Saturday

ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ ഭക്ഷണം

അനുമാത്യു

ഇന്ന് റിപ്പോര്‍ട്ട്ചെയ്യുന്ന ക്യാന്‍സര്‍കേസുകളില്‍ 30–35% പേരിലും, ശരിയായ ഭക്ഷണരീതി സ്വീകരിച്ചിരുന്നുവെങ്കില്‍ രോഗം ഒഴിവാക്കാമായിരുന്നു എന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. 
ഭക്ഷണവും ക്യാന്‍സര്‍ബാധയും തമ്മിലുള്ള ബന്ധം വേര്‍തിരിക്കുക വളരെ സങ്കീര്‍ണമാണ്. പക്ഷേ പഠനങ്ങള്‍ തെളിയിക്കുന്നത് ചില ഭക്ഷണങ്ങള്‍ ക്യാന്‍സര്‍സാധ്യത കൂട്ടുമെന്നും, മറ്റു ചിലത് ക്യാന്‍സറിനെതിരെ പ്രവര്‍ത്തിക്കുമെന്നുമാണ്. എന്നാല്‍ ഒരു പ്രത്യേക ആഹാരം മാത്രമായി ക്യാന്‍സറിന് കാരണമാവില്ല. ഭക്ഷണത്തോടൊപ്പം മറ്റു പല ഘടകങ്ങളും പരിഗണിക്കണം. 
ആഹാരരീതിക്കൊപ്പംതന്നെ ജീവിതരീതിയും, സാഹചര്യങ്ങളും ക്യാന്‍സര്‍ബാധയെ സ്വാധീനിക്കുന്നു. ഉദാ: പുകവലി, മദ്യപാനം, അമിതവണ്ണം, വ്യായാമക്കുറവ്, പാരമ്പര്യം.
അങ്ങനെ നോക്കുമ്പോള്‍ ശരിയായ ഭക്ഷണരീതിയും, ചിട്ടയായ ജീവിതരീതിയും ശീലമാക്കിയാല്‍ ഒരുപരിധിവരെ ക്യാന്‍സര്‍ എന്ന രോഗം വരാതിരിക്കാനും, വന്നുകഴിഞ്ഞാല്‍ രോഗത്തോട് പൊരുതി ജയിക്കാനുള്ള കഴിവും ലഭിക്കുന്നതായി മനസ്സിലാക്കാം. അതായത് രോഗം വരാതെനോക്കുകയാണ് രോഗംവന്ന്ചികിത്സിക്കുന്നതിനേക്കാള്‍ നല്ലത്. 

