Monday

രക്തസമ്മര്‍ദം രോഗമാകുമ്പോള്‍

ഡോ.കെ മുരളീധരന്‍പിള്ള



ജീവിതരീതിയില്‍ വന്ന മാറ്റങ്ങളും അനാരോഗ്യകരമായ ഭക്ഷണരീതിയും വര്‍ധിച്ച മാനസികസമ്മര്‍ദവും സമൂഹത്തില്‍ രക്തസമ്മര്‍ദാധിക്യം എന്ന അവസ്ഥ വ്യാപകമാകാന്‍ കാരണമായി. പാരമ്പര്യവും പ്രായാധിക്യവും ഒരു പരിധിവരെ ഈ അവസ്ഥയ്ക്കു കാരണമാണ്. നിയന്ത്രിക്കപ്പെടാത്ത പ്രമേഹം, അമിതമായ മദ്യപാനവും പുകവലിയും അമിതവണ്ണം ഉയര്‍ന്ന കൊളസ്ട്രോള്‍നിലയും മറ്റും ചില അടിസ്ഥാന കാരണങ്ങളാണ്.
ആധുനിക വൈദ്യരീതിയനുസരിച്ച് ഹൈപ്പര്‍ ടെന്‍ഷന്‍ എന്ന അമിതരക്തസമ്മര്‍ദത്തെ മനസ്സിലാക്കാന്‍ വലിയ ബുദ്ധിമുട്ടില്ല. ആയുര്‍വേദരീതിയില്‍ ഈ അവസ്ഥയെ ശാസ്ത്രീയമായി വിവരിക്കാന്‍ പ്രയാസമുണ്ട്. ഹൃദയവും മനസ്സും സിരാധമനികളും മുഴുവന്‍ ശരീരംതന്നെയും അധിഷ്ഠാനമായുള്ള രക്താതിമര്‍ദം ഒരു മനോ-ശരീരജന്യ രോഗമായി കണക്കാക്കാം.
ഹൃദയം പമ്പ്ചെയ്യുന്ന രക്തം ധമനികളില്‍ക്കൂടിയാണ് ശരീത്തിന്റെ വിവിധ ഭാഗങ്ങളിലെത്തുന്നത്. ഈ സഞ്ചാരത്തിനിടയില്‍ രക്തം ധമനിഭിത്തികളില്‍ ഏല്‍പ്പിക്കുന്ന സമ്മര്‍ദമാണ് രക്തസമ്മര്‍ദം അഥവാ ബ്ലഡ്പ്രഷര്‍. "നിശബ്ദകൊലയാളി' എന്നു വിശേഷിപ്പിക്കുന്ന അമിതരക്തസമ്മര്‍ദം, പ്രത്യേകലക്ഷണങ്ങളൊന്നും രോഗികളിലുണ്ടാക്കാതെ, വര്‍ഷങ്ങള്‍കൊണ്ട് ശരീരത്തിലെ മസ്തിഷ്കം, വൃക്കകള്‍, നേത്രങ്ങള്‍, ധമനികള്‍ തുടങ്ങിയ പ്രധാന അവയവങ്ങള്‍ക്ക് കേടുവരുത്തി മരണകാരിയാകുന്നു. സാധാരണ അമ്പതുകഴിഞ്ഞവരിലാണ് ഈ അവസ്ഥ കാണാറുള്ളതെങ്കിലും ഇപ്പോഴിത് ചെറുപ്പക്കാരിലും കണ്ടുവരുന്നുണ്ട്.
