Monday

എന്താണ് ശിരോധാര ?

ഡോ. കെ. മുരളീധരന്‍


നാല്‍പ്പതു വയസ്സുകാരനായ രാജനന്ദനന്‍ ഇന്ത്യയിലെ പ്രശ്സതമായ ഒരു ഐഐടിയില്‍ പ്രവൃത്തിയെടുക്കുന്നു. സൌമ്യപ്രകൃതം. കാഴ്ചയിലും പെരുമാറ്റത്തിലും ജ്ഞാനസമ്പന്നന്‍. ജീവിതസൌകര്യങ്ങളും കുടുംബജീവിതവും ഭദ്രം. എന്നാല്‍, തലയ്ക്കകത്ത് ഒരു ചെറിയ മോട്ടോര്‍ വര്‍ക്ക്ചെയ്യുന്നതുപോലെയുള്ള ശബ്ദം ഉറങ്ങാതിരിക്കുന്ന സമയത്തെല്ലാം അദ്ദേഹത്തെ അലോസരപ്പെടുത്തിയിരുന്നു. ജനറല്‍ മെഡിസിന്‍, ന്യൂറോളജി, ഇഎന്‍ടി വിഭാഗങ്ങളിലുള്ള ഡോക്ടര്‍മാരെ അദ്ദേഹം സമീപിച്ചെങ്കിലും തലയ്ക്കകത്തെ ശബ്ദത്തിന്റെ ഉറവിടം കണ്ടെത്താന്‍ അവര്‍ക്കായില്ല. സൈക്യാട്രിസ്റ്റിന്റെ മരുന്നുകളും ഉപദേശവും വിഫലമായി. തലയ്ക്കകത്തുള്ള കടന്നല്‍ക്കൂട്ടം രാജനന്ദനനെ അക്ഷരാര്‍ഥത്തില്‍ തളര്‍ത്തി. പേരില്ലാത്ത, കാരണമറിയാത്ത ഈ രോഗത്തെക്കുറിച്ച് അദ്ദേഹം ആരോടും പരാതിപറയാതെയായി.
രാജനന്ദനന്‍ കോട്ടയ്ക്കലില്‍വന്നത് സെര്‍വൈക്കല്‍ സ്പോണ്‍ഡിലോസിസിനുള്ള (കഴുത്തിലെ കശേരുക്കളെ ബാധിക്കുന്ന രോഗം) ആയുര്‍വേദ ചികിത്സ തേടിയായിരുന്നു. അതിനാല്‍തന്നെ, തലയ്ക്കകത്ത് അനുഭവപ്പെട്ടിരുന്ന ഇരമ്പലിനെക്കുറിച്ച് അദ്ദേഹം പറഞ്ഞതുമില്ല.
സെര്‍വൈക്കല്‍ സ്പോണ്‍ഡിലോസിസിന് സാധാരണ നിശ്ചയിക്കാറുള്ള മരുന്നുകളും ശിരോധാരയുമാണ് രാജനന്ദനന് വൈദ്യന്മാര്‍ നിശ്ചയിച്ചത്. രാജനന്ദനനെ അത്ഭുതപ്പെടുത്തി, ധാര തുടങ്ങി മൂന്നുനാലു ദിവസം കഴിഞ്ഞപ്പോള്‍ തലയ്ക്കകത്തുള്ള ഇരമ്പല്‍ പൂര്‍ണമായും നിലച്ചു. അദ്ദേഹത്തിന്റെ ഭാഷയില്‍ 'ആരോവന്ന് മോട്ടോര്‍ ഓഫ്ചെയ്തതുപോലുള്ള തോന്നല്‍' ആണ് ഉണ്ടായത്.
