമ്പോള്‍ പമ്പ് തനിയെ പ്രവര്‍ത്തിച്ചുതുടങ്ങുന്നു. എല്ലാ നൂതന ഔഷധങ്ങളും നൂതന ഗണത്തില്‍പ്പെടുന്ന ഇന്‍സുലിന്‍ പമ്പുകളും വളരെ വിലക്കൂടുതലുള്ളവയാണ്.രോഗികള്‍ പ്രത്യക്ഷത്തില്‍ ശ്രദ്ധിക്കുന്നത് ഡോക്ടര്‍ എഴുതിക്കൊടുക്കുന്ന ഔഷധങ്ങളുടെ എണ്ണവും ഔഷധങ്ങളുടെ വിലയുമാണ്. എണ്ണം വളരെ കൂടുതലാണ് എങ്കില്‍ പല രോഗികളും അതില്‍ കുറെയെണ്ണം ഉപയോഗിക്കേണ്ട എന്നു സ്വയം തീരുമാനിക്കുന്നു. അല്ലെങ്കില്‍ മറ്റൊരു ഡോക്ടറുടെ അടുത്തേക്ക് പോകുന്നു. ചില രോഗികള്‍ ഔഷധങ്ങളുടെ വില കൂടുതലാണെങ്കില്‍ കുറഞ്ഞവിലയ്ക്കുള്ള ഔഷധങ്ങള്‍ ആവശ്യപ്പെടുകയോ മറ്റൊരു ഡോക്ടറുടെ അടുത്ത് ചികിത്സക്ക് പോകുകയോ ചെയ്യുന്നു. എന്നാല്‍ രോഗികള്‍ ശ്രദ്ധിക്കേണ്ടതായ പ്രധാന കാര്യമുണ്ട്. പ്രമേഹം ഒരു മെറ്റബോളിക് സിന്‍ഡ്രോം ആണ്. രക്തത്തിലെ പഞ്ചസാര ഉയര്‍ന്നുനില്‍ക്കുന്നതുതന്നെ പല കാരണങ്ങള്‍ കൊണ്ടാണ്. അതിനുതന്നെ വേണ്ടിവരും ഒന്നിലധികം ഔഷധങ്ങള്‍. അതോടൊപ്പം പല രോഗികള്‍ക്കും രക്തസമ്മര്‍ദം, അമിതമായ കൊഴുപ്പ്, വൃക്കയിലെ രോഗം, ഹൃദയത്തിലെ രോഗം, അനുബന്ധരോഗങ്ങള്‍ തടയുവാനായി തൈറോയ്ഡ്, വൈറ്റമിന്‍ ഡി, യൂറിക് ആസിഡ് എന്നിങ്ങനെ പല രോഗങ്ങള്‍ക്കും അല്ലെങ്കില്‍ രോഗപ്രതിരോധത്തിനും ഔഷധങ്ങള്‍ ആവശ്യമായിവരും. രണ്ടും നാലും ഔഷധങ്ങള്‍ ഒരുമിച്ചുള്ള ഒറ്റഗുളിക കഴിക്കുന്നതിനെക്കാള്‍ പലപ്പോഴും ഓരോ ഔഷധത്തിന്റെയും അളവ് കുറവാകും അത് മൂന്നോ നാലോ ആയി സ്വീകരിക്കാന്‍ കഴിഞ്ഞാല്‍. -



അനുബന്ധരോഗങ്ങള്‍പ്രമേഹത്തിന്റെ തുടക്കത്തില്‍ത്തന്നെ ധാരാളം രോഗികള്‍, പ്രത്യേകിച്ചും ചെറുപ്പക്കാന്‍ ആയുര്‍വേദ ചികിത്സ തേടുന്നുണ്ട്. എന്നാല്‍ ഏറെപ്പേരും അനുബന്ധരോഗങ്ങള്‍ക്കായാണ് ആയുര്‍വേദത്തെ ആശ്രയിക്കുന്നത്. സപ്തധാതുക്കള്‍ക്കും തകരാറുണ്ടാക്കുന്ന രോഗമായതിനല്‍ രക്തധമനികള്‍, നാഡികള്‍, കണ്ണുകള്‍, വൃക്കകള്‍, ഹൃദയം, ത്വക്, സന്ധികള്‍ എന്നീ ഭാഗങ്ങളെ തകരാറിലാക്കുന്ന പ്രമേഹത്തിന്റെ അനുബന്ധരോഗങ്ങള്‍ ഗൗരവമുള്ളവയാണ്.
