Monday

തലകറക്കത്തിന്റെ തത്വശാസ്ത്രം

ഡോ. മിനി ഉണ്ണികൃഷ്ണന്‍

വിടര്‍ന്നുനില്‍ക്കുന്ന പുറംചെവി ഉള്‍പ്പെടെ മൂന്നു ഭാഗങ്ങളുള്ള, കേള്‍വിക്കപ്പുറം അതിസങ്കീര്‍ണങ്ങളായ കടമകള്‍ ധാരാളമുള്ള ഒരു അവയവമാണ് ചെവി. ചെവിക്കുടകള്‍ ശബ്ദവീചികള്‍ പിടിച്ചെടുക്കുകയും തൊട്ടടുത്ത എക്സ്റ്റേണല്‍ അക്വിസ്റ്റിക് മിയാറ്റസ് വഴി ഒരു ചോര്‍പ്പിലൂടെ എന്നവണ്ണം അവയെ കര്‍ണപുടത്തിലെത്തിക്കുകയും ചെയ്യുന്നു. കര്‍ണപുടത്തിലെത്തുന്ന ശബ്ദതരംഗങ്ങളും അവയുണ്ടാക്കുന്ന ചലനങ്ങളും ആന്തരകര്‍ണത്തില്‍ എത്തിച്ചേരുന്നതും അന്തരീക്ഷമര്‍ദവും ആന്തരകര്‍ണത്തിലെ വായുമര്‍ദവും തുല്യമായി നിലനിര്‍ത്തുന്നതും ഓഡിറ്ററി ട്യൂബ് അഥവാ യൂസ്റ്റേഷ്യന്‍ ട്യൂബാണ്. കണ്ഠനാളത്തിന്റെ മുകളറ്റത്ത് വശങ്ങളിലേക്കു തുറക്കപ്പെടുന്നതിനാല്‍ ഫാറിന്‍ഗോ ടിംപാനിക് ട്യൂബ് (Pharyngo Tympanic Tube) എന്നുകൂടി പേരുള്ള ഈ കുഴല്‍, ഇതേ ഭാഗത്ത് മധ്യത്തിലായി വന്നെത്തുന്ന നാസാരന്ധ്രങ്ങളുടെ മുകളറ്റം ഉള്ളിലെത്തിക്കുന്ന വായുവിന്റെ സഹായത്താലാണ് മര്‍ദക്രമീകരണം സാധ്യമാക്കുന്നത്. തീരെ ചെറിയ അസ്ഥികളും ശരീരസമനില കാത്തുസൂക്ഷിക്കുന്ന പെരിലിംഫ്, എപ്പിലിംഫ് എന്നീ ദ്രാവകങ്ങളും ഉള്‍ക്കൊള്ളുന്നതാണ് നേര്‍ത്തുവളഞ്ഞ കുഴലുകളുള്ള യൂസ്റ്റേഷ്യന്‍ ട്യൂബ്.
കണ്ണുകളില്‍നിന്നുള്ള സന്ദേശങ്ങളും പേശികള്‍, സന്ധികള്‍, ത്വക്കിലെ സ്പര്‍ശബോധം ഇവയും, എപ്പോഴും സന്തുലിതാവസ്ഥ കാത്തുസൂക്ഷിക്കുന്ന എപ്പി–പെരി ലിംഫുകളും ചേര്‍ന്നാണ് ഒരാളിന്റെ സ്ഥാവര–ജംഗമ അവസ്ഥകളിലെ ശരീരസന്തുലനം പ്രദാനംചെയ്യുന്നത്. ഇവയില്‍ ഏറ്റവും പ്രധാനമാകുന്നത് ഗുരുത്വാകര്‍ഷണമോ ചലനവേഗങ്ങളോപോലും ശരീരസ്ഥിരതയെ ബാധിക്കാതിരിക്കാന്‍ സഹായിക്കുന്ന ലിംഫ് ദ്രാവകങ്ങളാണ്. ഇവയുടെ തുലനാവസ്ഥയിലുണ്ടാകുന്ന നേരിയ വ്യതിയാനംപോലും അതിനാല്‍ തലകറക്കം”എന്ന ചലനവിഭ്രമത്തിനു കാരണമാകുന്നു.
