Friday

പ്രോസ്റ്റേറ്റ് ക്യാന്‍സര്‍

ഡോ. ആര്‍ വിജയന്‍

ഇന്ത്യയില്‍ പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ (പുരുഷഗ്രന്ഥിക്കുണ്ടാകുന്ന അര്‍ബുദം) താരതമ്യേന കുറവാണ്. എന്നാല്‍, പാശ്ചാത്യരാജ്യങ്ങളില്‍ സര്‍വസാധാരണ രോഗങ്ങളില്‍ രണ്ടാം സ്ഥാനമാണ് ഇതിനുള്ളത്. അതായത്, ഇന്ത്യയിലേതിനെക്കാള്‍ ഏകദേശം 10 മടങ്ങ് കൂടുതല്‍. ഇന്ത്യയില്‍ എല്ലാ വര്‍ഷവും പ്രോസ്റ്റേറ്റ് ക്യാന്‍സര്‍രോഗികള്‍ ഒരുശതമാനംവീതം വര്‍ധിച്ചുവരുന്നതായി കാണുന്നു. പാശ്ചാത്യരുടെ ഇടയില്‍ 100-ല്‍ 40 പേര്‍ക്ക് പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ ഉണ്ടാകുന്നു, ഇന്ത്യയില്‍ 100-ല്‍ നാലുപേര്‍ക്ക് മാത്രമേ ഇത് ബാധിക്കുന്നുള്ളൂ. ജനിതകകാരണങ്ങള്‍കൊണ്ടു മാത്രമാണ് ഈ രോഗം ഉണ്ടാവുന്നതെന്ന് പറയാനാവില്ല. പാശ്ചാത്യ രാജ്യങ്ങളിലെ ഭക്ഷ്യശീലമോ കാലാവസ്ഥയോ മറ്റ് എന്തൊക്കെയോ ആണ് ഇതിനുപിന്നിലുള്ളത്. ഇന്ത്യന സാഹചര്യങ്ങളില്‍ ഏതായാലും പ്രായം, പാരമ്പര്യം, ഭക്ഷ്യശീലങ്ങള്‍ തുടങ്ങിയവയെല്ലാം പ്രോസ്റ്റേറ്റ് ക്യാന്‍സറിനെ ബാധിക്കുന്ന ഘടങ്ങളായിവേണം കരുതാന്‍.ഇതെല്ലാം ലക്ഷണങ്ങളുണ്ടാകുന്ന പ്രോസ്റ്റേറ്റ് ക്യാന്‍സറിനെക്കുറിച്ചുള്ള (clinically relevant prostate cancer) കണക്കാണ്. ലക്ഷണങ്ങളുണ്ടാക്കാത്ത പ്രോസ്റ്റേറ്റ് ക്യാന്‍സറിനെ ബയോപ്സിയിലൂടെ മാത്രമേ കണ്ടുപിടിക്കാന്‍കഴിയൂ. ഏകദേശം 25 ശതമാനം പുരുഷന്മാരിലും 50 വയസ്സില്‍ പ്രോസ്റ്റേറ്റ് ക്യാന്‍സറിന്റെ കോശം ഉണ്ടാകും. എന്നാല്‍, ഈ ക്യാന്‍സര്‍കോശങ്ങള്‍ വളരെ സാവകാശം മാത്രമേ വളരുകയുള്ളൂ. പ്രോസ്റ്റേറ്റ് ക്യാന്‍സര്‍കോശങ്ങള്‍ ഇരട്ടിക്കുന്നത് രണ്ടുവര്‍ഷംകൊണ്ടാണ്. നേരെമറിച്ച് രക്താര്‍ബുദകോശങ്ങള്‍ 24 മണിക്കൂറിനുള്ളില്‍ ഇരട്ടിയാകും. 