ക്യാന്‍സര്‍ പ്രതിരോധവും ഭക്ഷണവും
ക്യാന്‍സര്‍ പ്രതിരോധത്തിന് സ്വീകരിക്കാവുന്ന ഒരു ഭക്ഷണരീതി ചോദിച്ചാല്‍ അതില്‍ പഴങ്ങളും പച്ചക്കറികളും, മുഴുധാന്യങ്ങളും നാരുകളും ധാരാളമായും, എന്നാല്‍ റെഡ്മീറ്റ്, അല്ലെങ്കില്‍ മാംസാഹാരം, മധുരം, ഉപ്പ്, എണ്ണ, പൊരിച്ചതും വറുത്തതുമായ ആഹാരസാധനങള്‍ മിതമായും, ഒപ്പം ചിട്ടയായ വ്യായാമവും വേണമെന്നു പറയാം.
സൂപ്പര്‍ ഫുഡ്സ്, പഴങ്ങള്‍, പച്ചക്കറികള്‍
പഴങ്ങളിലും പച്ചക്കറികളിലും അടങ്ങിയിരിക്കുന്ന പോഷകഘടങ്ങള്‍ക്ക് ക്യാന്‍സറിനെതിരെ പ്രവര്‍ത്തിക്കാനുള്ള കഴിവുണ്ട്. ഇവയിലെ കരോട്ടിനോയ്ഡ്സ്, ഫ്ളേവനോയ്ഡ്സ്, ഫൈറ്റോ കെമിക്കല്‍സ്, ഫൊലേറ്റ്സ്, ബീറ്റ കരോട്ടീന്‍, വിറ്റാമിന്‍ എ, സി, ഇ, കെ  (carotenoids,flavanoids,phytochemicals,folates,beta carotene,vitA,C,E,K) എന്നിവ ആന്‍ഡിഓക്സിഡന്‍്സ് ആയി പ്രവര്‍ത്തിച്ച് കോശങ്ങളെ സംരക്ഷിക്കുകയും ഒപ്പം രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്നു. 
ക്രൂസിഫെറസ് വെജിറ്റബിള്‍സ് (cruciferous vegitables) ആയ കാബേജ്, കോളിഫ്ളവര്‍, ബ്രോക്കോളി എന്നിവയിലെ  ഡി ഐ എം  എന്ന ആന്റി ഓക്സിഡന്റിന്റെ ക്യാന്‍സര്‍ പ്രതിരോധശേഷി പഠനങ്ങളില്‍ തെളിയിക്കപ്പെട്ടതാണ്.
സിട്രസ് ഫ്രൂട്സ് ആയ ഓറഞ്ച്, മുസംബി, നാരങ്ങ എന്നിവയ്ക്കും,  തക്കാളി, പേരയ്ക്ക എന്നിവയ്ക്കും ക്യാന്‍സറിനെ ചെറുത്തുനില്‍ക്കാന്‍ കഴിയും. 
ചുരുക്കത്തില്‍ എല്ലാതരം പച്ചക്കറികളും പഴങ്ങളും ധാന്യങ്ങളും അടങ്ങിയ റെയിന്‍ബോ ഡയറ്റ് (rainbow diet) ആണ് ക്യാന്‍സര്‍ പ്രതിരോധത്തിനും, ചികിത്സാവേളയിലും ഉത്തമം. അതായത് എല്ലാ നിറങ്ങളിലും ഉള്ളവ ഒരുദിവസത്തെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. 

ഭക്ഷ്യവസ്തുക്കളിലെ വില്ലന്മാര്‍
ഭക്ഷണം തെരഞ്ഞെടുക്കുമ്പോഴും തയ്യാറാക്കുമ്പോഴും ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഭാവിയിലെ ആരോഗ്യപ്രശ്നങ്ങള്‍ ഒരുപരിധിവരെ തടയാന്‍ സാധിക്കും.
എപ്പോഴും മുഴുധാന്യങ്ങള്‍,  അതായത് തവിടോടുകൂടിയ അരി, തോടോടുകൂടിയ പയര്‍, പരിപ്പ്, കടല എന്നിവ തെരഞ്ഞെടുക്കാം. തൊലികളഞ്ഞ ധാന്യങ്ങള്‍ കഴിവതും ഒഴിവാക്കുക. ഉദാ: മൈദ, റവ, ധാന്യങ്ങളിലെ തവിടിലും തവിടെണ്ണയിലും അടങ്ങിയിരിക്കുന്ന ഒറിസാനോള്‍ (Oryzanol)  എന്ന ആന്റി ഓക്സിഡന്റ്   ഹൃദയത്തിനു (heart friendly) നല്ലതാണ്. 
കൊഴുപ്പിന്റെയും പ്രിസര്‍വേറ്റീവ്സിന്റെയും അജിനാമോട്ടോയുടെയും അമിത ഉപയോഗം ശരീരത്തിലെ ഹോര്‍മോണിന്റെ അമിത ഉല്‍പ്പാദനത്തിന് കാരണമാകും. കൂടാതെ വറുത്തതും പൊരിച്ചതുമായ നോണ്‍വെജ് ഭക്ഷണവും, മൃഗക്കൊഴുപ്പും രാസവസ്തുക്കളും ചേര്‍ന്ന ബേക്കറിപലഹാരങ്ങള്‍, പലതരം നിറങ്ങള്‍ അഡിറ്റീവുകള്‍ എന്നിവ ചേര്‍ന്ന പാക്കറ്റ് ഫുഡ്ഡുകള്‍ എന്നിവ ക്യാന്‍സര്‍ ക്ഷണിച്ചുവരുത്തും.
ഉയര്‍ന്ന ചൂടില്‍ തയ്യാറാക്കുന്ന മാംസാഹാരത്തിന്റെ, പ്രത്യേകിച്ചും ബീഫ്, മട്ടണ്‍, കരള്‍ മുതലായ റെഡ്മീറ്റിന്റെ അമിത ഉപയോഗം കുടല്‍ ക്യാന്‍സറിന് കാരണമാകാം. കാരണം റെഡ്മീറ്റിലെ ഹീം (haem ) എന്ന ചുവന്ന ഘടകത്തിന് വയറിനുള്ളില്‍ ബാക്ടീരിയുമായി ചേര്‍ന്ന് ക്യാന്‍സര്‍ വരുത്താനുള്ള പ്രവണതയുള്ളതിനാല്‍ ബാര്‍ബിക്യൂ, ഗ്രില്‍ഡ് രീതിയില്‍ തയ്യാറാക്കുന്ന മാംസവിഭവങ്ങള്‍ വല്ലപ്പോഴും മാത്രം ഉപയോഗിക്കുക.
പണ്ട് വീട്ടില്‍തന്നെ തയ്യാറാക്കുന്ന ആവിയിലും വെള്ളത്തിലും വേവിച്ച ആഹാരത്തിനും, നാലുമണി പലഹാരങ്ങളും ആരോഗ്യത്തിന് മുന്‍തൂക്കം നല്‍കുന്നവയായിരുന്നു. പഴകിയതും, ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതുമായ ഭക്ഷണം വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. അതുപോലെതന്നെ പാചകത്തിന് ഉപയോഗിക്കുന്ന എണ്ണ ഏതുതന്നെയായാലും അമിതമാവാതെ ശ്രദ്ധിക്കുക. ഒരിക്കല്‍ ഉപയോഗിച്ച എണ്ണ ചൂടാക്കി വീണ്ടും വീണ്ടും ഉപയോഗികുന്നത് ഭക്ഷണത്തില്‍ വിഷം കലര്‍ത്തുന്നതിന് തുല്യമാണെന്ന് ഓര്‍ക്കുക.

