Thursday

ശുദ്ധിചികിത്സ അര്‍ഥവും പൊരുളും

ഡോ. കെ മുരളീധരന്‍
ജര്‍മനിക്കാരനായ ജോസഫ് ലര്‍ച്ച് ആര്യവൈദ്യശാലയില്‍ ചികിത്സയ്ക്കെത്തുന്നത് ഏതാണ്ട് ഇരുപതു വര്‍ഷങ്ങള്‍ക്കുമുമ്പാണ്. അന്നദ്ദേഹത്തിന് 60 വയസ്സില്‍ത്താഴെ. വാടിയ മുഖത്തുള്ള ജര്‍മന്‍ചിരിക്ക് അപ്പോഴും യൌവനമുണ്ടായിരുന്നു. ഇംഗ്ളീഷ് സംസാരിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ചിലപ്പോഴൊക്കെ അദ്ദേഹം പരാജയം സമ്മതിക്കും. സംഭാഷണത്തിന് സഹായിയായി ഒരു ജര്‍മന്‍–ഇംഗ്ളീഷ് നിഘണ്ടുവും സഹായിയായി ശ്രീമതി ഹെര്‍ട്ടയും. ശ്രീമതിക്ക് ജര്‍മന്‍ഭാഷ മാത്രമേ അറിയൂ. എന്നാല്‍, ആംഗ്യങ്ങളിലൂടെ അവര്‍ വൃത്തിയായി ആശയവിനിമയം നടത്തിയിരുന്നു.
ലര്‍ച്ചിന് ഗോതമ്പിന്റെ നിറമായിരുന്നു. ദേഹം നിറയെ സിന്ദൂരം തട്ടിത്തെറിപ്പിച്ചതുപോലെയുള്ള പാടുകളുണ്ടായിരുന്നു. കാലാവസ്ഥയ്ക്കനുയോജ്യമായ രീതിയില്‍ അയഞ്ഞ പരുത്തിവസ്ത്രങ്ങളാണ് ലര്‍ച്ച് ധരിച്ചിരുന്നത്. കഴുത്തില്‍ ലോലമായ ഒരു സ്വര്‍ണച്ചെയിന്‍. അതിനു നടുക്ക് ഒരു ചെറിയ രുദ്രാക്ഷം.
ലര്‍ച്ചിന്റെ സന്ദര്‍ശനോദ്ദേശ്യം തുടക്കത്തിലേ അദ്ദേഹം വ്യക്തമാക്കി. ലര്‍ച്ച് വിശ്വസിക്കുന്നത് തന്റെ ശരീരത്തിനകത്ത് നിറയെ മാലിന്യങ്ങളുണ്ടെന്നാണ്. മാലിന്യങ്ങള്‍ എങ്ങനെയുണ്ടായി എന്നതിനെക്കുറിച്ചുള്ള വിശദീകരണമാണ് ഏറ്റവും രസകരം. ലര്‍ച്ചിന് ചെറുപ്പകാലംമുതല്‍ കൂടെക്കൂടെ വിവിധതരം രോഗാണുബാധകള്‍ ഉണ്ടായിക്കൊണ്ടിരുന്നു. രോഗാണുക്കളെ നശിപ്പിക്കാന്‍ ഏറെ സംഹാരശേഷിയുള്ള അനേകം ആന്റിബയോട്ടിക്കുകള്‍ അദ്ദേഹം മുന്നും പിന്നും നോക്കാതെ ഉപയോഗിച്ചിട്ടുണ്ട്. ലര്‍ച്ച് ധരിച്ചുവച്ചിരുന്നത് ആന്റിബയോട്ടിക്കുകള്‍ കൊന്നൊടുക്കിയ രോഗാണുക്കളുടെ ശവപ്പറമ്പായി മാറിയിരിക്കുന്നു തന്റെ ശരീരം എന്നാണ്.