നമ്മുടെ പൂര്‍വികള്‍ പൂര്‍ണമായും കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്നതിനാല്‍, ദിനചര, ഋതുചര്യ എന്നിവയില്‍ ശ്രദ്ധിക്കാനും സാധിച്ചിരുന്നു. കൃത്രിമാഹാരം ഒഴിവാക്കി ആരോഗ്യസംരക്ഷണത്തിനുതകുന്ന മായംചേര്‍ക്കാത്ത ഭക്ഷണപാനീയങ്ങള്‍ സ്വന്തം വീട്ടില്‍നിന്നുതന്നെ ലഭ്യമാക്കാനും ശ്രദ്ധിച്ചിരുന്നു. ജൈവവളങ്ങള്‍ ഉപയോഗിച്ച് ആവശ്യമായ ഭക്ഷ്യവസ്തുക്കള്‍ അവര്‍ സ്വയം ഉല്‍പ്പാദിപ്പിച്ചിരുന്നു. സംഘര്‍ഷരഹിതവും നിര്‍മലവുമായ സാഹചര്യത്തില്‍ മനഃസ്വസ്ഥതയോടെ കഴിഞ്ഞുകൂടാന്‍ അവര്‍ക്കു സാധിച്ചു. അന്തരീക്ഷമലിനീകരണം ഒട്ടും ഉണ്ടായിരുന്നില്ല. ബ്രാഹ്മമുഹൂര്‍ത്തത്തില്‍ ഉണരാനും വയലേലകളില്‍ കഠിനാധ്വാനം ചെയ്യാനും അവര്‍ ശ്രദ്ധിച്ചു. മനഃസംഘര്‍ഷങ്ങള്‍ അവരെ അലട്ടിയിരുന്നില്ല. ചുരുക്കത്തില്‍ സംശുദ്ധമായ ആഹാരപാനീയങ്ങള്‍, മതിയായ വ്യായാമം, ആകാംക്ഷയും ആകുലചിന്തകളുമില്ലാത്ത മാനസികാവസ്ഥ എന്നിവ രക്തസമ്മര്‍ദാധിക്യം എന്ന അവസ്ഥ ഇല്ലാതാക്കി.
പാരമ്പര്യം, പ്രായാധിക്യം, അമിതവണ്ണം, കായികാധ്വാനം ഇല്ലാത്ത അവസ്ഥ, വര്‍ധിച്ച പുകവലി, അമിത മദ്യപാനവും ആകുലചിന്തകളും കൊഴുപ്പിന്റെയും ഉപ്പിന്റെയും അമിതോപയോഗം, പ്രമേഹരോഗം, അമിതമാംസോപയോഗം, വര്‍ധിച്ച കൊളസ്ട്രോള്‍, ധമനീപ്രതിചയം (Atherosclerosis) പോലുള്ള രോഗാവസ്ഥകള്‍ എന്നിവ രക്തസമ്മര്‍ദം വര്‍ധിക്കുന്നതിനുള്ള അനുകൂല ഘടകങ്ങളാണ്.
സാധാരണനിലയില്‍ രക്തസമ്മര്‍ദാധിക്യത്തിന് പ്രത്യേക ലക്ഷണങ്ങളൊന്നും വ്യക്തിക്കനുഭവപ്പെട്ടുകൊള്ളണമെന്നില്ല. മറ്റെന്തെങ്കിലും രോഗത്തോടനുബന്ധിച്ചുള്ള പരിശോധനയ്ക്കിടയിലാകും മിക്കവാറും വര്‍ധിച്ച രക്തസമ്മര്‍ദം കണ്ടെത്തുക. ക്രമേണയായിട്ടായിരിക്കും-ചിലപ്പോള്‍ വര്‍ഷങ്ങള്‍കൊണ്ട്- രക്തസമ്മര്‍ദം വര്‍ധിച്ച് ഒരു രോഗം എന്ന നിലയിലേക്കെത്തിച്ചേരുന്നത്. ചിലരില്‍ പ്രത്യേകിച്ച് കാരണങ്ങളൊന്നും ചൂണ്ടിക്കാണിക്കാനില്ലാതെയായിരിക്കും രക്തസമ്മര്‍ദാധിക്യം (Idiopathic Hypertension) ഉണ്ടാകുക. പലപ്പോഴും