സസ്യാഹാരത്തിന്റെ മേന്മകള്‍
ക്യാന്‍സര്‍ പ്രതിരോധത്തിന് എപ്പോഴും മുന്‍തൂക്കം നല്‍കുന്ന ഭക്ഷണം സസ്യാഹാരംതന്നെയാണ്. അതിനാല്‍ സസ്യാഹാരികള്‍ക്ക് ക്യാന്‍സര്‍സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് കുറവായി കാണുന്നു. നമ്മുടെ ശരീരത്തില്‍ സ്വാഭാവികമായി കാണപ്പെടുന്ന പ്രതിരോധശക്തിയെ  വെജിറ്റേറിയന്‍ ഭക്ഷണം വര്‍ധിപ്പിക്കുന്നു.
1970ല്‍ ബ്രിട്ടീഷ് ഫിസിഷ്യന്‍ ഡോ. ഡെന്നീസ് ബര്‍കിറ്റ്  നടത്തിയ പഠനത്തില്‍, സസ്യാഹാരികള്‍ കൂടുതലുള്ള രാജ്യങ്ങളില്‍ കുടല്‍ ക്യാന്‍സറിന്റെ എണ്ണത്തില്‍ കുറവുള്ളതായി കണ്ടുപിടിച്ചു. കാരണം സസ്യാഹാരത്തില്‍ മാത്രം കാണപ്പെടുന്ന നാരുകള്‍, കുടലില്‍ ശേഖരിക്കപ്പെടുന്ന ആഹാരമാലിന്യങ്ങളെ വേഗത്തില്‍ ശരീരത്തില്‍നിന്ന് പുറന്തള്ളുന്നതിന് സഹായിക്കുന്നു. 