ഈ മാലിന്യം ശരീരത്തെ മാത്രമല്ല, മനസ്സിനെയും ആത്മാവിനെയും ദുഷിപ്പിക്കുന്നുണ്ടെന്നാണ് ലര്‍ച്ചിന്റെ നിഗമനം. ഇങ്ങനെയൊരു ആശയം അദ്ദേഹം സ്വന്തമായി നിരൂപിച്ചെടുത്തതോ മറ്റെവിടെയെങ്കിലുംനിന്ന് കടംകൊണ്ടതോ എന്ന് വ്യക്തമായില്ല. മനസ്സിനെ മഥിച്ചുകൊണ്ടിരുന്ന ഈ ചിന്തയുമായി കഴിയുന്ന കാലത്താണ് ജര്‍മനിയില്‍വച്ച് ആള്‍ട്ടര്‍നേറ്റീവ് മെഡിസിന്‍ പ്രാക്ടീസ്ചെയ്യുന്ന ഒരു ചികിത്സാകേന്ദ്രം അദ്ദേഹം സന്ദര്‍ശിക്കാനിടയായത്. ആള്‍ട്ടര്‍നേറ്റീവ് മെഡിസിന്റെ മുഖ്യധാരയിലുള്ള ആയുര്‍വേദ ചികിത്സയെക്കുറിച്ച് ലര്‍ച്ച് അറിയുന്നത് അവിടെവച്ചാണ്. ശുദ്ധിയാണ് ആയുര്‍വേദചികിത്സയുടെ കാതല്‍ എന്നും സമഗ്രമായ ശോധനചികിത്സാപദ്ധതികളിലൂടെ ശരീരകോശങ്ങളുടെ ശുദ്ധീകരണം കൈവരിക്കാമെന്നും ലര്‍ച്ച് മനസ്സിലാക്കി– ഈ ലക്ഷ്യം തേടിയുള്ള യാത്രാമധ്യേയാണ് അദ്ദേഹം കോട്ടയ്ക്കല്‍ ആര്യവൈദ്യാശാലയില്‍ എത്തിയത്.

ലര്‍ച്ചിന്റെ നിരീക്ഷണവും അഭിപ്രായവും പൂര്‍ണമായി അംഗീകരിക്കാന്‍ സാങ്കേതികമായ ബുദ്ധിമുട്ടുകളുണ്ട്. കാരണം, ശരീരത്തിലടിഞ്ഞുകൂടുന്ന വിഷാംശങ്ങളെയും ഹാനികരമായ മറ്റു പദാര്‍ഥങ്ങളെയും യഥാവിധി നിര്‍ഹരിക്കാനുള്ള നൈസര്‍ഗികമായ ചില ചോദനകളും വ്യവസ്ഥിതികളും ശരീരത്തിനകത്തുതന്നെ ഉണ്ട്. ഒരു മൊബൈല്‍ ആര്‍മി സര്‍ജിക്കല്‍ ഹോസ്പിറ്റല്‍ യൂണിറ്റ്  (Mobile Army Surgical Hospital Unit- MASH)  പോലെയാണ് ഇത് പ്രവര്‍ത്തിക്കുന്നത്. കേടുവന്ന ഭാഗങ്ങളെ നീക്കംചെയ്തും പുനര്‍നിര്‍മിച്ചും (damage removal and repair)  ശരീരത്തിന് സംരക്ഷണം നല്‍കുന്ന വ്യവസ്ഥിതിയാണിത്. ഈ വിശദീകരണം ലര്‍ച്ചിന് സ്വീകാര്യമാകുമെന്ന് തത്സമയം തോന്നിയില്ല. അതിനാല്‍ത്തന്നെ അത്തരമൊരു വിവാദത്തിന് മുതിര്‍ന്നുമില്ല. അതവിടെ നില്‍ക്കട്ടെ.