വിളര്‍ച്ച, രക്തത്തിലെ ഗ്ളൂക്കോസിന്റെ കുറവ്, പനി, ഹൃദയത്തകരാര്‍, ഉല്‍കണ്ഠ എന്നിവയാലുണ്ടാകുന്ന മന്ദതയും, തലച്ചോറിലെ തകരാര്‍ പേശികളുടെ സംവേദനക്ഷമത തകരാറിലാക്കുന്നതുമൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും തലകറക്കമായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്. സ്വയം കറങ്ങുന്ന തോന്നലിനെ സബ്ജക്ടീവ് എന്നും ചുറ്റുമുള്ള വസ്തുക്കള്‍ കറങ്ങുന്ന തോന്നലിനെ ഒബ്ജക്ടീവ് എന്നും രണ്ടായി തരംതിരിച്ചിട്ടുണ്ട്. യാത്രാവേളകളിലും ഊഞ്ഞാലാടുമ്പോഴും വട്ടംകറങ്ങി നില്‍ക്കുമ്പോഴും ഉയരത്തിലേക്ക് വാഹനം ചലിക്കുമ്പോഴും മറ്റും രോഗമില്ലാതെയും അനുഭവപ്പെടുന്ന ഈ അവസ്ഥ, ലിംഫ് ദ്രാവകങ്ങള്‍ സന്തുലിതമാകുംവരെ മാത്രമേ നിലനില്‍ക്കുകയുള്ളു.
ഓക്കുലര്‍ വെര്‍ടിഗോ
കണ്‍പേശികളുടെ ചലനം നിയന്ത്രിക്കുന്ന ഓക്കുലോ മോട്ടോര്‍ ഞരമ്പുകള്‍ ദൂരത്തിന്റെ കൃത്യമായ പ്രതിഫലനം റെറ്റിനയില്‍ എത്തിക്കുന്നതില്‍ പരാജയപ്പെടുമ്പോഴാണ് ഓക്കുലര്‍ വെര്‍ടിഗോ ഉണ്ടാകുന്നത്. ഇക്കാരണംകൊണ്ടുതന്നെയാണ് അധികരിച്ച ഉയരത്തില്‍നിന്നു താഴേയ്ക്കു നോക്കുമ്പോള്‍ തലകറക്കം അനുഭവപ്പെടുന്നതും. ഏതെങ്കിലും ഒരു കണ്ണിലെ ഓക്കുലോ മോട്ടോര്‍ ഞരമ്പിന്റെ തകരാറുമൂലം കണ്‍പേശിക്ക് ഭാഗികമായി ചലനശേഷി നഷ്ടപ്പെടുകയാല്‍ രണ്ടു കണ്ണിലും കാഴ്ച രണ്ടുതരത്തില്‍ പ്രതിഫലിക്കുന്നതിനാലാണ് ഡബിള്‍ വിഷന്‍ അഥവാ ഡിപ്ളോപ്പിയ മൂലം തലകറക്കമുണ്ടാകുന്നത്.