പ്രമേഹപിടകകള്‍ (Carbuncle) പ്രമേഹം അനിയന്ത്രിതമാകുമ്പോഴാണ് പലപ്പോഴും ശരീരത്തില്‍ പലഭാഗത്തും കുരുക്കള്‍ ഉണ്ടാകുന്നത്. വേദനാജനകവും, പഴുപ്പ്, പനി എന്നീ ലക്ഷണങ്ങളോടുകുടിയതുമാകും. ചിട്ടയായ ചികിത്സയാല്‍ ഭേദപ്പെടുത്താവുന്നതാണ്.
രോഗാണുബാധപ്രതിരോധശേഷി കുറഞ്ഞിരിക്കുന്നതിനാല്‍ പലവിധ അണുബാധയുമുണ്ടാകാം. ശ്വാസകോശരോഗങ്ങള്‍, ത്വക്രോഗങ്ങള്‍ ഇവയൊക്കെ കാരണമാകും.
നാഡി തകരാറുകള്‍ (Diabetic neuropathy) നീണ്ടുനില്‍ക്കുന്ന പ്രമേഹരോഗത്താല്‍ നാഡികോശങ്ങള്‍ ക്ഷീണിതമാകുമ്പോള്‍ വേദന, തരിപ്പ്, തൊട്ടാല്‍ അറിയായ്മ, ശരീരത്തില്‍ ഉറുമ്പിഴയുംപോലെ തോന്നല്‍, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങളുണ്ടാവും. പേശികളുടെ ബലം കുറയുക, ശരീരം മെലിയുക, ലൈംഗികശേഷിക്ക് കുറവ് സംഭവിക്കുക തുടങ്ങിയ പ്രശ്നങ്ങള്‍ തുടര്‍ന്നുണ്ടാകാം. നാഡികളുടെ ക്ഷീണംമാറ്റാനും പേശികളുടെ ബലംവര്‍ധിപ്പിക്കാനും മറ്റുമുള്ള ഘൃതങ്ങള്‍ ഉള്‍പ്പെടെയുള്ള അനേക ഔഷധങ്ങള്‍, പിഴിച്ചില്‍, ഞവരക്കിഴി, വസ്തി തുടങ്ങിയ ചികിത്സാക്രമങ്ങള്‍ ഇവയെല്ലാം ആയുര്‍വേദത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്.
കാഴ്ച തകരാറുകള്‍ (Diabetic retinopathy) നേത്രങ്ങളിലെ രക്തക്കുഴലുകള്‍ക്ക് സംഭവിക്കുന്ന അപചയത്തിന്റെ ഫലമായി കാഴ്ചശക്തി തകരാറിലാക്കുന്നു. സൂക്ഷ്മകോശങ്ങള്‍ക്ക് നാശം സംഭവിക്കുന്നു. മാലിന്യങ്ങള്‍ അടിഞ്ഞുകൂടുന്നു. ദൃഷ്ടിപടലത്തില്‍ പലതരത്തിലുള്ള തടസ്സങ്ങളുണ്ടായി കാഴ്ചശക്തി കുറയുന്നു.
വൃക്കയിലുണ്ടാകുന്ന തകരാറുകള്‍ (Diabetic nephropathy) ഇരുപതു വര്‍ഷത്തിലധികം പ്രമേഹത്തിന് പഴക്കമുണ്ടാവുമ്പോള്‍ വൃക്കകളെ ബാധിക്കുന്നു. രക്താതിമര്‍ദവുംകൂടിയാകുമ്പോള്‍ സാധ്യത കൂടുതലാകുന്നു.
കാലിലെ വ്രണങ്ങള്‍പ്രമേഹരോഗികളില്‍ പാദങ്ങളിലേക്കുള്ള രക്തചംക്രമണം കുറയുകയും നാഡിവൈകല്യങ്ങള്‍ ഉണ്ടാകുകയും ചെയ്യുന്നു. ധാതുക്കള്‍ക്കുണ്ടാകുന്ന നശീകരണത്താല്‍ വ്രണങ്ങളുണ്ടാകാന്‍ തുടങ്ങുന്നു. പ്രമേഹചികിത്സയില്‍ ആയുര്‍വേദ ഔഷധങ്ങളും ശരീരത്തെ ശുദ്ധിചെയ്യാനായി പഞ്ചകര്‍മ ചികിത്സകളും ചെയ്താല്‍ അനുബന്ധ രോഗങ്ങളെ തീര്‍ച്ചയായും തടഞ്ഞുനിര്‍ത്താന്‍കഴിയും.