രാജനന്ദനന്‍ തുടര്‍ന്ന് പറഞ്ഞത് മറ്റൊരു കാര്യമാണ്. 'എന്റെ നെറ്റിയില്‍ ധാര സൃഷ്ടിച്ച തൈലതരംഗങ്ങള്‍ ഏതോ അദൃശ്യമായ ഒരു മാധ്യമത്തിലൂടെ തലയ്ക്കകത്ത് പ്രവേശിക്കുന്നുണ്ട്. അത് വിദ്യുത്തരംഗങ്ങളാകാം, കാന്തികതരംഗങ്ങളാകാം, താപതരംഗങ്ങളാകാം. ഏതായാലും ശിരോധാരയുടെ പ്രവര്‍ത്തനരീതിയെക്കുറിച്ച് നിങ്ങള്‍ കൂലങ്കഷമായി പഠിക്കണം. ഒരുപക്ഷേ മസ്തിഷ്ക്കത്തെക്കുറിച്ചുള്ള ഒട്ടേറെ കണ്ടെത്തലുകളിലേക്ക് ഈ പഠനം വഴിവച്ചേക്കാം'.
രാജനന്ദനന്റെ ചികിത്സാനുഭവം ഉണര്‍ത്തുന്ന ചില ചിന്തകളാണ് ഈ ലേഖനത്തിന് ആധാരം. ഇരുളടഞ്ഞ ഭൂഖണ്ഡം ആഫ്രിക്കയല്ല; മനുഷ്യമസ്തിഷ്കമാണെന്ന് ഒരാള്‍ പറഞ്ഞാല്‍ നിഷേധിക്കാനാവില്ല. കാരണം, മസ്തിഷ്കത്തിലെ കുന്നുകളെയും ചരിവുകളെയും താഴ്വാരങ്ങളെയും ഉറവകളെയും കുറിച്ചുള്ള നമ്മുടെ അറിവ് ഇപ്പോഴും ഭാഗികമാണ്. 
ഒന്നുപറയാം, മസ്തിഷ്കത്തില്‍ ഭൂമിയുടെയും ജലത്തിന്റെയും വായുവിന്റെയും ആകാശത്തിന്റെയും ചലനനിരതമായ സാന്നിധ്യമുണ്ട്. ജീവന്റെ വേരുകള്‍ ഇതിലേക്ക് ആഴ്ന്നിറങ്ങി നില്‍ക്കുന്നു. തലകീഴായി നില്‍ക്കുന്ന വൃക്ഷമാണ് മനുഷ്യന്‍ എന്ന് ആദിമസൂക്തങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളത് ഇതിന്റെ അടിസ്ഥാനത്തിലാകണം.
മനുഷ്യമസ്തിഷ്കത്തെക്കുറിച്ച് വെളിവായ അറിവുകളില്‍ പ്രസക്തമായ ചിലത് ഇവിടെ സൂചിപ്പിക്കാം. ഒരാളുടെ ശരീരഭാരത്തിന്റെ രണ്ടുശതമാനത്തോളം മസ്തിഷ്കത്തിന്റേതാവുമെന്നാണ് കണക്ക്. ശ്വസനപ്രക്രിയയിലൂടെ ലഭിക്കുന്ന ശുദ്ധവായുവിന്റെ 20 ശതമാനത്തോളം വിനിയോഗിക്കപ്പെടുന്നത് മസ്തിഷ്കത്തിലാണ്. ഹൃദയത്തില്‍നിന്നുള്ള ശുദ്ധരക്തപ്രവാഹത്തിന്റെ 15 ശതമാനത്തോളം എത്തുന്നതും ഇവിടേയ്ക്കാണ്. മാത്രമല്ല, ജൈവശരീരത്തില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ഊര്‍ജത്തിന്റെ 25 ശതമാനത്തോളം ഉപയോഗം മസ്തിഷ്ക പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിവരുന്നു. 
ആകൃതിയില്‍ മസ്തിഷ്കത്തിന് വാള്‍നട്ടിനോട് സാമ്യമുണ്ട്. ഒരു ഞെട്ടിന്റെ മുകളില്‍ വച്ചിരിക്കുന്ന വാള്‍നട്ടുകളെപ്പോലെയാണ് അത്. മസ്തിഷ്കത്തിന് സമാനാകൃതിയിലുള്ള രണ്ട് അര്‍ധഗോളങ്ങളുണ്ട്. ഓരോ ഗോളാര്‍ധവും നാല് ലോബുകളായി വിഭജിക്കപ്പെടുകയും ചെയ്യുന്നു.  ലോബുകള്‍ എന്നാല്‍ ഖണ്ഡങ്ങള്‍ എന്നര്‍ഥം.