ആയുര്‍വേദത്തെക്കുറിച്ച് ലര്‍ച്ച് മനസ്സിലാക്കിയത് ശരിയാണ്. വളരെ ഉദാത്തമായ ഒരു സിദ്ധാന്തമാണ് ശുദ്ധിയെക്കുറിച്ച് ആയുര്‍വേദത്തിനുള്ളത്. ശുദ്ധി എന്നാല്‍ ശരീരത്തിന്റെയും മനസ്സിന്റെയും ജീവിതപരിസരത്തിന്റെയും വാക്കിന്റെയും പ്രവൃത്തിയുടെയും എല്ലാം നിര്‍മലാവസ്ഥയാകുന്നു. ഇതിനാകട്ടെ, ഏറെ സമകാലിക പ്രസക്തിയുണ്ടുതാനും.
ഒരു നൂറ്റാണ്ടുമുമ്പ് മനുഷ്യരാശിയെ ഏറെ ക്ളേശിപ്പിക്കുകയും  മരണത്തിലേക്ക് നയിക്കുകയുംചെയ്തിരുന്നത് രോഗാണു സംക്രമണംമൂലമുള്ള ന്യുമോണിയ, ടിബി, ഡിഫ്ത്തീരിയ, ഇന്‍ഫ്ളുവന്‍സ തുടങ്ങിയ രോഗങ്ങളായിരുന്നു. രോഗകാരണങ്ങളായ അണുക്കളെ കണ്ടെത്താനും അവയെ നിര്‍മ്മൂലനംചെയ്യാനും പ്രതിരോധിക്കാനും കഴിഞ്ഞതോടെ സാംക്രമികരോഗങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ ഒരു പരിധിവരെ വൈദ്യശാസ്ത്രത്തിന് സാധിച്ചു. വൈദ്യശാസ്ത്രത്തില്‍ പിന്നീടുണ്ടായ മുന്നേറ്റങ്ങളുടെ ഫലമായി ആയുര്‍ദൈര്‍ഘ്യം വര്‍ധിക്കുകയുംചെയ്തു. എന്നാല്‍, 21–ാം നൂറ്റാണ്ടായപ്പോഴേക്കും ചിത്രം മറ്റൊന്നായി. ദീര്‍ഘകാലാനുബന്ധിയായ ജീര്‍ണതാജന്യരോഗങ്ങള്‍ (Chronic degenerative diseases)  വൈദ്യശാസ്ത്രത്തിന് പുതിയ വെല്ലുവിളികള്‍ ഉയര്‍ത്തി. കൊറോണറി ആര്‍ട്ടറി ഡിസീസ്, സ്ട്രോക്ക്, ക്യാന്‍സര്‍, പ്രമേഹം, മാക്യുലാര്‍ ഡീജനറേഷന്‍, കാറ്റ്റാക്ട്, അല്‍ഷിമേഴ്സ്, പാര്‍ക്കിന്‍സണ്‍സ് ഡിസീസ്, മള്‍ട്ടിപ്പിള്‍ സ്ക്ളീറോസിസ്, ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് തുടങ്ങിയ രോഗങ്ങളാണ് ഈ വിഭാഗത്തില്‍പ്പെടുന്നവ.

അണുസംക്രമണജന്യരോഗങ്ങളുടെ കാര്യത്തിലെന്നപോലെ ഇവയ്ക്കൊരു പ്രതിവിധി കണ്ടെത്താന്‍ കഴിയുന്നില്ലെന്നുള്ളതാണ് ഇപ്പോള്‍ ആകുലപ്പെടുത്തുന്ന കാര്യം. തല്‍ഫലമായി രോഗംകൊണ്ട് മരിക്കുന്നവരേക്കാള്‍ രോഗവുമായി ജീവിക്കുന്നവരുടെ എണ്ണം കൂടിയിരിക്കുകയാണ്. ലിവിങ് ടൂ ഷോര്‍ട്ട്, ഡയ്യിങ് ടൂ ലോങ്  Living too short, dying too long എന്ന ഒരവസ്ഥ.
