Friday

മാനസികാരോഗ്യത്തിന് ആയുര്‍വേദം

ഡോ. പ്രീത സുനില്‍ 

ആരോഗ്യമെന്നത് ശാരീരികവും മാനസികവുമായ സുസ്ഥിതിക്കുമപ്പുറം വൈയക്തികവും സാമൂഹികവുമായ സമസ്ഥിതികൂടിയാണെന്ന സമഗ്ര ദര്‍ശനത്തിലൂന്നിയാണ് ആയുര്‍വേദം മനോരോഗങ്ങളെ ചികിത്സിക്കുന്നത്. മത്സരാധിഷ്ഠിതമായ ആധുനിക ജീവിതശൈലിയും വ്യക്തിബന്ധങ്ങളിലുണ്ടാകുന്ന ശൈഥില്യവും മാനസികസമ്മര്‍ദത്തിനും തദ്വാരാ മനോരോഗങ്ങള്‍ക്കും ഇടയാക്കുന്ന വര്‍ത്തമാനകാല സാഹചര്യത്തില്‍ ഈ ചികിത്സാ തത്വങ്ങള്‍ക്ക് പ്രസക്തിയേറുന്നു. വര്‍ധിച്ചുവരുന്ന ആത്മഹത്യാനിരക്കും കുട്ടികളില്‍പ്പോലും അധികമായി കണ്ടുവരുന്ന ഉല്‍ക്കണ്ഠ, വിഷാദം, അക്രമവാസന മുതലായ മാനസികപ്രശ്നങ്ങളും വിരല്‍ചൂണ്ടുന്നത് നമ്മുടെ വികലമായ മാനസികാരോഗ്യത്തിലേക്കാണ്.
ജനിതകമായ പ്രത്യേകതകളും വളര്‍ന്നുവന്ന സാഹചര്യങ്ങളും വ്യക്തികളുടെ മാനസികാരോഗ്യത്തെ നിര്‍ണയിക്കുന്ന ഘടകങ്ങളാണ്. മനോബലത്തിന്റെ അഥവാ മാനസികപ്രശ്നങ്ങള്‍ ബാധിക്കാനുള്ള സാധ്യതയുടെ അടിസ്ഥാനത്തില്‍ ആയുര്‍വേദം വ്യക്തികളെ മൂന്നായി തരംതിരിക്കുന്നു. ഇവരില്‍ പ്രവരമായ (ഉയര്‍ന്ന) സത്വബലത്തോടുകൂടിയവര്‍ എത്ര വലിയ മാനസികസമ്മര്‍ദങ്ങളെയും വികാരവിക്ഷോഭങ്ങളെയും സമചിത്തതയോടെ നേരിടുന്നവരും പ്രസാദാത്മകമായ ജീവിതവീക്ഷണം ഉള്ളവരും ആയിരിക്കും. ഇതിനു വിപരീതമായി അവരമായ (താഴ്ന്ന) മനോബലത്തോടുകൂടിയവര്‍ ചെറിയ ചെറിയ കാരണങ്ങള്‍കൊണ്ടുപോലും നിരാശ, കുറ്റബോധം, ആശങ്ക, ഭയം മുതലായവയ്ക്ക് അടിമപ്പെടുന്നവരും കാലക്രമേണ മനോരോഗികളായിത്തീരാന്‍ സാധ്യതയുള്ളവരുമാണ്. ഇത്തരക്കാര്‍ വളരെ എളുപ്പത്തില്‍ മദ്യപാനം, മയക്കുമരുന്ന് മുതലായവയ്ക്ക് അടിമപ്പെടാന്‍ സാധ്യതയുള്ളവരും വ്യക്തിത്വ വൈകല്യങ്ങള്‍ കൂടുതലായി കണ്ടുവരുന്നവരുമാണ്. ഈ രണ്ടു തരക്കാര്‍ക്കും ഇടയിലുള്ള മധ്യമസത്വ വ്യക്തികളാണ് നമ്മളില്‍ അധികം പേരും.
