ഡോ. പ്രിയ ദേവദത്ത്
പ്രകൃതിയിലെ നൈസര്‍ഗികമായ ആവാസവ്യവസ്ഥ നിലനിര്‍ത്തുന്നതില്‍ സസ്യങ്ങള്‍ വഹിക്കുന്ന പങ്ക് അതുല്യമാണ്. പ്രാണവായു, ഔഷധം, മറ്റ് അസംസ്കൃതവസ്തുക്കള്‍ തുടങ്ങി ജീവന്റെ തുടര്‍ച്ചയ്ക്ക് അനിവാര്യമായ ഘടകങ്ങള്‍ ശാന്തമായി നല്‍കിയാണ് സസ്യങ്ങള്‍ ആവാസവ്യവസ്ഥയില്‍ പ്രധാന പങ്കാളികളാകുന്നത്. ലോകത്തിന്റെ എല്ലാ ഭാഗത്തും സസ്യങ്ങളുണ്ട്. പായലും, കുറ്റിച്ചെടിയും, വള്ളിയും, പുല്ലും മരവുമൊക്കെയായി സസ്യലോകത്ത് മൂന്നരലക്ഷത്തോളം സ്പീഷീസുണ്ട്.ആയുര്‍വേദം ഔഷധത്തിനായി പ്രയോജനപ്പെടുത്തുന്നതില്‍ നല്ലൊരു ശതമാനവും സസ്യങ്ങളാണ്. ഔഷധഗുണങ്ങള്‍ക്കനുസരിച്ച് സസ്യത്തിന്റെ വേര്, ഇല, കായ്, പൂവ്, പൂങ്കുല, കാതല്‍, തൊലി, കറ, പശ, കിഴങ്ങ് ഇവയൊക്കെ ഉപയോഗപ്പെടുത്തുന്നു. ചില സസ്യങ്ങള്‍ സമൂലമായും ഉപയോഗിക്കാറുണ്ട്. ഔഷധസസ്യങ്ങളുടെ കൂട്ടത്തില്‍ വിഷസ്വഭാവം കാട്ടുന്ന സസ്യങ്ങളുമുണ്ട്. സ്ഥാവര വിഷവിഭാഗത്തിലാണ് വിഷസസ്യങ്ങളെ പ്രതിപാദിച്ചിരിക്കുന്നത്. ഒരു വിഷസസ്യത്തിന്റെ എല്ലാ ഭാഗങ്ങളും വിഷമയമായിരിക്കണമെന്നില്ല. ഒരേ ചെടിയില്‍ത്തന്നെ മാരകമായ വിഷമയഭാഗവും ഭക്ഷ്യയോഗ്യമായ ഭാഗവും കാണാറുണ്ട്. സസ്യത്തില്‍ അടങ്ങിയിരിക്കുന്ന ചിലയിനം ആല്‍ക്കലോയ്ഡുകള്‍, അമീനുകള്‍, ഗ്ലൂക്കോസൈഡുകള്‍, സാപോണിന്‍, ബാഷ്പശീലതൈലം, റസീനുകള്‍, ഓര്‍ഗാനിക് അമ്ലങ്ങള്‍, ടാനിനുകള്‍ തുടങ്ങിയ രാസഘടകങ്ങളാണ് വിഷസ്വഭാവത്തിന് ഇടയാക്കുന്നത.് വിവിധ ശുദ്ധീകരണ പ്രക്രിയകളിലൂടെ വിഷയത്തെ നിര്‍വീര്യമാക്കിയാണ് ഇത്തരം സസ്യങ്ങളില്‍ അടങ്ങിയിരിക്കുന്ന അമൂല്യമായ ഔഷധഗുണത്തെ പ്രയോജനപ്പെടുത്തുക.ഔഷധത്തിനും അലങ്കാരത്തിനുമായി പൂന്തോട്ടത്തിലും തൊടിയിലുമായി നട്ടുവളര്‍ത്തുന്ന ചില സസ്യങ്ങളുടെ പ്രത്യേക ഭാഗങ്ങളില്‍ വിഷസ്വഭാവം പതിയിരിപ്പുണ്ട്. മനോഹരമായ പൂക്കളും, നിറമുള്ള വിത്തുകളുമുള്ള ഇത്തരം സസ്യങ്ങളില്‍ ആകൃഷ്ടരായി അപകടത്തില്‍പ്പെടുന്നത് ഏറെയും കുട്ടികളാണ്. നിരവധി വിഷസസ്യങ്ങളെപ്പറ്റി ആയുര്‍വേദത്തില്‍ പരാമര്‍ശമുണ്ട്. മനുഷ്യരിലെന്നപോലെ കന്നുകാലികളിലും മറ്റു ജന്തുക്കളിലും വിഷബാധ ഉണ്ടാക്കുന്ന സസ്യങ്ങളും നിരവധിയാണ്. സുപരിചിതമായ സസ്യങ്ങളില്‍ അടങ്ങിയിരിക്കുന്ന വിഷസ്വഭാവത്തെ അറിയുന്നതിലൂടെ അബദ്ധത്തില്‍ സംഭവിക്കാവുന്ന