രക്തസമ്മര്‍ദം ക്രമാതീതമായി വര്‍ധിച്ച് പ്രധാന അവയവങ്ങളില്‍ രോഗം ഉണ്ടാകുമ്പോള്‍ അതിന്റെ ലക്ഷണങ്ങളുമായിട്ടായിരിക്കും പലരും ഡോക്ടറുടെ അടുത്തെത്തുക. രക്തസമ്മര്‍ദം വര്‍ധിക്കുമ്പോള്‍ മിക്കവരിലും ചെറിയ തലവേദന, തലയുടെ പുറകില്‍ പെരുപ്പ്, തലകറക്കം, ഉറക്കക്കുറവ്, നെഞ്ചില്‍ വിമ്മിട്ടവും ശ്വാസംമുട്ടലും, അമിതവിയര്‍പ്പ്, കാഴ്ചയ്ക്കു മങ്ങല്‍, മൂക്കിലൂടെയുള്ള രക്തസ്രാവം എന്നീ ലക്ഷണങ്ങള്‍ കാണപ്പെട്ടേക്കാം. കൂടാതെ തലചുറ്റല്‍, ഹൃദ്രവത്വം, ആയാസജന്യശ്വാസകഷ്ടത (Dyspnoea) ദൗര്‍ബല്യം, ക്രോധം (mental irritability) പാദശോഫം, സ്മൃതിനാശം, കണ്ണുകള്‍ക്കു ചുവപ്പ്, മലബന്ധം എന്നിവയും അനുഭവപ്പെടാം. രോഗി പറയുന്ന ലക്ഷണങ്ങള്‍ വിവേചിച്ചറിഞ്ഞ്, ത്രിദോഷങ്ങളുടെ വൃദ്ധിക്ഷയങ്ങളുമായി അവയെ ഏകോപിപ്പിച്ച് കാരണം മനസ്സിലാക്കി ചികിത്സിക്കുകയാണ് ആയുര്‍വേദത്തിന്റെ രീതി. രക്തസമ്മര്‍ദാധിക്യത്തില്‍ പ്രത്യക്ഷപ്പെട്ടേക്കാവുന്ന ലക്ഷണങ്ങളുള്ള മറ്റു രോഗങ്ങളെ സംബന്ധിച്ച സംശയങ്ങള്‍ ദൂരീകരിക്കുകയും (Differential Diagnosis) രക്തസമ്മര്‍ദം കൃത്യമായി പരിശോധിക്കുകയും ചെയ്യുന്നതിലൂടെ അമിതരക്തസമ്മര്‍ദം (Hypertension) ഉറപ്പാക്കാന്‍ കഴിയുന്നതാണ്.
രക്തസമ്മര്‍ദം വര്‍ധിക്കുന്നതിനു പിന്നില്‍ ദുഷിക്കപ്പെടുന്ന ത്രിദോഷങ്ങളാണെന്നു കാണാം. കടുതിക്തകഷായ രസപ്രധാനങ്ങളായ ആഹാരപാനീയങ്ങള്‍ അധികമായുപയോഗപ്പെടുത്തുന്നതും കാമം, ക്രോധം, ഭയം തുടങ്ങിയ വികാരങ്ങള്‍ ഉണ്ടാക്കുന്ന മാനസിക വിക്ഷോഭങ്ങളും വാതത്തെ പ്രകോപിപ്പിക്കും. കഫവര്‍ധകങ്ങളായ മധുരദ്രവ്യങ്ങളുടെ അമിതോപയോഗവും കൊഴുപ്പേറിയ (Fat and oil) ഭക്ഷ്യവസ്തുക്കളും കഫകോപത്തെ ഉണ്ടാക്കുന്നു. കായികാധ്വാനത്തിന്റെ കുറവ് ദുര്‍മേദസ് ശരീരത്തിലടിഞ്ഞുകൂടാനിടയാക്കും. മേദോവൃദ്ധിയും സ്രോതോരോധവും രക്തസമ്മര്‍ദാധിക്യ ലക്ഷണങ്ങളുണ്ടാക്കാം. കരള്‍, ഹൃദയം, വൃക്കകള്‍ തുടങ്ങിയ അവയവങ്ങളെ ബാധിക്കുന്ന രോഗങ്ങളും രക്തസമ്മര്‍ദാധിക്യം ഉണ്ടാക്കാം.
വൃക്കകളുടെ പ്രവര്‍ത്തനമാന്ദ്യത്തില്‍ "റെനിന്‍' എന്ന ഹോര്‍മോണുമായി ബന്ധപ്പെട്ടും സോഡിയത്തിന്റെ ബഹിഷ്കരണവുമായി ബന്ധപ്പെട്ടും രക്തസമ്മര്‍ദം സാധാരണയില്‍ കൂടുതലാകാം. ചുരുക്കത്തില്‍ രക്തസമ്മര്‍ദാധിക്യം ത്രിദോഷജന്യമായ രോഗമാണെന്നും, രസം, രക്തം, മേദസ്സ്, ഇവ ദൂഷ്യങ്ങളാണെന്നും മനസ്സിലാക്കാം. രസ-രക്ത വഹസ്രോതസ്സുകള്‍ക്കും ദുഷ്ടിയും സംഭവിക്കുന്നുണ്ട്. വാതകോപത്താല്‍ അതിന്റെ ഖരസൂക്ഷ്മഗുണവും കഫത്തിന്റെ സ്ഥിരഗുണവും സംയോജിച്ച് സിരാധമനികളെ കഠിനമാക്കി അതിന്റെ സ്ഥിതി സ്ഥാപകശക്തിയെ (Elasticity) ക്ഷയിപ്പിക്കും. പിത്തത്തിന്റെ ഗുണങ്ങളും കഫത്തിന്റെ പിശ്ചിലഗുണവുംകൂടി രക്തത്തിന്റെ ദ്രവത്വവും സാന്ദ്രതയും വര്‍ധിപ്പിക്കുകയുംചെയ്യും. അധികരിച്ച് അപക്വമായ മേദസ്സ് (Improperly converted fat) ധാത്വഗ്നി മാന്ദ്യത്താല്‍ രക്തധമനികളില്‍ സഞ്ചയിച്ച് അവയെ ഇടുങ്ങിയതാക്കിത്തീര്‍ക്കുകയുംചെയ്യും.
കാരണങ്ങള്‍, സമ്പ്രാപ്തി വിശേഷങ്ങള്‍ ഘട്ടം എന്നിവ പരിഗണിച്ച് അനുയോജ്യമായ പരിഹാരം കണ്ടെത്താനുള്ള ഉത്തരവാദിത്തം ചികിത്സകനില്‍ നിക്ഷിപ്തമാണ്. ത്രിദോഷങ്ങളുടെ സമാവസ്ഥ ഉറപ്പുവരുത്താനും സ്രോതസ്സുകളില്‍ സഞ്ചയിച്ചിട്ടുള്ള മേദസ്സിനെ ദൂരീകരിക്കാനും രക്തവാഹികളുടെ കാഠിന്യം ഒഴിവാക്കിക്കൊണ്ട് രക്തത്തിന്റെ ദ്രവത്വവും സാന്ദ്രതയും കുറയ്ക്കാന്‍ സഹായകമായ ഔഷധങ്ങള്‍ ഇവിടെ ഉപയോഗപ്പെടുത്തണം. രസായനം ഗുണമുള്ളതും മേധ്യവും ഹൃദ്യവും വസ്തിശോധകവുമായ ഔഷധങ്ങളും ഇവിടെ അനുയോജ്യമാണ്. രക്തശുദ്ധികരവും ശ്ലേഷ്മ ഉപശോഷകവുമായവയ്ക്കും പ്രത്യേക പ്രസക്തിയുണ്ട്. ഇവയ്ക്ക് രക്താതിമര്‍ദത്തോടൊപ്പം പ്രത്യക്ഷപ്പെട്ടേക്കാവുന്ന ഉപദ്രവവ്യാധികളെ ശമിപ്പിക്കുവാനും കഴിവുണ്ടായിരിക്കും. ഔഷധങ്ങള്‍ എത്ര ഔചിത്യത്തോടെ നല്‍കിയും നിദാനപരിവര്‍ജനംകൂടി ഒപ്പം സാധ്യമാകുന്നില്ലെങ്കില്‍ പൂര്‍ണശമനം പ്രതീക്ഷിക്കാനാവില്ല.
