Friday

അമിത രക്തസമ്മര്‍ദം തിരിച്ചറിയാം

ഡോ. ജോര്‍ജ് തയ്യില്‍

അമിത രക്തസമ്മര്‍ദത്തെപ്പറ്റിയും അതിന്റെ മാരകമായ പ്രത്യാഘാതങ്ങളെപ്പറ്റിയും പൊതുവെയുള്ള അജ്ഞതതന്നെയാണ് ഈ രോഗം ഇത്ര വ്യാപകമാവാന്‍ കാരണം. അമേരിക്കയിലെ നാഷണല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂട്രീഷന്‍ ഇവാലുവേഷന്‍ സര്‍വേ 2007-2010നു മധ്യേ നടത്തിയ പഠനങ്ങള്‍പ്രകാരം രക്തസമ്മര്‍ദം അമിതമായവരില്‍ 81.5 ശതമാനം പേര്‍ക്കു മാത്രമേ അതേപ്പറ്റി അറിവുള്ളൂ. അതില്‍ 74.9 ശതമാനം പേര്‍ മാത്രമേ ചികിത്സ ആരംഭിക്കുന്നുള്ളൂ. ഇനി ചികിത്സക്കുന്നവരില്‍ വെറും 52.5 ശതമാനം പേര്‍ക്കു മാത്രമാണ് പ്രഷര്‍ ക്രമീകരിക്കാന്‍ സാധിക്കുന്നത്. അതായത്, ഒരു നിയോഗംപോലെ മരുന്നുകഴിക്കുന്ന 48.5 ശതമാനം പേര്‍ പ്രഷര്‍ പരിധിക്കുള്ളിലൊതുക്കാതെ ജീവിതം മുന്നോട്ടുനയിക്കുന്നു. ഇക്കൂട്ടര്‍ക്കും ഒരു ചികിത്സയും എടുക്കാത്തവര്‍ക്കുമാണ് പിന്നീട് ഹാര്‍ട്ട് അറ്റാക്ക്, സ്ട്രോക്ക്, ഹൃദയപരാജയം, വൃക്കരോഗങ്ങള്‍, നേത്രക്ഷയം, അന്ധത തുടങ്ങിയ നിരവധി രോഗഭീതികളുണ്ടാകുന്നത്. അമേരിക്കയിലെ കണക്കുകളേക്കാള്‍ ഏറെ പരിതാപകരമാണ് നമ്മുടെ നാട്ടിലേതെന്ന് ഓര്‍മിക്കേണ്ടതുണ്ട്. ഇന്ത്യയില്‍ വര്‍ധിച്ച പ്രഷര്‍ തങ്ങള്‍ക്ക് ഉണ്ടെന്ന് അറിവുള്ളവര്‍ 50 ശതമാനത്തില്‍ കുറവാണ്. ചികിത്സിച്ച് പ്രഷര്‍ നിയന്ത്രിക്കുന്നവര്‍ അതിലേറെ കുറവും. വ്യക്തമായ രോഗലക്ഷണങ്ങളൊന്നും കൂടാതെ, പൂര്‍ണാരോഗ്യവാനെന്നു കരുതിയിരിക്കെ ഒരു മുന്നറിയിപ്പുമില്ലാതെ അപ്രതീക്ഷിത മുഹൂര്‍ത്തത്തില്‍ ജീവന്‍ അപഹരിക്കുന്ന ഈ അതിസങ്കീര്‍ണ രോഗാവസ്ഥയെ വൈദ്യഭാഷയില്‍ ഹൈപ്പര്‍ടെന്‍ഷന്‍ എന്നു വിളിക്കുന്നു.ഈ നിശബ്ദനായ കൊലയാളി രോഗിയില്‍ തികച്ചും അസ്പഷ്ടങ്ങളായ ലക്ഷണങ്ങളാണ് ഉണ്ടാക്കുന്നത്. തലവേദന, തലയ്ക്ക് ഭാരം, തളര്‍ച്ച, ശ്വാസംമുട്ടല്‍, കാഴ്ചക്കുറവ്, നെഞ്ചിടിപ്പ്, ആകാംക്ഷ തുടങ്ങിയ ലക്ഷണങ്ങള്‍ മറ്റു രോഗങ്ങളോടനുബന്ധിച്ചും ഉണ്ടാകുന്നതുകൊണ്ട് പ്രഷറിനെപ്പറ്റി പലരും ചിന്തിക്കാറേയില്ല. ഇക്കാരണത്താല്‍ രോഗം വളരെ പഴകിയശേഷമാണ് മിക്കവരും വൈദ്യസഹായം തേടുന്നതുതന്നെ. അപ്പോഴേക്കും ചികിത്സിച്ചു ഭേദപ്പെടുത്താന്‍ പറ്റാത്തവിധം പ്രധാനപ്പെട്ട പല ശരീരാവയവങ്ങളും വ്രണപ്പെട്ടുകഴിഞ്ഞിരിക്കും.