നാനാവിധ ശാരീരികചേഷ്ടകള്‍, ത്യാജ്യ–ഗ്രാഹ്യ വിവേചനശക്തി, ഓര്‍മ, ഭാഷ, യുക്തിബോധം എന്നിവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഫ്രണ്ടല്‍ ലോബില്‍ നടക്കുന്നു. സ്ഥലകാലബോധം സ്പര്‍ശജ്ഞാനം, രൂപഗ്രഹണം, സംസാരശേഷി, എഴുത്ത്, വായന, ഗണിതം എന്നിവയുമായും വിവിധ ശാരീരികചലനങ്ങളുടെ ഏകോപനവുമായും പാരിയേറ്റല്‍ ലോബ് ബന്ധപ്പെട്ടിരിക്കുന്നു. കേള്‍വി, ശബ്ദം, സംഭാഷണം ഇവയുടെ അര്‍ഥപൂര്‍ണമായ ജ്ഞാനം രൂപപ്പെടുന്നത് ടെമ്പറല്‍ ലോബിലാണ്. തലച്ചോറിന്റെ പിന്‍ഭാഗത്ത് സ്ഥിതിചെയ്യുന്ന ഒകിപിറ്റല്‍ ലോബ് കാഴ്ചയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഓര്‍മ എന്ന വിശേഷശക്തിയുടെ സംവിധാനത്തില്‍ മസ്തിഷ്കത്തിലെ എല്ലാ ലോബുകള്‍ക്കും ചെറുതോ വലുതോ ആയ പങ്കുണ്ട്. ഉദാഹരണം: എൃീിമേഹ ഹീയല ലെ പ്രി ഫ്രണ്ടില്‍ കോര്‍ടക്സ് ഹ്രസ്വകാല ഓര്‍മകളെ രൂപപ്പെടുത്തുകയും ദീര്‍ഘകാല ഓര്‍മകളെ സംഭരിച്ചുവയ്ക്കുകയും ചെയ്യുന്നു. ഇതുപോലെത്തന്നെ മറ്റു ലോബുകള്‍ക്കും ദീര്‍ഘകാല ഓര്‍മകളുടെ കാര്യത്തില്‍ പങ്കുണ്ടെന്നാണ് നിഗമനം.
മസ്തിഷ്ക നിര്‍മിതിയില്‍ പങ്കാളികളാകുന്നതാകട്ടെ, കേന്ദ്രനാഡീവ്യൂഹവ്യവസ്ഥിതി യിലെ അടിസ്ഥാന ഘടകങ്ങളായ ന്യൂറോണുകളാണ്. ഇതിനുപുറമെ ഗ്ളിയാല്‍ സെല്ലുകളും   രക്തധമനികളുംകൂടി ചേരുന്നു. മസ്തിഷ്കത്തെ കേന്ദ്രീകരിച്ചുള്ള വിദ്യുത്–രാസായനിക പ്രവര്‍ത്തനങ്ങളുടെ ഫലമായി ഉണ്ടാകുന്ന ആവേഗങ്ങളുടെ സംസ്കരണവും സംവഹനവുമാണ് ന്യൂറോണകളുടെ പ്രധാന ധര്‍മങ്ങള്‍.