അപകടങ്ങളെ ഒഴിവാക്കാനാകും. ആയുര്‍വേദത്തില്‍ വിഷചികിത്സാവിഭാഗം "അഗദതന്ത്രം' എന്നാണറിയപ്പെടുക. സസ്യവിഷബാധയില്‍ വളരെ പെട്ടെന്ന് പ്രതിവിധി ചെയ്യേണ്ടതുണ്ട്. ശരീരത്തില്‍ ആഗീകരണം ചെയ്തിട്ടില്ലാത്ത വിഷാംശത്തെ നീക്കംചെയ്യുക, ആഗീകരണം ചെയ്യപ്പെട്ടവയെ നിര്‍ഹരിക്കുക, വിഷവീര്യം കുറയ്ക്കാനായി പ്രത്യൗഷധം നല്‍കുക, വിഷബാധകൊണ്ട് ഉണ്ടാകുന്ന മറ്റു ലക്ഷണങ്ങള്‍ക്ക് ചികിത്സ നല്‍കുക എന്നിവ അതിപ്രധാനമാണ്്. ആന്തരികമായ വിഷബാധയുടെ വിവിധ ഘട്ടങ്ങളില്‍ വമനം, ആമാശയ ക്ഷാളനം (കഴുകല്‍), മൂത്രവര്‍ധകങ്ങളായ ഔഷധങ്ങള്‍ നല്‍കുക, വിരേചനം ഇവ നല്‍കാറുണ്ട്. വിദഗ്ധചികിത്സ അനിവാര്യമാണ്.അരളിപൂന്തോട്ടത്തെ അലങ്കരിക്കുന്ന മറ്റൊരു മനോഹര സസ്യമാണ് അരളി. സാധാരണയായി വെള്ള, മഞ്ഞ, ചുവപ്പ് നിറങ്ങളില്‍ കാണുന്നു. കാലവ്യത്യാസം വലുതായി ബാധിക്കാതെ കായ്ക്കുകയും പൂവിടുകയും ചെയ്യുന്ന അരളി അപോസൈനേസി കുടുംബത്തില്‍പ്പെടുന്നു. മഞ്ഞ അരളി (തെവെഷ്യപെരുവിയാന, തെവെഷ്യ നിരിഫോളിയജസ്)മഞ്ഞ അരളിയുടെ കായ്, കറ, പട്ട, വേര്, ഇല ഇവ വിഷമയമാണ്. കായ്ക്കുള്ളില്‍ ധാരാളമായി അടുക്കിയിരിക്കുന്ന വിത്തുകളിലാണ് കൊടിയ വിഷസ്വഭാവമുള്ള രാസപദാര്‍ഥങ്ങള്‍ അടങ്ങിയിരിക്കുന്നത്. തേവേഷിന്‍, സെറിബെറിന്‍, നീറിഫോളിന്‍ എന്നിവയാണ് ഇവയില്‍ മുഖ്യം. ഇത് ചവച്ചാല്‍ വായില്‍ ചുട്ടുനീറ്റല്‍, നാക്ക് ഉണങ്ങുക, ഛര്‍ദി, വയറിളക്കം, പേശികളുടെ ശക്തി നഷ്ടപ്പെടുക തുടങ്ങിയവ ഉണ്ടാകും. തുടര്‍ന്ന് ബോധരഹിതനായി ഹൃദയസ്തംഭനം ഉണ്ടായി മരണത്തിനിടയാകും.ചുമന്ന അരളി (നിരിയം ഇന്‍ഡിക്കംമില്‍):സസ്യത്തിന്റെ എല്ലാ ഭാഗത്തും വിഷമുണ്ട്. നിരിയോഡോറിന്‍, കരാബിന്‍ ഇവ വേര്, പട്ട, വിത്ത് എന്നീ ഭാഗങ്ങളില്‍ കാണുന്നു. നിരിയോഡോറിനും കരാബിനും ഹൃദയത്തെ ബാധിക്കുന്ന വിഷങ്ങളാണ്. വിഷം സുഷുമ്നാകാണ്ഡത്തെയും ബാധിക്കാറുണ്ട്. ഹൃദയശ്വാസോച്ഛ്വാസ പ്രവര്‍ത്തനങ്ങളില്‍ വരുന്ന വ്യതിയാനംമൂലം മരണം സംഭവിക്കും. എരുമപ്പാല്‍ തൈരും പഞ്ചസാരയും ചേര്‍ത്ത് കഴിക്കുകയോ പഞ്ഞിപ്പരുത്തിയുടെ പൂവ് വെള്ളത്തില്‍ ചതച്ച് പിഴിഞ്ഞ നീര് പലതവണ കഴിക്കുന്നതും വിഷത്തിന്റെ തീവ്രത കുറയ്ക്കും. കരവീരം, അശ്വമാര, ഹപുഷ എന്നും അരളിയെ പറയാറുണ്ട്. ത്വക്രോഗങ്ങള്‍, ഹൃദയ-ശ്വാസകോശ രോഗങ്ങള്‍ തുടങ്ങിയവയില്‍ അരളിയെ ഉപയോഗിക്കാറുണ്ട്.