ജീവിതശൈലിയിലെ മാറ്റങ്ങളാണ് മനോശരീരജന്യരോഗങ്ങളുടെ അടിസ്ഥാനകാരണം. മധുരം, എരിവ്, മസാല, ഉപ്പ്, പുളി, കൃത്രിമ രാസവസ്തുക്കള്‍ ചേര്‍ത്ത ഭക്ഷ്യവസ്തുക്കള്‍, വിരുദ്ധാഹാരസേവ ഇവയുടെ ഉപയോഗം കഴിയുന്നത്ര ഒഴിവാക്കുക. ആകാംക്ഷ, ആകുലചിന്തകള്‍ എന്നീ വൈകാരിക വിക്ഷോഭങ്ങള്‍ വര്‍ജിക്കുകതന്നെ വേണം. മനസ്സ് സദാ പ്രസന്നവും ശാന്തവുമായിരിക്കാന്‍ ശ്രദ്ധിക്കുക. രക്തവാഹികളായ സിരാധമനികളില്‍ പിത്തത്തിന്റെ സ്വാധീനം നിമിത്തം ഇടയ്ക്കിടെ വിരേചനം ശീലമാക്കുന്നതു നല്ലതാണ്. രക്തത്തിന്റെ ദ്രവത്വവും സാന്ദ്രതയും കുറയ്ക്കാന്‍ സഹായകമാകുന്ന തക്രധാരയും വിദഗ്ധമേല്‍നോട്ടത്തില്‍ ചെയ്യുന്നത് നല്ലതാണ്്. വാതകോപം ഒഴിവാക്കാന്‍ വസ്തികര്‍മവും പ്രയോജനപ്രദമാണ്. കൂടാതെ സര്‍പ്പഗന്ധി, ശിഗ്രു, ശംഖപുഷ്പി, ജ്യോതിഷ്മതി, വിഷ്ണുക്രാന്തി, രജതഭസ്മം, ഗുല്‍ഗുലു, അഭ്രകഭസ്മം, സിദ്ധമകരധ്വജം തുടങ്ങിയവയുടെ യുക്തിപൂര്‍വമായ ഉപയോഗവും രക്തസമ്മര്‍ദാധിക്യത്തെ കുറയ്ക്കാന്‍ സഹായകമാണ്.
ശരീരഭാരം ക്രമാതീതമായി വര്‍ധിക്കാതെ നോക്കുക. അമിതവണ്ണം ഉള്ളവര്‍ ആഹാരക്രമീകരണത്തിലൂടെയും വ്യായാമത്തിലൂടെയും അതു കുറയ്ക്കാന്‍ ശ്രദ്ധിക്കുക. അമിതാഹാരം, കൊഴുപ്പ്, ഉപ്പ്, മധുരം ഇവ ഉപേക്ഷിക്കണം. അച്ചാറും ഉണക്കമീനും പപ്പടവും വര്‍ജിക്കുന്നതാണ് നല്ലത്. നാരുകള്‍ ധാരാളമുള്ള ധാന്യങ്ങളും ആന്റി-ഓക്സിഡന്റുകള്‍ അടങ്ങിയിട്ടുള്ള പച്ചക്കറികളും പഴവര്‍ഗങ്ങളും ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം. മധുരനാരങ്ങ, പച്ചക്കറികള്‍, ധാന്യങ്ങള്‍, വെണ്ടയ്ക്ക എന്നിവയിലൊക്കെ ധാരാളം പൊട്ടാഷ്യം അടങ്ങിയിട്ടുള്ളതിനാല്‍ അവ നന്നായി ഉപയോഗപ്പെടുത്തണം. കാരണം പൊട്ടാഷ്യം ശരീരത്തില്‍ കുറഞ്ഞാല്‍ അതു സോഡിയം വര്‍ധിക്കാനിടയാക്കുകയും രക്തസമ്മര്‍ദം വര്‍ധിക്കുകയുംചെയ്യും. കാത്സ്യം, മഗ്നീഷ്യം എന്നിവ അടങ്ങുന്ന ആഹാരങ്ങളും രക്തസമ്മര്‍ദം സാധാരണനിലയില്‍ നിര്‍ത്താന്‍ സഹായിക്കും. സോയാബീന്‍പോലുള്ള പ്രോട്ടീന്‍ ധാരാളമുള്ള ഭക്ഷ്യവസ്തുക്കളും ഉപയോഗപ്പെടുത്തണം.