ന്യൂറോണുകളില്‍നിന്നു വ്യത്യസ്തമായ തരത്തിലുള്ള കോശങ്ങളാണ് ഗ്ളിയാല്‍ സെല്ലുകള്‍.  രക്തധമനികളോടൊപ്പം ന്യൂറോണുകള്‍ക്കുവേണ്ട പ്രാണവായുവും പോഷകങ്ങളും എത്തിക്കുന്നതില്‍ ഗ്ളിയാല്‍ സെല്ലുകള്‍ക്കും പങ്കുണ്ട്. കൂടാതെ, ന്യൂറോണുകളുടെ കവചമായും (ആവരണം) ഈ കോശങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ന്യൂറോണുകളുടെ സുസ്ഥിതിക്കും ആവേഗങ്ങളുടെ സുഗമനത്തിനും ഇതാവശ്യമാകുന്നു. മസ്തിഷ്കത്തിലുണ്ടാകുന്ന രോഗാല്‍പ്പാദകങ്ങളായ ഘടകങ്ങളെയും നാശംസംഭവിച്ച ന്യൂറോണുകളെയും നീക്കംചെയ്യുന്നതില്‍ക്കൂടി ഗ്ളിയാല്‍ സെല്ലുകള്‍ ഭാഗഭാക്കാകുന്നുണ്ട്. ചുരുക്കി പ്പറഞ്ഞാല്‍ ന്യൂറോണുകളുടെ പ്രവര്‍ത്തനത്തെ അഭംഗുരം നിലനിര്‍ത്താന്‍ ഗ്ളിയാല്‍ സെല്ലുകള്‍ കൂടിയേ തീരൂ. മസ്തിഷ്കത്തിനകത്തുണ്ടാകേണ്ട സന്തുലിതാവസ്ഥ നിലനിര്‍ത്തപ്പെടുന്നത് മേലെഴുതിയ ഘടകങ്ങളുടെ സുഘടിതമായ പ്രവര്‍ത്തനംമൂലമാകുന്നു.
മസ്തിഷ്കമാണ് ഏറ്റവും വലിയ കംപ്യൂട്ടര്‍ എന്നു പറയുമ്പോഴും അതിനൊരു മറുവശമുണ്ടെന്ന് ഓര്‍ക്കേണ്ടതുണ്ട്്. ഒരു കംപ്യൂട്ടറിനകത്തുള്ള ഭാഗങ്ങളും ക്രമീകരണങ്ങളും സ്ഥായിയാണ്. എന്നാല്‍ മസ്തിഷ്കത്തിനകത്തുള്ള കോശജാലകങ്ങള്‍ പ്രത്യേകധര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ സ്വയം പ്രാപ്തിയുള്ളവയാണ്. മാത്രമല്ല, ആവശ്യങ്ങള്‍ക്കനുസരിച്ച് അതിന്റെ നെറ്റ്വര്‍ക്കുകളും  പാറ്റേണുകളും മാറ്റാന്‍ ശേഷിയുള്ളവയുമാണ്. ശിക്ഷണത്തിനും അനുഭവത്തിനും അനുസരിച്ച് കോശങ്ങളുടെ എണ്ണവും ആകൃതിയുംവരെ മാറാം. ഈ നിലയ്ക്ക് നോക്കുമ്പോള്‍, മസ്തിഷ്കത്തിനകത്ത് സംഭവിക്കുന്ന ഘടനാപരവും ചലനാത്മകവുമായ സങ്കീര്‍ണതകള്‍ ഏറ്റവും ശേഷിയുള്ള ഒരു കംപ്യൂട്ടറുമായി താരതമ്യം ചെയ്യാവുന്നതിലും എത്രയോ മേലെയാണ്.
മസ്തിഷ്കത്തിനേല്‍ക്കുന്ന പരിക്കുകള്‍, അണബാധ (ഉദാഹരണം വൈറല്‍ പനികള്‍), ചില  മരുന്നുകളുടെ ഉപയോഗം തുടങ്ങിയ നിരവധി കാര്യങ്ങള്‍ മസ്തിഷ്കപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കാം. ഉറക്കത്തിലെ ക്രമക്കേടുകളും ഇന്ദ്രിയങ്ങള്‍ക്ക് തളര്‍ച്ചയുണ്ടാക്കുന്ന തരത്തിലുള്ള ജീവിതരീതികളും മസ്തിഷ്കത്തിന് ഹാനികരംതന്നെ. ഈ നിലയ്ക്കു പറഞ്ഞാല്‍, മസ്തിഷ്കകോശങ്ങളെ പ്രകോപിപ്പിക്കുന്ന ഒട്ടേറെ പ്രവൃത്തികളില്‍ വ്യാപൃതമാണ് ആധുനികസമൂഹമെന്ന് മനസ്സിലാക്കാം. മൊബൈല്‍ ഫോണ്‍, കംപ്യൂട്ടര്‍, ടെലിവിഷന്‍ മുതലായവയുടെ അമിത ഉപയോഗം, തുടര്‍ച്ചയായി വാഹനമോടിക്കല്‍ എന്നിവയൊക്കെ മസ്തിഷ്കത്തിനകത്ത് വിക്ഷോഭങ്ങളുണ്ടാക്കും. അതാകട്ടെ, ക്രമേണ മസ്തിഷ്കകോശനാശത്തിലേക്കും അതുവഴി ഓര്‍മക്കുറവ്, ചിന്തകളിലും പ്രവൃത്തികളിലുമുള്ള ആശയക്കുഴപ്പം,  കാര്യഗ്രഹണശക്തിയിലും ധാരണാശക്തിയിലുമുള്ള ന്യൂനതകള്‍, അപസ്മാരം, പെരുമാറ്റ വൈകല്യങ്ങള്‍ മുതലായ അവസ്ഥകളിലേക്കും കൊണ്ടെത്തിച്ചേക്കാം. 
