Sunday

ഹെപ്പറ്റൈറ്റിസ് എയും ഇയും


കരളിലെ കോശങ്ങളെ പ്രത്യേകമായും ബാധിക്കുന്ന ഹെപ്പറ്റൈറ്റിസ് എ, ഇ വൈറസ്, മലിനജലം, വൃത്തിയാക്കാത്ത പഴങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയവയില്‍ക്കൂടി പകരുന്നു. രോഗാണുബാധയുള്ള ആളുടെ വിസര്‍ജ്യത്തില്‍നിന്ന്കുടിവെള്ളത്തിലോ മറ്റ് ഭക്ഷ്യവസ്തുക്കളിലോ വൈറസ്ബാധയുണ്ടായി സാംക്രമികരോഗമായി മാറുന്നു. ഹോസ്റ്റല്‍, സ്കൂള്‍, ഹോട്ടലുകള്‍ തുടങ്ങി ഒരേ സ്രോതസ്സില്‍നിന്ന് ആളുകള്‍ ഭക്ഷണംകഴിക്കുകയും വെള്ളംകുടിക്കുകയും ചെയ്യുന്നിടത്ത് വളരെവേഗം പടര്‍ന്നുപിടിക്കുന്നു. പനി, ശരീരവേദന, ക്ഷീണം, ഛര്‍ദി, വയറിളക്കം, മൂത്രത്തിനും കണ്ണിനുമുള്ള മഞ്ഞനിറം തുടങ്ങിയ ലക്ഷണങ്ങള്‍ അണുബാധയുണ്ടായി 4–6 ആഴ്ചയ്ക്കകം കാണപ്പെടുന്നു. കരളിലെ കോശങ്ങള്‍ക്ക് നാശമുണ്ടാക്കി കരള്‍വീക്കത്തിന് കാരണമായേക്കാവുന്ന ഇത് ചിലപ്പോള്‍ മാരകമായേക്കാം. പക്ഷേ സാധാരണഗതിയില്‍ മൂന്നുമാസംവരെ കാലയളവില്‍ പൂര്‍ണമായും ഭേദമാവുകയാണ് പതിവ്. കരളിന് ദൂരവ്യാപകമായ കേടുപാടുകള്‍ ഹെപ്പറ്റൈറ്റിസ് എയോ ഇയോ ഉണ്ടാക്കുന്നില്ല. പക്ഷേ ഗര്‍ഭിണികളില്‍ ഹെപ്പറ്റൈറ്റിസ് ഇ വൈറസ് കൂടുതല്‍ അപകടകാരിയാണ്.
വിശ്രമം, പോഷകാഹാരം, രോഗലക്ഷണങ്ങളുടെ ചികിത്സ തുടങ്ങിയവയാണ് ഈ അസുഖത്തിന്റെ ചികിത്സ. ഫലപ്രദമായ വാക്സിനും ഹെപ്പറ്റൈറ്റിസ് എയ്ക്ക് ലഭ്യമാണ്. പക്ഷേ എല്ലാറ്റിനും പ്രധാനം പ്രതിരോധമാണ്. തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുക, പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിയശേഷം മാത്രം ഉപയോഗിക്കുക, വ്യക്തിശുചിത്വം പാലിക്കുക.
(തിരുവനന്തപുരം പട്ടം എസ്യുടി ഹോസ്പിറ്റലില്‍ മെഡിസിന്‍ വിഭാഗം അസോസിയേറ്റ് കണ്‍സള്‍ട്ടന്റാണ് ലേഖിക)