അധികരിച്ച പ്രഷര്‍ ശരീരത്തിലെ പ്രധാന അവയവങ്ങള്‍ക്ക് ഏല്‍പ്പിക്കുന്ന ആഘാതങ്ങള്‍ ഏറെയാണ്. അമിതമായ മര്‍ദവും ഭാരവും വഹിക്കേണ്ടതുകൊണ്ട് രക്തധമനികള്‍ക്കാണ് കാതലായ ഘടനാപരിവര്‍ത്തനങ്ങള്‍ സംഭവിക്കുന്നത്. തന്മൂലം ധമനീഭിത്തികള്‍ കട്ടിപിടിക്കുകയും അവയുടെ വികസനസങ്കോചന ക്ഷമത മന്ദീഭവിക്കുകയും ചെയ്യുന്നു. മസ്തിഷ്കത്തിലെ രക്തക്കുഴലുകള്‍ ക്ഷതപ്പെടുന്നതുമൂലം തലച്ചോറില്‍ രക്തസ്രാവം ഉണ്ടാകുന്നു. തല്‍ക്ഷണം ശരീരം തളരുകയോ ബോധക്ഷയമോ മരണംതന്നെയോ സംഭവിക്കുകയോ ചെയ്യാം. അതുപോലെ രക്തദാരിദ്ര്യത്താലുള്ള "ഇസ്ക്കേമിക് സ്ട്രോക്കും'അമിതരക്തസമ്മര്‍ദത്തിന്റെ അനന്തരഫലമാണ്. വര്‍ധിച്ച രക്തസമ്മര്‍ദത്താല്‍ സ്ട്രോക്കുണ്ടാകാനുള്ള സാധ്യത 62 ശതമാനമാണ്. അതുപോലെ ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാകാനുള്ള സാധ്യത 49 ശതമാനമാണ്. വൃക്ക-നേത്ര സംബന്ധിയായ വൈവിധ്യമാര്‍ന്ന അസുഖങ്ങള്‍ ഒന്നിനുപിറകെ ഒന്നായി രോഗിയെ മരണത്തിലേക്ക് വലിച്ചിഴയ്ക്കുന്നു. താളംതെറ്റുന്ന ഹൃദയസ്പന്ദനത്തിനും (ഏട്രിയല്‍ ഫിബ്രിലേഷന്‍) തുടര്‍ന്നുള്ള ബോധക്ഷയത്തിനും സ്ട്രോക്കിനുമുള്ള പ്രധാന കാരണമായി വര്‍ധിച്ച പ്രഷറിനെ പരിഗണിക്കാറുണ്ട്. അമേരിക്കന്‍ കോളേജ് ഓഫ് കാര്‍ഡിയോളജിയുടെ വാര്‍ഷികസമ്മേളനത്തില്‍ ചര്‍ച്ചചെയ്ത പ്രധാനവിഷയം പ്രഷര്‍ ചികിത്സയുടെ പുതിയ നിര്‍ദേശങ്ങള്‍തന്നെ. ഈ ലേഖകന്‍കൂടി പങ്കെടുത്ത സമ്മേളനത്തില്‍ (ജെഎന്‍സി-8), 2013 ഡിസംബര്‍ 18ന് പ്രസിദ്ധീകരിച്ച ചികിത്സാനിര്‍ദേശങ്ങള്‍ ചൂടുപിടിച്ച ചര്‍ച്ചയ്ക്ക് വിധേയമായി. പ്രഷറിന്റെ അളവുകളെ കര്‍ക്കശമാക്കുന്നതിനു പകരം കൂടുതല്‍ അയവുകള്‍ വരുത്തുകയാണുണ്ടായത്. ജെഎന്‍സി-8ന്റെ മാനദണ്ഡങ്ങളില്‍ ഏറ്റവും പ്രധാന മാറ്റം 60 വയസ്സു കഴിഞ്ഞവരിലെ പ്രഷറിന്റെ പരിധിയാണ്. കഴിഞ്ഞ 30 വര്‍ഷങ്ങളില്‍ അനുവര്‍ത്തിച്ചുപോന്ന ചികിത്സാനിര്‍ദേശങ്ങളാണ് ഇതോടെ തിരുത്തിയെഴുതപ്പെട്ടത്. 60 വയസ്സുകഴിഞ്ഞവരില്‍ സിസ്റ്റോളിക് ബിപി 150 മില്ലിമീറ്റര്‍ മെര്‍ക്കുറിയിലും ഡയാസ്റ്റോളിക് 90ലും കവിഞ്ഞാല്‍ മാത്രമേ ചികിത്സ ആരംഭിക്കേണ്ടതുള്ളൂ. ഇക്കൂട്ടരില്‍ പ്രഷര്‍ 150/90-ല്‍ താഴെയാക്കിയാല്‍ ഹൃദയപരാജയവും സ്ട്രോക്കും ഹാര്‍ട്ട് അറ്റാക്കും കാതലായി കുറയ്ക്കാന്‍ പറ്റും. വയോധികരില്‍ ബിപി 