മസ്തിഷ്ക പ്രവര്‍ത്തനങ്ങളെ പൊതുവില്‍ നാലുതരത്തില്‍ പഠിക്കാം.
അവബോധം അഥവാ അന്തര്‍ദര്‍ശനത്തെ സംബന്ധിച്ചത് (ഇീഴിശശ്േല), സൂക്ഷ്മവും നിശ്ചിതവുമായ ജ്ഞാനവുമായി ബന്ധപ്പെട്ടത് (ജലൃരലുശ്േല),  പെരുമാറ്റരീതികളുമായി ബന്ധപ്പെട്ടത് (ആലവമ്ശീൌൃമഹ), ശാരീരിക പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടത് (ജവ്യശെരമഹ)  എന്നിവയാണ് അവ. മസ്തിഷ്കത്തിനുണ്ടാകുന്ന മാറ്റങ്ങളെ ആസ്പദമാക്കി നടക്കുന്ന പുതിയ പഠനങ്ങള്‍ മസ്തിഷ്കത്തെ ഇന്‍ഫ്ളേമ്ഡ് ബ്രെയിന്‍, ഒബീസ് ബ്രെയിന്‍, അഡിക്ടഡ് ബ്രെയിന്‍, ഓടിസ്റ്റിക് ബ്രെയിന്‍, ഡിലൂഡഡ് ബ്രെയിന്‍, ഡീജനറേറ്റഡ് ബ്രെയിന്‍ (കിളഹമാാലറ യൃമശി, ഛയലലെ യൃമശി, അററശരലേറ യൃമശി, അൌശേശെേര യൃമശി, ഉലഹൌറലറ യൃമശി, ഉലഴലിലൃമലേറ യൃമശി)  എന്നിങ്ങനെ വര്‍ഗീകരിക്കുന്നുണ്ട് എന്നുകൂടി ആനുഷംഗികമായി സൂചിപ്പിക്കുന്നു. 
ഇതുവരെ വിവരിച്ചതില്‍നിന്നു മനസ്സിലാകുന്നത് ശാരീരികവും മാനസികവും ധൈഷണകവും വൈകാരികവുമായ എല്ലാ പ്രവര്‍ത്തനങ്ങളുടെയും ഭൂമികയാണ്  മസ്തിഷ്കം എന്നാണ്്. ഇവയുടെയെല്ലാം ഏകോപനമാണ് മസ്തിഷ്കാരോഗ്യത്തിന്റെ കാതല്‍. മസ്തിഷ്കാരോഗ്യ പരിപാലനത്തിനുതകുന്ന ചികിത്സകളില്‍ ഒന്നാകുന്നു ശിരോധാര. 

എന്താണ് ശിരോധാര ?