തലച്ചോറിലെ തകരാറുകള്‍
തലച്ചോറിനുള്ളിലെ മുഴകള്‍, നീര്‍ക്കെട്ട്, രക്തം കട്ടയാകല്‍ തുടങ്ങിയ കാരണങ്ങളാല്‍ തലച്ചോറും കര്‍ണവും തമ്മിലുള്ള സംവേദനം നഷ്ടപ്പെടുകയാല്‍ ഉണ്ടാകുന്ന തലകറക്കത്തിന് വെര്‍ടിഗോ ഓഫ് സെന്‍ട്രര്‍ ഒറിജിന്‍’എന്നാണ് പേര്.

ഓറല്‍ വെര്‍ടിഗോ
മധ്യകര്‍ണത്തിലെ അണുബാധയായ ഒട്ടൈറ്റിസ് മീഡിയ, കേള്‍വിക്കുറവ്, ചില മരുന്നുകളുടെ അമിതോപയോഗം, ചെവിക്കായം, യൂസ്റ്റേഷ്യന്‍ ട്യൂബിലെ നീര്‍ക്കെട്ട് ഇവമൂലമുണ്ടാകുന്നു ഓറല്‍ വെര്‍ടിഗോ.
    
വെസ്റ്റിബ്യുലര്‍ അഥവാ ലാബ്രിന്‍തൈന്‍ വെര്‍ടിഗോ
കര്‍ണഞരമ്പായ ഓഡിറ്ററി നെര്‍വിലുണ്ടാകുന്ന ട്യൂമര്‍, ചില മരുന്നുകളുടെ ദീര്‍ഘകാലമായ ഉപയോഗം, തലയ്ക്കേറ്റ ക്ഷതം എന്നിവ മധ്യകര്‍ണത്തിലുണ്ടാക്കുന്ന തകരാറാണ് ലാബ്രിന്‍തൈന്‍ വെര്‍ടിഗോയ്ക്കു കാരണമാകുന്നത്. ഓക്കാനം, ഛര്‍ദില്‍, ചെവിക്കുളളില്‍ അസ്വാഭാവിക ശബ്ദങ്ങള്‍, ക്രമേണയായി കേള്‍വിശക്തി നഷ്ടപ്പെടല്‍ എന്നീ ലക്ഷണങ്ങളുള്ള മൈനേഴ്സ് ഡിസീസ്, ലാബ്രിന്‍തൈന്‍ വെര്‍ടിഗോയുടെ ഗുരുതര വകഭേദമാണ്. ഈ രോഗാവസ്ഥയില്‍ എപ്പി–പെരി ലിംഫുകള്‍ക്ക് അടിക്കടിയുണ്ടാക്കുന്ന മര്‍ദവ്യതിയാനം ആന്തരകര്‍ണത്തിന് കോശനാശം വരുത്തുന്നു. ലിംഫ് കട്ടിയാകുകയും ഞരമ്പുകളുടെ പ്രവര്‍ത്തനം തകരാറിലാവുകയും ചെയ്യുന്ന മൈനേഴ്സ് ഡിസീസില്‍ അപ്രതീക്ഷിതമായി രോഗി വീണുപോകുകയും കണ്ണുകള്‍ വട്ടംചുറ്റുകയും തണുത്ത വിയര്‍പ്പില്‍ കുതിരുകയും കുറച്ചുനേരത്തേക്ക് ബോധം നഷ്ടമാകുകയും ചെയ്യുന്നു.    സാരവും നിസ്സാരവുമായ എല്ലാവിഭാഗം തലകറക്കങ്ങളും ഗൌരവപൂര്‍വം പരിഗണിക്കുകയും, മറ്റുളളവരുടെ ശ്രദ്ധ ആവശ്യമുള്ള രോഗികളെ തനിച്ചു യാത്രചെയ്യാന്‍ അനുവദിക്കാതിരിക്കുകയും വേണം. വീണ് അത്യാഹിതങ്ങള്‍ സംഭവിക്കാതിരിക്കാന്‍ സ്വയവും മറ്റുള്ളവരും ജാഗരൂകരാകേണ്ടതും രോഗലക്ഷണം കണ്ടാലുടന്‍ വായുസഞ്ചാരമുള്ള നിരപ്പായ പ്രതലത്തില്‍ കിടത്തേണ്ടതും അത്യന്താപേക്ഷിതമാണ്.

(ആലപ്പുഴ പുതിയവിള പട്ടോളില്‍ ഹോമിയോ ക്ളിനിക്കില്‍ ഡോക്ടറാണ്‌ലേ‌ഖിക)