ദീര്‍ഘകാലാനുബന്ധിയായ ജീര്‍ണതാജന്യരോഗങ്ങളുടെ കാരണം ശരീരത്തിന്റെ കോശകോശാന്തരങ്ങളില്‍ (intra cellular, inter cellular) അടിഞ്ഞുകൂടുന്ന ഹാനികരങ്ങളായ പദാര്‍ഥങ്ങളാണെന്ന നിഗമനത്തിലാണ് വൈദ്യനിരീക്ഷണം എത്തിനില്‍ക്കുന്നത്. ഇത്തരം ഒരവസ്ഥാവിശേഷത്തെക്കുറിച്ച് ആയുര്‍വേദത്തില്‍ ഗൌരവമായി ചര്‍ച്ചചെയ്തിട്ടുണ്ട്്.
സര്‍വ്വഥാ ആരോഗ്യകരമായ ചുറ്റുപാടില്‍ ജീവിക്കുന്ന ഒരാളില്‍പ്പോലും മലങ്ങള്‍ (bio wastes/toxins)  സഞ്ചയിക്കപ്പെടാന്‍ സാധ്യതയുണ്ട്. പുതിയ കുടത്തില്‍ വച്ചിരിക്കുന്ന ശുദ്ധജലവുമായിട്ടാണ് ഇതിനെ ഉപമിച്ചിരിക്കുന്നത്. കുടം പുതിയതാണ്; ജലം ശുദ്ധവുമാണ്– എങ്കിലും കാലാന്തരത്തില്‍ കുടത്തിനകത്ത് ചളി അടിഞ്ഞുകൂടും. ഈ ന്യായമനുസരിച്ച് ആരോഗ്യാവസ്ഥയിലുള്ള ഒരു ശരീരത്തിലും മാലിന്യമടിഞ്ഞുകൂടാം. ഇതുപോലെതന്നെ വിവിധ രോഗാവസ്ഥകളിലും ഇങ്ങനെ സംഭവിക്കാം. ഇതിനെ റീടെന്‍ഷന്‍  ടോക്സികോസ് retention toxicosis എന്നാണ് പറയുക. അതായത് സഞ്ചിതമാകുന്ന മലംകൊണ്ട് ശരീരത്തിനുണ്ടാകുന്ന വിഷബാധ എന്നര്‍ഥം.
ബാഹ്യസ്രോതസ്സുകളില്‍ക്കൂടി പുറത്തുപോകേണ്ട സ്രവണങ്ങള്‍, വേണ്ടരീതിയില്‍ പാകപ്പെടാതെപോകുന്ന കോശങ്ങള്‍, ശരീരത്തിനകത്ത് നാനാപ്രകാരേണ കെട്ടിക്കിടന്ന് ചീഞ്ഞളിയുന്ന പദാര്‍ഥങ്ങള്‍, രക്തധമനികളിലും മറ്റും പറ്റിപ്പിടിക്കുന്ന മലാംശങ്ങള്‍ എന്നിങ്ങനെ ശരീരത്തിന് 'തിന്മ' ചെയ്യുന്നവയെല്ലാം മലങ്ങള്‍ എന്ന പരിഗണനയിലാണ് വരുന്നത്. ഇപ്രകാരം റീടെന്‍ഷന്‍  ടോക്സികോസ് മൂലമുണ്ടാകുന്ന അസുഖങ്ങളുടെ ഒരു നീണ്ട പട്ടികതന്നെയുണ്ട്. അതിസ്ഥൌല്യം, പ്രമേഹം, ഹൃദയത്തെയും രക്തധമനികളെയും ബാധിക്കുന്ന രോഗങ്ങള്‍, യകൃത് രോഗങ്ങള്‍, അലര്‍ജി മൂലമുണ്ടാകുന്ന ശ്വസനപഥത്തെയും ത്വക്കിനെയും ബാധിക്കുന്ന രോഗങ്ങള്‍, അര്‍ശ്ശസ്, ശരീരത്തിനകത്തുണ്ടാകുന്ന മുഴകള്‍, ദുഃസ്വപ്നദര്‍ശനം മുതലായവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.