140/90-ല്‍ താഴെ കൊണ്ടുവന്നാല്‍ ഗുണത്തെക്കാളേറെ ദോഷംചെയ്യുമെന്നും കമ്മറ്റി വ്യക്തമാക്കി. ഇത് പരമ്പരാഗതമായ ചികിത്സക്കു വിപരീതമായ അനുഭൂതിയാണ് ലോകമെമ്പാടും ഉളവാക്കിയത്. ഇതുവരെ ഉണ്ടായിരുന്ന ലക്ഷ്മണരേഖ 140/90 ആയിരുന്നു. പ്രത്യേകിച്ച്, ഏഴാം ജെഎന്‍സി റിപ്പോര്‍ട്ട് 2003-ല്‍ പ്രസിദ്ധീകരിച്ചശേഷം പലരും 120-139/80-89 എന്ന "പ്രിഹൈപ്പര്‍ടെന്‍ഷന്‍' വിഭാഗത്തിലുണ്ടാകുന്ന അപകടാവസ്ഥകളെപ്പറ്റിപ്പോലും ആശങ്കാകുലരായി. പ്രിഹൈപ്പര്‍ടെന്‍ഷന്‍ അവസ്ഥയിലും ചികിത്സ തുടങ്ങേണ്ടതിന്റെ ആവശ്യകതയെപ്പറ്റി വാദിച്ചവരുണ്ട്. ഈ ചികിത്സകര്‍ക്കുള്ള തിരിച്ചടിയാണ് പുതിയ മാനദണ്ഡങ്ങള്‍. അറുപതു വയസ്സിനു താഴെയുള്ളവരില്‍ ഡയാസ്റ്റോളിക് ബിപി 90 മില്ലിമീറ്റര്‍ മെര്‍ക്കുറിയില്‍ കുറഞ്ഞിരിക്കണം. പ്രത്യേകിച്ച് 30 മുതല്‍ 59 വരെ വയസ്സുള്ളവര്‍ കര്‍ശനമായും ഈ പരിധി പാലിക്കണം. ഹൃദയധമനീരോഗങ്ങളും ഹൃദയപരാജയവും പൊതുവായ മരണനിരക്കും കുറയ്ക്കുന്നതിന് ഇത് സഹായമാകും. എന്നാല്‍,പഴയ മാനദണ്ഡങ്ങളില്‍ പ്രതിപാദിച്ചതുപോലെ 80-85 ഡയാസ്റ്റോളിക് ബിപിയിലേക്ക് കുറയ്ക്കുന്നതില്‍ പ്രത്യേകിച്ച് പ്രയോജനം കാണുന്നില്ല. ഇനി 30 വയസ്സിനു താഴെയുള്ളവരിലും ഡയാസ്റ്റോളിക് ബിപി 90-ല്‍ കുറഞ്ഞാല്‍ മതി. അറുപതു വയസ്സിന് താഴെയുള്ളവരില്‍ സിസ്റ്റോളിക് പ്രഷര്‍ 140ലേക്ക് കുറയണം. അതായത്, 140ല്‍ കുറഞ്ഞാല്‍ മതി. 120-130 അളവുകളിലേക്ക് കൊണ്ടുവരാന്‍ ബദ്ധപ്പെടരുതെന്നും ധ്വനിയുണ്ട്. ഇങ്ങനെ കൊണ്ടുവന്നാല്‍ ഗുണത്തെക്കാളേറെ ദോഷംചെയ്യും. ബിപി എത്ര കുറയുന്നുവോ അത്രയും നന്ന് എന്ന പഴയ ചികിത്സാപ്രമാണം പൊളിച്ചെഴുതപ്പെടുകയാണ്. എപ്പോഴും അങ്ങേയറ്റം "നോര്‍മല്‍' എന്നു കരുതുന്ന 120/80ലേക്ക് പ്രഷര്‍ കൊണ്ടുവരാന്‍ ഇനിയാരും ബദ്ധപ്പെടേണ്ടെന്നു സാരം. രക്തസമ്മര്‍ദം ഉയര്‍ന്നിട്ടുണ്ടോയെന്ന് കണ്ടുപിടിക്കുക, ഉണ്ടെങ്കില്‍ ഉചിതമായ ചികിത്സ വൈകാതെ ആരംഭിക്കുക, തുടര്‍ന്ന് പ്രഷര്‍ നിയന്ത്രണവിധേയമായോയെന്ന് നിശ്ചിത കാലയളവുകളില്‍ തിട്ടപ്പെടുത്തുക. ഓരോ ഘട്ടങ്ങളിലും പാളിച്ചകളും പോരായ്മകളും ഉണ്ടാകുന്നു. ഇവയെ വിജയപ്രദമായി തരണം ചെയ്യുകതന്നെയാണ് പ്രഷര്‍ ചികിത്സയിലെ പരമപ്രധാനം. ( എറണാകുളത്ത് ലൂര്‍ദ് ആശുപത്രിയില്‍ സീനിയര്‍ കാര്‍ഡിയോളജിസ്റ്റാണ് ലേഖകന്‍ )