ഭക്ഷണവും ക്യാന്‍സര്‍ ചികിത്സയും
ക്യാന്‍സര്‍ ചികിത്സാവേളയില്‍ മരുന്നിനൊപ്പംതന്നെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് ഭക്ഷണവും. ചികിത്സാവേളയിലെ റേഡിയേഷന്‍, കീമോതെറാപ്പി, ചില പ്രത്യേക മരുന്നുകള്‍ എന്നിവ ചിലപ്പോള്‍ രോഗിയുടെ ശരീര അസ്വസ്ഥത കൂട്ടാന്‍ കാരണമാകുന്നു. പാര്‍ശ്വഫലങ്ങളായയ ഛര്‍ദി, വയറിളക്കം, വിശപ്പില്ലായ്മ, ദഹനക്കുറവ്, ക്ഷീണം എന്നിവമൂലം പലപ്പോഴും ശരിയായ പോഷണം ലഭിക്കാറില്ല.
ഓരോ രോഗിയുടെയും പോഷകാവശ്യങ്ങള്‍ ഡോക്ടറുടെയോ, ഡയറ്റീഷ്യന്റെയോ നിര്‍ദേശം അനുസരിച്ച് മനസ്സിലാക്കിയശേഷം, ഭക്ഷണം തയ്യാറാക്കാം. 
പോഷകപ്രദമായ ഭക്ഷണം രോഗിക്ക് നല്‍കുന്നതിലൂടെ ശരീരത്തിന്റെ ബലവും രോഗപ്രതിരോധശേഷിയും വര്‍ധിപ്പിക്കാന്‍ സാധിക്കും. ശരിയായ ശരീരഭാരം നിലനിര്‍ത്തുന്നതിനും, മുറിവുകള്‍ വേഗത്തില്‍ സുഖംപ്രാപിക്കാനും പാര്‍ശ്വഫലങ്ങള്‍ അതിജീവിക്കാനും മികച്ച പോഷണം അനിവാര്യമാണ്. 
മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതല്‍ ഊര്‍ജം, പ്രോട്ടീന്‍, വിറ്റാമിന്‍, മിനറല്‍സ് എന്നിവ ഇവര്‍ക്ക് ചികിത്സാവേളയില്‍ ആവശ്യമാണ്.

ഭക്ഷണത്തിലൂടെ മുന്‍കരുതല്‍
പല നിറത്തിലുള്ള പഴങ്ങളും പച്ചക്കറികളും നാരുകളും അങ്ങിയ ഭക്ഷണരീതി ശീലമാക്കുക. (rainbow diet).
ഫാസ്റ്റ്ഫുഡ്, നിറംചേര്‍ത്ത പാക്കറ്റ് ഫുഡ്, പഞ്ചസാര, ഉപ്പ്, റെഡ്മീറ്റ് എന്നിവ മിതമായി ഉപയോഗിക്കുക. 
മഞ്ഞള്‍പ്പൊടി കൂടുതല്‍ ഉപയോഗിക്കുന്നത് ഫലപ്രദമായി കണ്ടുവരുന്നു. (പ്രതിരോധശക്തി + അയണിന്റെ കുറവിനും).
അമിതമായ ചൂടില്‍ പാകംചെയ്ത മാംസാഹാരവും, കരിഞ്ഞതും, പഴകിയതുമായ ഭക്ഷണവും ഒഴിവാക്കുക. 
മദ്യപാനവും പുകവലിയും അമിതവണ്ണം ഉള്ളവരില്‍ ക്യാന്‍സറിനെ ക്ഷണിച്ചുവരുത്തും. 
ശരീരഭാരം അമിതമാവാതെ നിത്യവും വ്യായാമം ശീലമാക്കുക. 
പച്ചയ്ക്ക് കഴിക്കുന്ന പച്ചക്കറികളും, തൊലിയോടെ കഴിക്കുന്ന പഴങ്ങളും ഒരുമണിക്കൂര്‍ വിനാഗിരി/പുളി വെള്ളത്തില്‍ ഇട്ടുവച്ചശേഷം കഴുകുന്നത് അതില്‍ അടങ്ങിയ കീടനാശിനി നിര്‍വീര്യമാക്കാന്‍ സഹായിക്കും. 
വീട്ടില്‍ ഒരു അടുക്കളത്തോട്ടം എന്നത് പ്രാവര്‍ത്തികമാക്കിയാല്‍ വിഷരഹിത പച്ചക്കറി ഉപയോഗം സാധ്യമാകും.
(തിരുവനന്തപുരം പട്ടം എസ് യു ടി ആശുപത്രിയില്‍ ഡയറ്റീഷ്യനാണ് ലേഖിക)

Read more: http://www.deshabhimani.com/special/cancer-prevention-diet/587926