തുടക്കത്തില്‍ത്തന്നെ മനസ്സിലാക്കാന്‍ കഴിഞ്ഞാല്‍ ഒരുപക്ഷേ രക്തസമ്മര്‍ദാധിക്യം മരുന്നുകളില്ലാതെതന്നെ ആഹാരവിഹാരങ്ങളുടെ ക്രമീകരണത്തിലൂടെ നിയന്ത്രണാധീനമാക്കി വയ്ക്കാന്‍ കഴിഞ്ഞേക്കാം. മദ്യപാനവും പുകവലിയും പൂര്‍ണമായി നിര്‍ത്തണം. മനസ്സ് അസ്വസ്ഥമാകാതെ ശ്രദ്ധിക്കണം. ജൈവവളം ഉപയോഗിച്ച് കൃഷിചെയ്ത ഭക്ഷ്യവസ്തുക്കള്‍ ആഹാരമായി പ്രയോജനപ്പെടുത്തണം. നാം കഴിക്കുന്ന ആഹാരം നമ്മുടെ രക്തസമ്മര്‍ദത്തെയും സ്വാധീനിക്കുമെന്നോര്‍ക്കുക. ഉപ്പിന്റെ ഉപഭോഗം പരമാവധി കുറയ്ക്കുക. ചോറില്‍ ഉപ്പ് ചേര്‍ക്കാതിരിക്കുയകും കഴിവതും ഒരു കറി മാത്രം ഉപയോഗിക്കുകയും ചെയ്താല്‍ ഉപ്പ് വളരെ കുറച്ചേ ഉള്ളില്‍ എത്തുകയുള്ളു. ഉപ്പു കൂടുതലടങ്ങുന്നതിനാല്‍ നിര്‍മ്മിതഭക്ഷ്യവസ്തുക്കള്‍ ഒഴിവാക്കുന്നതാണ് നല്ലത്. യുക്തമായ പരിഹാരം യഥാസമയം തേടാത്ത രക്തസമ്മര്‍ദാധിക്യം ഗുരുതരമായ ആരോഗ്യപ്രശ്നമായി പരിണമിച്ചേക്കും. പ്രത്യേകിച്ച് മസ്തിഷ്കവും വൃക്കയും ഹൃദയവും നേത്രങ്ങളും സംബന്ധിച്ച തകരാറുകള്‍. അതുകൊണ്ട് രക്തസമ്മര്‍ദം ഉയര്‍ന്നനിലവാരത്തില്‍ കണ്ടാല്‍ ഉടന്‍തന്നെ അതിനെ സാധാരണ നിലയിലെത്തിക്കാനുള്ള മരുന്നുകളും പഥ്യക്രമങ്ങളും ശീലിക്കാന്‍ ഒട്ടുംതന്നെ അമാന്തിച്ചുകൂടാ. അമിത രക്തസമ്മര്‍ദം ഉള്ളവര്‍ ചികിത്സകന്‍ നിര്‍ദേശിക്കുന്ന മരുന്നുകള്‍ കൃത്യമായി ഉപയോഗപ്പെടുത്തുകതന്നെ വേണം.

(ഒല്ലൂര്‍, തൈക്കാട്ടുശേരി വൈദ്യരത്നം ആയുര്‍വേദ കോളേജ് റിട്ട. പ്രിന്‍സിപ്പലാണ് ലേഖകന്‍)