50-ാം (25 ശതമാനം പുരുഷന്മാരിലും) വയസ്സില്‍ പ്രോസ്റ്റേറ്റ് ക്യാന്‍സറിന്റെ കോശങ്ങള്‍ കാണുന്നുണ്ടെങ്കിലും നാലുശതമാനം ആളുകള്‍ക്കു മാത്രമേ ഇന്ത്യയില്‍ അത് പ്രോസ്റ്റേറ്റ് ക്യാന്‍സറായി മാറുന്നുള്ളൂ. പ്രോസ്റ്റേറ്റില്‍ ഉണ്ടാകുന്ന രണ്ട് പ്രധാന രോഗങ്ങളില്‍ ഒന്ന് ക്യാന്‍സറല്ലാത്ത പ്രോസ്റ്റേറ്റിലെ വീക്കവും, മറ്റൊന്ന് ക്യാന്‍സര്‍ വന്നുള്ള പ്രോസ്റ്റേറ്റ് വീക്കവുമാണ്. ക്യാന്‍സറല്ലാതെയുള്ള പ്രോസ്റ്റേറ്റ് വീക്കം വളരെ സാധാരണമാണ്. അതിന്റെ ലക്ഷണങ്ങള്‍ മൂത്രവിസര്‍ജനത്തിനുള്ള ബുദ്ധിമുട്ടും മറ്റുമാണ്. പ്രോസ്റ്റേറ്റ് ക്യാന്‍സറിന്റെ ലക്ഷണങ്ങളും ഇതിനു സമാനമായതിനാല്‍, ലക്ഷണങ്ങളെ അടിസ്ഥാനമാക്കി മാത്രം ഈ രോഗത്തെ നമുക്ക് തിരിച്ചറിയാനാവില്ല. അതിനാല്‍ പ്രോസ്റ്റേറ്റ് ക്യാന്‍സറിനെ നിര്‍ണയിക്കുന്നതിനുള്ള ഒരു സ്ക്രീനിങ് അനിവാര്യമാണ്. പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ സ്ക്രീന്‍ചെയ്യുന്നതിന് ചില ഉപാധികളുണ്ട്. ഒന്ന് ഒരു വിദഗ്ധഡോക്ടറുടെ പരിശോധന. രണ്ടാമത്തേത് പിഎസ്എ (Prostate Specific Antigen) എന്ന ഒരു പരിശോധനയിലൂടെ പ്രോസ്റ്റേറ്റില്‍ ക്യാന്‍സര്‍കോശങ്ങള്‍ ഉണ്ടോ എന്നും ഇതിന് പുനര്‍പരിശോധന ആവശ്യമാണോ എന്നും നമുക്ക് മനസ്സിലാക്കാം. അമ്പതു വയസ്സ് കഴിഞ്ഞ എല്ലാവരും പ്രോസ്റ്റേറ്റ് സ്ക്രീനിങ് ചെയ്യേണ്ടത് അത്യാവശ്യമാണ്. രക്താര്‍ബുദം സ്ക്രീന്‍ചെയ്യുന്നതുപോലെ പ്രധാനമാണ് പ്രോസ്റ്റേറ്റ് സ്ക്രീന്‍ചെയ്യുന്നതും. പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ സ്ക്രീനിങ്കൊണ്ട് എത്രപേര്‍ക്ക് പ്രയോജനമുണ്ട് എന്നുള്ള ഒട്ടേറെ പഠനങ്ങള്‍ നടക്കുന്നുണ്ട്. കാരണം ഇത് പണച്ചെലവുള്ള ഒന്നാണ്. പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ വളരെ സാവകാശം മാത്രം വളരുന്നതിനാല്‍ പിഎസ്എ ചെയ്താലും തുടര്‍ന്ന് 10 വര്‍ഷത്തെ നിരീക്ഷണത്തില്‍ക്കൂടി മാത്രമേ സ്ഥിരീകരണമാകൂ. എന്തെങ്കിലും കാരണങ്ങളാല്‍ ഇതിനിടയില്‍ രോഗി മരിച്ചുപോയേക്കാം. അപ്പോള്‍ മരണകാരണം പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ ആകുന്നില്ല. ബ്രിട്ടനിലും യുഎസിലും മറ്റും സര്‍ക്കാര്‍ പണംമുടക്കി സ്ക്രീന്‍ചെയ്യുന്ന പദ്ധതികളുണ്ട്. പിഎസ്എക്ക് പണംമുടക്കുന്നതും യൂറോളജിസ്റ്റിനെ കണ്ടെത്തി ചികിത്സിക്കുന്നതും അവര്‍ക്ക് ഫീസ് നല്‍കുന്നതുമൊക്കെ സര്‍ക്കാര്‍തന്നെയാണ്. എന്നാല്‍, ഇന്ത്യയില്‍ പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ സ്ക്രീനിങ് ഗവണ്‍മെന്റ് ഫണ്ട് നല്‍കുന്നത് പ്രയോജനപ്രദമാണോ അല്ലയോ എന്നത് വിവാദ വിഷയമാണ്. കാരണം 100 പേരെ സ്ക്രീന്‍ചെയ്യുകയും ചികിത്സ നല്‍കുകയും തുടര്‍പരിശോധന നടത്തുകയുമൊക്കെ ചെയ്ത് 10 വര്‍ഷം കഴിഞ്ഞ് ഇതിനു ചെലവാക്കിയ പണത്തിന് പ്രയോജനമുണ്ടായോ എന്ന് പരിശോധിച്ചാല്‍ മിക്കവാറും ഗുണമുണ്ടായതായി കാണില്ല. ഒന്നോ രണ്ടോ ശതമാനം ആളുകള്‍ക്കു മാത്രമേ ഇത് പ്രയോജനപ്പെട്ടെന്ന് പറയാന്‍കഴിയൂ. പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ കണ്ടുപിടിച്ച് ചികിത്സിച്ചവരില്‍ 90 ശതമാനം ആളുകളും ഹൃദയാഘാതമോ ശ്വാസകോശാര്‍ബുദമോ മറ്റെന്തെങ്കിലും രോഗമോമൂലം മരിക്കുന്നു. 10 ശതമാനം പേരേ ഒടുവില്‍ അവശേഷിക്കുന്നുണ്ടാകൂ. അതിനാല്‍ പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ സ്ക്രീനിങ് സാമ്പത്തികബാധ്യതയായും അതിനുസരിച്ച് പ്രയോജനകരമല്ലാത്തതായും കരുതുന്നു. എന്നാല്‍, പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ സ്ക്രീനിങ് ഈ രോഗം കണ്ടുപിടിച്ച് ചികിത്സിക്കാന്‍ സഹായിക്കും എന്നത് വസ്തുതയാണ്. പൊതുജനങ്ങള്‍ക്ക് തീര്‍ച്ചയായും ഇത് പ്രയോജനപ്രദവുമാണ്. എന്നാല്‍, രക്താര്‍ബുദത്തിന്റെ കാര്യം അങ്ങനെയല്ല. രക്താര്‍ബുദം സ്ക്രീന്‍ചെയ്ത് ചെറിയൊരു തടിപ്പ് കണ്ടുപിടിച്ചാല്‍ ഒരുവര്‍ഷത്തിനകം രോഗിയുടെ മരണം സംഭവിക്കും. അതായത്, മാമോഗ്രാഫില്‍ മാത്രം കാണാന്‍കഴിയുന്ന അര്‍ബുദം ഒരുവര്‍ഷത്തിനുശേഷം പരിശോധിച്ചാല്‍ ഒരു ടെന്നീസ് ബോളിന്റെ വലുപ്പമുണ്ടാകും. അതേസമയം, ഒരു നെന്മണിയുടെ വലുപ്പമുള്ള പ്രോസ്റ്റേറ്റ് ക്യാന്‍സര്‍, രോഗി 100 വര്‍ഷം ജീവിച്ചാലും ടെന്നീസ് ബോളിന്റെ വലുപ്പം ആവുകയില്ല. ഇന്ത്യന്‍ സാഹചര്യത്തില്‍ 50 വയസ്സ് കഴിയുമ്പോഴേക്കും സാധാരണഗതിയില്‍ നാം രോഗനിര്‍ണയ പരിശോധനകള്‍ (Executive checkup) നടത്താറുണ്ട്. ഈ പരിശോധനയില്‍ ഹൃദ്രോഗസാധ്യതകളും മറ്റു രോഗസാധ്യതകളും തിരിച്ചറിയാറുണ്ട്. പരിശോധന