ധാര എന്നാല്‍ അണമുറിയാതെയുള്ള പ്രവാഹം എന്നര്‍ഥം. ശിരസ്സില്‍ ചെയ്യുന്ന ധാരയാണ് ശിരോധാര. ആയുര്‍വേദശാസ്ത്രം അനുസരിച്ച് ശിരസ്സ് മര്‍മസ്ഥാനമാണ്. മര്‍മമെന്നാല്‍ ജീവന്റെ ഇരിപ്പിടം എന്നര്‍ഥം. മര്‍മത്തിന് പ്രത്യേകതയുണ്ട്. ഈ സ്ഥാനത്ത് ആഘാതമുണ്ടായാല്‍ (പരിക്കേറ്റാല്‍) തീവ്രമായ വേദനയോ അംഗവൈകല്യമോ മരണംതന്നെയോ സംഭവിക്കാം. ഇതിനൊരു മറുവശവുമുണ്ട്. മര്‍മസ്ഥാനങ്ങളില്‍ ശ്രദ്ധാപൂര്‍വം ചെയ്യുന്ന പ്രസാദനകര്‍മങ്ങള്‍ ജീവശക്തി വര്‍ധിപ്പിക്കുകയും (ജീവനം) ധാതുക്കളെ പ്രീണിപ്പിക്കുകയും (തര്‍പ്പണം) മനസ്സിന് ആഹ്ളാദം നല്‍കുകയും (ഹ്ളാദി) ബുദ്ധിവര്‍ധിപ്പിക്കുകയും (ബുദ്ധിപ്രബോധനം) ചെയ്യും. ശിരോധാര എന്ന ആയുര്‍വേദ ചികിത്സയുടെ താത്വികവശം ഇതാണ്. അതുകൊണ്ടാണ് ധാര ചെയ്യുന്നത് ശിരസ്സില്‍ മാത്രമാണെങ്കിലും സര്‍വാംഗീണമായ ഫലം ലഭിക്കുന്നത്. ശിരസ്സില്‍ ചെയ്യുന്ന ധാര ദേഹമാകെ വ്യാപിച്ചുകിടക്കുന്ന സോറിയാസിസിനെ ശമിപ്പിക്കുന്നത് ഇത്തരത്തിലാണ്. ആത്യന്തികമായി സോറിയാസിസിന് ഒരു ജ്യരവീീാമശേര  രോഗം (ശരീരത്തിനെയും മനസ്സിനെയും ഒരുപോലെ ബാധിക്കുന്നത്) ആണെന്നുകൂടി ഇവിടെ പ്രസ്താവിക്കേണ്ടതുണ്ട്.
തക്രധാര (മരുന്നുകള്‍ ചേര്‍ത്തു തയ്യാറാക്കുന്ന മോരുപയോഗിച്ചുള്ള ധാര) പ്രമേഹരോഗികള്‍ക്ക് ഏറെ ഫലംചെയ്തുകാണാറുണ്ട്. ഇന്‍സുലിനെ ആശ്രയിച്ചുകഴിയുന്ന പ്രമേഹരോഗികള്‍ക്ക് ഇന്‍സുലിന്റെ ആവശ്യകത കുറയ്ക്കാന്‍വരെ ഇത് സഹായിക്കുന്നു. പ്രമേഹാനുബന്ധമായുണ്ടാകുന്ന വാതവ്യാധിയിലും തക്രധാര ഫലപ്രദമാാണ്. റേഡിയേഷന്‍, കീമോതെറാപ്പി മുതലായ അര്‍ബുദരോഗ ചികിത്സകള്‍ക്കുശേഷം നിര്‍ജീവമാകുന്ന കോശങ്ങള്‍ക്ക് പുതുജീവന്‍ നല്‍കാന്‍ ധാരയ്ക്കു കഴിയുന്നത് ജീവനം എന്ന ധാരയുടെ ഗുണംകൊണ്ടാണ്. മസ്തിഷ്കശോഷം , സ്മൃതിക്ഷയം ബാധിര്യം മുതലായ നാഡീവ്യവസ്ഥയുമായി ബന്ധപ്പെട്ട രോഗങ്ങള്‍ക്ക് ശിരോധാര ഫലപ്രദമാകുന്നത് തര്‍പ്പണസ്വഭാവം ഉള്ളതുകൊണ്ടാകുന്നു.