ആധുനിക വൈദ്യശാസ്ത്രത്തിലുമുണ്ട് സമാനമായ ചില ചിന്താഗതികള്‍. ഉയര്‍ന്ന രാസക്രിയാശീലമുള്ള സ്വതന്ത്ര റാഡിക്കലുകള്‍ (free radicals)  ക്രമാതീതമായി സഞ്ചയിക്കപ്പെടുമ്പോള്‍ കോശങ്ങളുടെ നാശവും ദീര്‍ഘകാലാനുബന്ധിയായ നിരവധി രോഗങ്ങളും ഉണ്ടാവുന്നു എന്നാണ് കരുതപ്പെടുന്നത്. ഇതു വ്യക്തമാകുന്നതിന് സ്വതന്ത്ര റാഡിക്കലുകളെക്കുറിച്ച് സാമാന്യമായ ചിലതു ധരിച്ചിരിക്കേണ്ടതുണ്ട്. ഒരു പുല്‍ത്തകിടിക്ക് മധ്യത്തില്‍ ജ്വലിച്ചുകൊണ്ടിരിക്കുന്ന തീക്കുണ്ഠത്തെ സങ്കല്‍പ്പിക്കുക. സാധാരണ നിലയ്ക്ക് സുരക്ഷിതമായും നിശ്ശബ്ദമായും ജ്വലിച്ചുകൊണ്ടിരിക്കുന്ന അഗ്നികുണ്ഠത്തില്‍നിന്ന് അപൂര്‍വ്വാവസരങ്ങളില്‍ ചില തീപ്പൊരികള്‍ പറന്നുവന്ന് പുല്‍ത്തകിടിയില്‍ വീഴും. ഇതു വല്ലപ്പോഴും സംഭവിക്കുമ്പോള്‍ പുല്‍ത്തകിടിക്ക് കേടുപാടില്ലാതെ നിലനില്‍ക്കാന്‍ കഴിയും. എന്നാല്‍, ഏതെങ്കിലും സാഹചര്യത്തില്‍ ഈ തീപ്പൊരികള്‍ കൂടുതലാവുകയാണെങ്കില്‍ പുല്‍ത്തകിടി ക്രമേണ കരിഞ്ഞുപോകും. ഇതേ മാതൃകയില്‍ ജൈവകോശത്തില്‍ പ്രവര്‍ത്തിക്കുന്ന അഗ്നികുണ്ഠമാണ് മൈറ്റോകോണ്‍ട്രിയോണ്‍ (mitochondrion) മൈറ്റോകോണ്‍ട്രിയോണില്‍വച്ചാണ് കോശത്തിലെത്തുന്ന ഓക്സിജന്‍ ഊര്‍ജമായി മാറുന്നത് (അഡിനോസിന്‍ ട്രൈഫോസ്ഫേറ്റ് ATP). ഈ പ്രക്രിയയുടെ ഉപോല്‍പ്പന്നമായി ജലതന്മാത്രകളും ഉല്‍പ്പാദിപ്പിക്കപ്പെടുന്നുണ്ട്. സാധാരണ നിര്‍വിഘ്നം നടന്നുപോകുന്നതാണ് ഈ പ്രക്രിയയെങ്കിലും ചില പ്രത്യേക സാഹചര്യങ്ങളില്‍ ഇതില്‍ തടസ്സങ്ങള്‍ ഉണ്ടായേക്കാം. ഇതിനുള്ള വിശദീകരണം ഇപ്രകാരമാണ്.