വേണമെന്ന് വ്യക്തിതന്നെയാണ് തീരുമാനിക്കുന്നത്. പ്രോസ്റ്റേറ്റ് സ്ക്രീനിങ്ങും ആവശ്യമുണ്ടോ എന്ന് അവരവര്‍ തീരുമാനിക്കുകയാണ് ചെയ്യുന്നത്. പാശ്ചാത്യരാജ്യങ്ങളില്‍ അങ്ങനെയൊരു ശീലമില്ല. രോഗലക്ഷണം ഉണ്ടെങ്കില്‍ മാത്രമേ അവര്‍ പരിശോധനകള്‍ ചെയ്യൂ. കാരണം, അവര്‍ക്ക് പരിശോധനകള്‍ക്ക് താരതമ്യേന ചെലവ് വളരെ കൂടുതലാണ്. പ്രാഥമികഘട്ടത്തില്‍ക്കൂടി പ്രോസ്റ്റേറ്റ് ക്യാന്‍സറിനെ തിരിച്ചറിഞ്ഞാല്‍ 40 ശതമാനവും ഭേദമാക്കാനാവും. ഒട്ടുമിക്ക അര്‍ബുദചികിത്സകളും ഭേദമാകുന്നതിന്റെ നിരക്ക് അങ്ങനെത്തന്നെയാണ്. എന്നാല്‍ വൈകിയാണ് രോഗനിര്‍ണയം നടത്തുന്നതെങ്കില്‍ നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടാകും. ആറുമാസംമുതല്‍ എട്ടുവര്‍ഷംവരെയുള്ള കാലയളവിനുള്ളില്‍ ഇത് തിരിച്ചറിഞ്ഞ് ചികിത്സ ലഭ്യമാക്കണം. അതുകഴിഞ്ഞാല്‍ ക്യാന്‍സര്‍ കൂടുതല്‍ വ്യാപിക്കുകയും ചികിത്സ ഫലപ്രദമല്ലാതാവുകയും ചെയ്യും. പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ ബാധിക്കുന്നത് മുകളിലേക്കാണ്. കൂടുതല്‍ മുകളിലേക്ക് വ്യാപിക്കുമ്പോള്‍ അസ്ഥിക്ക് കഠിനമായ വേദന ഉണ്ടാകുന്നു. എന്നാല്‍ ഉത്ഭവസ്ഥാനത്തുതന്നെ വ്യാപിച്ചാല്‍ മൂത്രതടസ്സവും രക്തസ്രാവവും രക്തം കട്ടപിടിക്കലും ഒക്കെയായി അസഹ്യമായ വേദന ഉണ്ടാകുന്നു. ചികിത്സപ്രാഥമികഘട്ടത്തില്‍ത്തന്നെ രോഗനിര്‍ണയം നടത്തിയാല്‍ ചികിത്സിക്കുന്നതിന് രണ്ടു മാര്‍ഗങ്ങളുണ്ട്.1. ശസ്ത്രക്രിയ പ്രോസ്റ്റേറ്റ്ഗ്രന്ഥിയെ പൂര്‍ണമായി നീക്കംചെയ്യുന്നതാണ് ഈ ശസ്ത്രക്രിയ. മൂത്രനാളിയും മൂത്രസഞ്ചിയും മുറിച്ചാണ് ഈ ഗ്രന്ഥിയെ നീക്കംചെയ്യുന്നത്. അതിനുശേഷം മൂത്രനാളിയും മൂത്രസഞ്ചിയും തമ്മില്‍ തുന്നിച്ചേര്‍ക്കുന്നതോടെ ശസ്ത്രക്രിയ പൂര്‍ണമാകും. ശസ്ത്രക്രിയയുടെ ഗുണം, ചുറ്റുമുള്ള അവയവങ്ങള്‍ക്ക് കേടുപാടുകള്‍ കുറയുമെന്നുള്ളതാണ്.