ശാരീരികകാരണങ്ങള്‍കൊണ്ട് ഉണ്ടാകുന്നതെന്നും ബാഹ്യഘടകങ്ങള്‍കൊണ്ട് ഉണ്ടാകുന്നതെന്നും മാനസികരോഗങ്ങളെ രണ്ടായി തരംതിരിച്ചിരിക്കുന്നു. ഇവയില്‍ തീവ്രമായ ലക്ഷണങ്ങളോടുകൂടിയതും ജനിതകവും ശാരീരികവുമായ ഘടകങ്ങള്‍ക്ക് രോഗകാരണത്തില്‍ ഗണ്യമായ പങ്കുള്ളതുമായ സ്കിസോഫ്രീനിയ, ബൈപോളാര്‍ ഡിസോര്‍ഡര്‍, തീവ്രമായ വിഷാദരോഗം മുതലായ അവസ്ഥകളില്‍ ദീര്‍ഘകാല ചികിത്സ അനിവാര്യമാണ്. പലപ്പോഴും ഇത്തരം രോഗങ്ങളില്‍ രോഗികള്‍ക്ക് രോഗത്തെ സംബന്ധിച്ച് വ്യക്തമായ ഉള്‍ക്കാഴ്ച ഉണ്ടാകാറില്ലാത്തതിനാല്‍ കുടുംബത്തിന്റെയും സമൂഹത്തിന്റെയും പിന്തുണയും കരുതലും രോഗശമന സാധ്യത വര്‍ധിപ്പിക്കുന്നു. പഞ്ചകര്‍മചികിത്സ അഥവാ ശോധനചികിത്സ, പഞ്ചഗവ്യഘൃതം, കല്യാണകഘൃതം, മഹാപൈശാചിക ഘൃതം, തിക്തകഘൃതം തുടങ്ങിയ ഔഷധങ്ങള്‍ ഇത്തരം അവസ്ഥകളില്‍ വൈദ്യനിര്‍ദേശപ്രകാരം പ്രയോഗിക്കുന്നു. രോഗശമനത്തോടൊപ്പം രോഗിക്ക് പ്രസാദാത്മകമായ കാഴ്ചപ്പാട്  നല്‍കുന്നതിനായി സത്വാവജയചികിത്സകള്‍  യുക്തിപൂര്‍വം പ്രയോഗിക്കാറുണ്ട്. ബാഹ്യഘടകങ്ങള്‍  കൊണ്ടുണ്ടാകുന്ന മാനസികസമ്മര്‍ദം മനോരോഗങ്ങള്‍ക്കൊപ്പം മനോജന്യശാരീരിക വ്യാധികള്‍ക്കും ജീവിതശൈലീരോഗങ്ങള്‍ക്കും കാരണമാകാറുണ്ട്. ഇത്തരം ഘട്ടങ്ങളില്‍ ഔഷധസേവനത്തോടൊപ്പം തലച്ചോറിന്റെയും നാഡീവ്യൂഹങ്ങളുടെയും പ്രവര്‍ത്തനങ്ങളെ സാധാരണനിലയിലാക്കുന്ന തരത്തിലുള്ള ശമനചികിത്സാ പ്രയോഗങ്ങള്‍ വളരെ ഗുണംചെയ്യുന്നു.
ഉല്‍ക്കണ്ഠ, വിഷാദം മുതലായ രോഗങ്ങളില്‍ ശിരോലേപനം (തലപൊതിച്ചില്‍), തളം, ശിരോധാര (ഔഷധസംസ്കൃതമായ മോര്, പാല്‍, തൈലം ഇവ ഉപയോഗിച്ചുള്ള ധാരകള്‍), ധൂപനം (ഔഷധങ്ങള്‍ ഉപയോഗിച്ചുള്ള പുകയേല്‍പ്പിക്കല്‍), ശരീരപേശികള്‍ക്ക് വിശ്രമം നല്‍കുന്ന  തരത്തിലുള്ള അഭ്യംഗം മുതലായ ചികിത്സകള്‍ ചെയ്തുവരുന്നു. കൂടാതെ ദ്രാക്ഷാദി കഷായം, ദശമൂലം കഷായം, അശ്വഗന്ധചൂര്‍ണം, ശ്വേതശംഖുപുഷ്പ ചൂര്‍ണം മാനസമിത്രവടകം മുതലായ ഔഷധപ്രയോഗങ്ങളും ഗുണംചെയ്യുന്നു. ഇതോടൊപ്പം പ്രയോഗിക്കാറുള്ള അദ്രവ്യചികിത്സകള്‍ വളരെ ഫലം