മൈറ്റോകോണ്‍ട്രിയോണില്‍വെച്ച് ഓക്സിജന്‍ 4 ഇലക്ട്രോണുകളെവീതം സ്വീകരിച്ച്  എടിപി തന്മാത്രകളും വെള്ളവും ഉണ്ടാക്കുന്നു. പക്ഷേ, ചിലസമയത്ത് (ഈ 4 ഇലക്ട്രോണുകളുടെ അഭാവത്തില്‍) ഓക്സിജന്‍ അസ്ഥിരമായ ഒരു സ്വതന്ത്രറാഡിക്കല്‍ ആയി മാറുന്നു. ഈ അസ്ഥിര ഓക്സിജന്‍ വളരെ ഉയര്‍ന്ന രാസക്രിയാശീലമുള്ളതാണ്.
മേല്‍ ഉദാഹരിച്ച അഗ്നികുണ്ഠത്തില്‍നിന്ന് പുറത്തുവരുന്ന തീപ്പൊരിയുടെ സ്വഭാവമാണ് സ്വതന്ത്രറാഡിക്കലിനുള്ളത്. ഇവ ചുറ്റുമുള്ള പുല്‍ത്തകിടിയെ (കോശപരിസരം) ക്രമേണ ജീര്‍ണിപ്പിച്ചുകൊണ്ടിരിക്കും. ഇത് വിനാശകരമായ ഒരു പ്രക്രിയയാണ്. ദീര്‍ഘകാലാനുബന്ധിയായ ജീര്‍ണതാജന്യരോഗങ്ങളുടെ (chronic degenerative diseases)  തുടക്കം ഇങ്ങനെയാകുന്നു. കണ്ണിനെയാണ് ബാധിക്കുന്നതെങ്കില്‍ മാക്യുലാര്‍ ഡീജനറേഷന്‍ ആകാം. രക്തധമനികള്‍ക്കുള്ളിലാണെങ്കില്‍ ഹൃദ്രോഗമോ സ്ട്രോക്കോ ആകാം. സന്ധികള്‍ക്കുള്ളിലാണെങ്കില്‍ സന്ധിവാതമാകാം. മസ്തിഷ്ക്കത്തിനുള്ളിലാണെങ്കില്‍ അല്‍ഷിമേഴ്സ് ഡിസീസോ പാര്‍ക്കിന്‍സണ്‍സ് ഡിസീസോ ആകാം. ഇത്തരം രോഗങ്ങളുണ്ടാക്കുന്ന സാഹചര്യത്തെയാണ് ഓക്സിഡേറ്റീവ് സ്ട്രെസ് എന്നു പറയുന്നത്. ഓക്സിഡേറ്റീവ് സ്ട്രെസിനെ മറികടക്കാന്‍ ശരീരം സ്വയം ഉല്‍പ്പാദിപ്പിക്കുന്ന ചില ആന്റി ഓക്സിഷഡന്റ്സ് ഉണ്ട്. സൂപ്പറോക്സയിഡ് ഡിസ്മ്യൂടേസ്, കാറ്റലേസ്, ഗ്ളൂട്ടാത്തിയോണ്‍ പെറോക്സിഡേസ് (Superoxide dismutase, catalase, glutathione peroxidase)  എന്നിവയാണ് അവ. ഇവയാണ് പ്രകൃതിദത്തമായ ആന്‍ഡി ഓക്സിഡന്റ് ഡിഫന്‍സ് സിസ്റ്റം (antioxidant defence system) നിര്‍മിക്കുന്നത്.  സ്വതന്ത്ര റാഡിക്കല്‍സിനെ കൂടുതലായി ഉല്‍പ്പാദിപ്പിക്കുമ്പോഴും ആനുപാതികമായി ഇവയെ നിര്‍വീര്യമാക്കാന്‍ ആന്‍ഡി ഓക്സിഡന്റ് ഡിഫന്‍സ് സിസ്റ്റ (antioxidant defence system)ത്തിന് സാധിക്കാതെ വരികയും ചെയ്യുമ്പോഴാണ് രോഗങ്ങളുടെ പരമ്പരതന്നെ ആരംഭിക്കുന്നത്.