ശസ്ത്രക്രിയ നമുക്ക് രണ്ടു രീതിയില്‍ ചെയ്യാം. പൂര്‍ണമായും തുറന്നുള്ള ശസ്ത്രക്രിയയും (Open surgery) താക്കോല്‍ദ്വാര ശസ്ത്രക്രിയയും (Keyhole surgery). തുറന്നുള്ള ശസ്ത്രക്രിയയില്‍ കൃത്യമായി അര്‍ബുദത്തെ കാണാന്‍ ബുദ്ധിമുട്ടാണ്. എന്നാല്‍, താക്കോല്‍ദ്വാര ശസ്ത്രക്രിയയില്‍ വളരെ വ്യക്തമായി കണ്ടാണ് ശസ്ത്രക്രിയ ചെയ്യുന്നത്. കൂടാതെ വേദന കുറവാണെന്നതും വേഗത്തില്‍ ആശ്വാസം ലഭിക്കുമുന്നുള്ളതും ഇതിന്റെ മെച്ചങ്ങളാണ്. 2. റേഡിയോ തെറാപ്പി റേഡിയോ തെറാപ്പി ചികിത്സയുടെ ഫലം വളരെ സാവകാശമാണ് ഉണ്ടാകുന്നത്. ഏകദേശം ഒന്നൊന്നരക്കൊല്ലമെടുക്കും. റേഡിയോ തെറാപ്പിയിലൂടെ അര്‍ബുദകോശങ്ങള്‍ കരിച്ചുകളഞ്ഞാലും ഉടനടി അവ നശിക്കുന്നില്ല. പതിയെപതിയെ കട്ടിയാവുകയാണ് ചെയ്യുന്നത്. ഈ കട്ടിയാകുന്ന പ്രക്രിയ തീരാന്‍ ഒന്നരക്കൊല്ലമെടുക്കും. അപ്പോള്‍ ഒന്നരക്കൊല്ലം കഴിഞ്ഞുള്ള പിഎസ്എയിലാണ് അടുത്ത ചികിത്സ എങ്ങനെയാകണമെന്ന് നിര്‍ണയിക്കാന്‍ കഴിയുന്നത്. ശസ്ത്രക്രിയ താങ്ങാന്‍കഴിയാത്ത ഒരാള്‍ക്കാണ് സാധാരണഗതിയില്‍ റേഡിയോ തെറാപ്പി നിര്‍ദേശിക്കുന്നത്. ഇപ്പോഴുള്ള റേഡിയോ തെറാപ്പി പഴയതില്‍നിന്നു വളരെ മെച്ചമാണ്. ആ ഗ്രന്ഥിയെ മാത്രം ഒതുക്കിനിര്‍ത്തി അതിലേക്കു മാത്രം രശ്മികളെ കടത്തിവിടുന്ന ഇന്നത്തെ റേഡിയോ തെറാപ്പിയെ കണ്‍ഫര്‍മേഷണല്‍ റേഡിയോ തെറാപ്പി എന്നുപറയുന്നു. അര്‍ബുദം വ്യാപിച്ചാല്‍പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ വ്യാപിച്ചാല്‍ ആദ്യഘട്ടത്തില്‍ നിയന്ത്രണം എന്ന രീതിയാണ് പ്രയോഗിക്കുന്നത്. പ്രോസ്റ്റേറ്റ് ക്യാന്‍സര്‍കോശങ്ങളുടെ വ്യാപനത്തിനെ സഹായിക്കുന്നത് പുരുഷ ഹോര്‍മോണാണ്. അതിനാല്‍ പുരുഷ ഹോര്‍മോണിനെ ന്യൂട്രലൈസ് ചെയ്യുന്ന ഹോര്‍മോണ്‍ തെറാപ്പി നിര്‍ദേശിക്കുന്നു. വൃഷണത്തിലെ പുരുഷ ഹോര്‍മോണ്‍ സ്രവിപ്പിക്കുന്ന ഭാഗം നീക്കംചെയ്യുന്നതടക്കമുള്ള ഈ ചികിത്സയെയാണ് നിയന്ത്രണം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ കൂടുതല്‍ വ്യാപിച്ച രണ്ടാം ഘട്ടത്തില്‍ നാം കീമോ തെറാപ്പിയിലേക്ക് നീങ്ങുന്നു. കീമോ തെറാപ്പിയുടെ ഘട്ടത്തിലേക്ക് എത്തിയാലും മാസങ്ങളോളം ക്യാന്‍സറിനെ പിടിച്ചുനിര്‍ത്താന്‍ നമുക്കു കഴിയും. (എറണാകുളം സ്പെഷ്യലിസ്റ്റ് ആശുപത്രിയില്‍ സീനിയര്‍ കണ്‍സള്‍ട്ടന്റ് യൂറോളജിസ്റ്റാണ് ലേഖകന്‍) -