ചെയ്യുന്നു. ആധുനിക ജീവിതശൈലിയുടെ ഭാഗമായി ഭക്ഷണസംസ്കാരത്തിലുണ്ടായ മാറ്റങ്ങള്‍ കുഞ്ഞുങ്ങളിലുണ്ടാകുന്ന മനോവൈകല്യങ്ങള്‍ക്കും പഠനപ്രശ്നങ്ങള്‍ക്കും നിദാനമാകുന്നു. ആഹാരസാധനങ്ങളില്‍ അടങ്ങിയിരിക്കുന്ന കൃത്രിമ നിറങ്ങള്‍, പ്രിസര്‍വേറ്റീവുകള്‍, ഭക്ഷ്യവസ്തുക്കളിലെ മായം, പഞ്ചസാരയുടെ അമിതോപയോഗം മുതലായ കാരണങ്ങള്‍കൊണ്ട് കുട്ടികളില്‍ പഠന വൈകല്യങ്ങള്‍, ഹൈപ്പര്‍ ആക്ടിവിറ്റി, ശ്രദ്ധക്കുറവ്, ഓര്‍മക്കുറവ് തുടങ്ങി നാഡീവ്യൂഹത്തെയും മാനസികാരോഗ്യത്തെയും ബാധിക്കുന്ന രോഗങ്ങള്‍ വളരെ ഉയര്‍ന്ന തോതില്‍ കണ്ടുവരുന്നു. ഇത്തരം അവസ്ഥകളില്‍ മേധ്യഗണ  ഔഷധങ്ങള്‍ ഉപയോഗിക്കുന്നു. ബ്രഹ്മീഘൃതം, സാരസ്വതഘൃതം, കുശ്മാണ്ഡസ്വരസഘൃതം മുതലായ ഔഷധങ്ങള്‍ വൈദ്യനിര്‍ദേശപ്രകാരം പ്രയോജനപ്പെടുത്താം.
മാനസികമായ കാരണങ്ങള്‍കൊണ്ട് കുട്ടികളിലുണ്ടാകുന്ന ശയ്യാമൂത്ര (യലറ ംലഹഹശിഴ) ത്തില്‍ ഔഷധചികിത്സയോടൊപ്പം അനുയോജ്യമായ സത്വാവജയ ചികിത്സകള്‍ ചെയ്തുവരുന്നു. മനോരോഗങ്ങളില്‍ രോഗചികിത്സയോടൊപ്പംതന്നെ പ്രതിരോധത്തിനും ആയുര്‍വേദം ഊന്നല്‍ നല്‍കുന്നു. മാനസികസമ്മര്‍ദത്തിനു കാരണമാകുന്ന വൈകാരികാവസ്ഥകള്‍  ആയ ക്രോധം, ഭയം, ഈര്‍ഷ്യ, മത്സരബുദ്ധി, ദുരഭിമാനം മുതലായവയുടെ നിയന്ത്രണം രോഗപ്രതിരോധത്തില്‍ വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നു. ഭയം, ശോകം മുതലായ ബാഹ്യകാരണങ്ങളാലുണ്ടാകുന്ന മാനസികാഘാതങ്ങളില്‍ ഇവയ്ക്ക് വിപരീതമായ മനഃപ്രസാദനോപായങ്ങളായ സാന്ത്വനം, പ്രീതിപ്പെടുത്തല്‍ എന്നിവ പ്രയോജനപ്പെടുത്തുന്ന പ്രതിദ്വന്ദീഭാവചികിത്സയും  ആയുര്‍വേദത്തിന്റെ ഭാഗമാണ്. ചുരുക്കത്തില്‍ അഹിതങ്ങളായ ജീവിതസാഹചര്യങ്ങളില്‍നിന്ന് മാനസികസമ്മര്‍ദത്തിനിടയാക്കുന്ന വികാരവിക്ഷോഭങ്ങളില്‍നിന്നുമുള്ള വിട്ടുനില്‍ക്കല്‍തന്നെയാണ് മാനസികാരോഗ്യത്തിലേക്കുള്ള ചവിട്ടുപടിയായി ആയുര്‍വേദം അനുശാസിക്കുന്നത്.
(ആയുര്‍വേദിക് സൈക്യാട്രിക് കണ്‍സള്‍ട്ടന്റും പാപ്പിനിശേരി ഗവ. ആയുര്‍വേദ ഡിസ്പെന്‍സറിയില്‍ മെഡിക്കല്‍ ഓഫീസറുമാണ് ലേഖിക)