ശിരോധാര ചെയ്യുന്നതിന് ശാസ്ത്രീയവും സാമ്പ്രദായികവുമായ ക്രമമുണ്ട്. മലര്‍ന്നുകിടക്കുന്ന രോഗിയുടെ നെറ്റിത്തടത്തില്‍ നിശ്ചിത അകലത്തില്‍ നിന്ന് നിയന്ത്രിതമായ ചലനരീതിയിലൂടെ ഇടമുറിയാതെ ധാരാദ്രവം വീഴ്ത്തുന്നു. ക്ളോക്കിന്റെ പെന്‍ഡുലം ചലിക്കുന്നതിനു സമാനമായ രീതിയിലുള്ള  ക്രമീകരണമാണിത്. നെറ്റിയോടുചേര്‍ന്ന് സ്ഥപനി, ആവര്‍ത്തം, ശംഖം എന്നീ മര്‍മങ്ങള്‍ സ്ഥിതിചെയ്യുന്നുണ്ടെന്നുകൂടി ഇവിടെ ഓര്‍ക്കേണ്ടതുണ്ട്.
മനുഷ്യശരീരത്തിലെ ഓരോ അവയവത്തിലും ജൈവ സ്പന്ദനങ്ങളുണ്ട്. അനുഭവവേദ്യമാകുന്നത് അവയില്‍ ചിലതിന്റെതുമാത്രമാണെന്നേയുള്ളു. മസ്തിഷ്കനാഡികളിലും താളാത്മകമായ ആവേഗങ്ങളുണ്ട്. അവയെ ന്യൂറോ ഓസിലേഷന്‍സ് എന്നാണ് വിവരിച്ചിട്ടുള്ളത്. ഉറക്കത്തിന്റെ സ്വാഭാവികതയും ക്രമവും ഇത്തരം ആവേഗങ്ങളുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. ധാരാദ്രവം നെറ്റിയില്‍ വീഴ്ത്തുന്നതും ഒരു ഓസിലേറ്ററി മൂവ്മെന്റ് ലൂടെയാണെന്നുള്ളത് കൌതുകകരമായ വസ്തുതയാണ്. മാത്രമല്ല, ധാര ചെയ്യുന്ന സമയത്ത് രോഗിക്ക് നിദ്രയ്ക്ക് സമാനമായ ഒരു സുഖം അനുഭവപ്പെടുന്നതായി പറയാറുണ്ട്. ചിലര്‍ ഉറങ്ങുന്നതുതന്നെ കാണാറുണ്ട്.
ധാര ചെയ്യുമ്പോഴുണ്ടാകുന്ന പാകപ്പിഴകള്‍ ദൂരവ്യാപകങ്ങളായ ദോഷഫലങ്ങള്‍ ഉണ്ടാക്കിയേക്കാം. ഹിറ്റ്ലര്‍ യുദ്ധത്തടവുകാരില്‍ പ്രയോഗിച്ചിരുന്ന ഒരു തന്ത്രം ഇതിനൊരു ഉദാഹരണമായി ചൂണ്ടിക്കാണിക്കാം. ശിക്ഷയായി തടവുകാരുടെ നെറ്റിയില്‍ ഒരു പ്രത്യേക ബിന്ദുവില്‍ മണിക്കൂറുകളോളം വെള്ളം ഇറ്റിച്ചുകൊണ്ടേ ഇരിക്കുമായിരുന്നു. ഇത്തരത്തില്‍ മര്‍മസ്ഥാനങ്ങളിലുണ്ടാക്കിയ നിരന്തരമായ ആഘാതവും അതുമൂലമുള്ള സമ്മര്‍ദവും കാലക്രമത്തില്‍ യുദ്ധത്തടവുകാരുടെ മാനസികമായ സമനിലതന്നെ തെറ്റിച്ചുവത്രെ.
രാജനന്ദനന്റെ അനുഭവവും അഭിപ്രായവും പ്രസക്തമാകുന്നത് മേലെഴുതിയ വിശകലനങ്ങളോട് ചേര്‍ത്തുവായിക്കുമ്പോഴാണ്. ശിരോധാരയുടെ പ്രവര്‍ത്തനപഥങ്ങളെ ഫങ്ഷണല്‍ എംആര്‍ഐ  പോലെയുള്ള ആധുനികപരിശോധനാ രീതികളിലൂടെ കൃത്യമായി മനസ്സിലാക്കേണ്ടതുണ്ട്.