ആയുര്‍വേദം ഇവയെ മൊത്തമായി വിലയിരുത്തുന്നത് ഒരു ധാതുപാക/പരിണാമ വൈഷമ്യമായും വിഷരൂപയിയായ മലസഞ്ചയമായും ആണ്. ഈ അവസ്ഥ മറികടക്കുന്നതിന് ഉതകുന്ന സമഗ്രമായൊരു ചികിത്സാപദ്ധതിയാണ് ആയുര്‍വേദത്തില്‍ ശുപാര്‍ശ ചെയ്യപ്പെട്ടിട്ടുള്ളത്. ജൈവാഗ്നിയെ വര്‍ധിപ്പിക്കാനും ദഹിക്കാതെ കിടക്കുന്ന പദാര്‍ഥങ്ങളെ പചിപ്പിക്കാനും ഉതകുന്ന ഔഷധങ്ങള്‍ (ദീപന–പാചനൌഷധങ്ങള്‍) ഉപയോഗിച്ചും മെഴുക്കിട്ടും വിയര്‍പ്പിച്ചും ഇളക്കിയെടുത്ത് അനുയോജ്യമായ രീതിയില്‍ പുറത്തേക്കുകളഞ്ഞും ആണ് ഇത് നിര്‍വഹിക്കപ്പെടുന്നത്. ദീപനം, പാചനം, സ്നേഹനം, സ്വേദനം, ശോധനം എന്നീ സാങ്കേതിക പദാവലി ഉപയോഗിച്ചാണ് ഇവയെ ശാസ്ത്രത്തില്‍ വിവരിച്ചിട്ടുള്ളത്. ശോധനക്രിയയുടെ വിശദരൂപമാണ് പഞ്ചകര്‍മചികിത്സ. കാല–ദേശ–ദേഹാവസ്ഥകള്‍ നോക്കി സുഘടിതമായി ചെയ്യേണ്ടതാണിത്. ദീര്‍ഘകാലാനുബന്ധിയായ ജീര്‍ണതാജന്യരോഗങ്ങളുടെ തീവ്രത കുറയ്ക്കാന്‍ ശുദ്ധിചികിത്സ സഹായകരമാകുമെന്ന് വ്യക്തമാക്കുന്നതാണ് ആചാര്യോക്തമായ അതിന്റെ ഫലശ്രുതി–ബുദ്ധിപ്രസാദം, ഇന്ദ്രിയബലം, ധാതുസമ്പുഷ്ടമായ യൌവനം, അഗ്നിദീപ്തി, ആരോഗ്യസമ്പന്നമായ ദീര്‍ഘായുസ്സ് എന്നിവ ശുദ്ധിചികിത്സ പ്രദാനംചെയ്യുന്നു.

ഒരു പിന്‍കുറിപ്പുകൂടി
ഇതിനകം പതിനെട്ടുതവണ ലര്‍ച്ച് ഒരുമാസംവീതം നീണ്ടുനിന്ന ആയുര്‍വേദ ചികിത്സയ്ക്ക് വിധേയനായിട്ടുണ്ട്. സുഖമായിരിക്കുന്നു. മാലിന്യമുക്തമായ ഒരു ലോകം നമുക്ക് സൃഷ്ടിക്കാനാകുമോ? അറിയില്ല. പക്ഷേ, മാലിന്യമില്ലാത്ത ഒരു ജീവിതത്തിനുവേണ്ടി പ്രയത്നിക്കാനാകും. അതിന് സാമൂഹികവും സാംസ്കാരികവും ചികിത്സാപരവുമായ മുന്നൊരുക്കങ്ങള്‍ ആവശ്യമുണ്ട്.