കുന്നി (അബ്രസ്പ്രിക്കറ്റോറിയസ് ലിന്‍)ഒരു പടര്‍പ്പന്‍ ചെടിയായി പൂന്തോട്ടത്തില്‍ വളര്‍ത്തുന്ന ഔഷധസസ്യമാണ് കുന്നി. പച്ച ഇലകളും തിളക്കമുള്ള കടുചുവപ്പും കറുപ്പും ചേര്‍ന്ന വിത്തുകളും കുട്ടികളെ ഏറെ ആകര്‍ഷിക്കാറുണ്ട്. കുന്നിക്കുരുവില്‍ അബ്രിന്‍ എന്ന ആല്‍ബുമിനും അബ്രിലിന്‍ എന്ന ഗ്ലൂക്കോസൈഡും അടങ്ങിയിട്ടുണ്ട്. ഇലയിലും അബ്രിന്‍ ഉണ്ട്. കട്ടിയുള്ള പുറന്തോട് പൊട്ടിയാല്‍ മാത്രമേ വിഷം പുറത്തുവരൂ. കുന്നിക്കുരു മുറിവിലും മറ്റും അരച്ചുപുരട്ടുന്നത് മാരകമാണ്. കുരുവിനെ കൂടാതെ വേര്, ഇല, പട്ട ഇവയും വിഷമയമാണ്. വിഷം ഉള്ളില്‍ ചെന്നാല്‍ ശക്തിയായ ഛര്‍ദി, വയറിളക്കം, ഇവയെത്തുടര്‍ന്ന് കരളിന്റെ പ്രവര്‍ത്തനം നിലച്ച് മരണത്തിനിടയാക്കും. വിത്തുകളുടെ നിറത്തെ ആസ്പദമാക്കി കുന്നി പ്രധാനമായും രണ്ടു തരം. വെളുത്തതും ചുമന്നതും. വെള്ളക്കുന്നിക്കുരുവിന് വിഷശക്തി കൂടുതാണ്. ഒന്നോ രണ്ടോ കുന്നിക്കുരു അകത്തുചെന്നാല്‍തന്നെ മരണം ഉണ്ടാകും. കുട്ടികള്‍ കുന്നിക്കുരുവമായി അടുത്തിടപെടുന്നത് ശ്രദ്ധയോടെ കാണണം. പശുവിന്‍പാല്‍, തേന്‍, മുന്തിരിങ്ങ ഇവ ഉള്ളില്‍ക്കഴിക്കുന്നത് കുന്നിവിഷത്തിന് പ്രതിവിധിയാണ്. പശുവിന്‍പാല്‍ പഞ്ചസാര ചേര്‍ത്ത് ഉടന്‍ കഴിക്കുന്നതും ഗുണകരമാണ്. ഗുഞ്ജ, കാകപീലു തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന കുന്നി "ഫാബേസി' കുടുംബത്തില്‍പ്പെടുന്നു. പാണ്ടുരോഗം, മുടികൊഴിച്ചില്‍, ഗോയിറ്റര്‍, നീര് ഇവയില്‍ ആയുര്‍വേദം കുന്നിയെ പ്രയോജനപ്പെടുത്തുന്നു.മാതളം (പ്യൂണികഗ്രനേറ്റംലിന്‍)വീട്ടുമുറ്റത്ത് നട്ടുവളര്‍ത്തുന്ന ഔഷധസസ്യമാണ് മാതളം. പ്യൂണിക്കേസീ കുടുംബത്തില്‍പ്പെടുന്ന മാതളത്തിന് ഡാഡിയം, ലോഹിതപുഷ്പം എന്നീ പേരുകളുമുണ്ട്. ദഹനശക്തിക്കുറവിനും, രക്തക്കുറവിനും, തളര്‍ച്ചയ്ക്കും മാതളം നല്ല ഫലം തരും. കൂടാതെ ക്ഷീണം അകറ്റാനും ബീജവര്‍ധനവിനും മാതളം ഉപയോഗപ്പെടുത്താറുണ്ട്. മാതളത്തിന്റെ പട്ടയും കറയുമാണ് വിഷമായഭാഗങ്ങള്‍. തണ്ടിന്റെയും വേരിന്റെയും തൊലിയില്‍ പെല്ലറ്റിറൈന്‍, മീഥൈന്‍ ഐസോപെല്ലെറ്റിറൈന്‍ എന്നീ ആല്‍ക്കലോയ്ഡുകള്‍ അടങ്ങിയിട്ടുണ്ട്. സസ്യത്തിന്റെ മിക്കവാറും ഭാഗങ്ങളില്‍ വലിയ അളവില്‍ ടാനിക് അമ്ലം ഉണ്ട്. പ്രോട്ടീന്‍, മഗ്നീഷ്യം, കാത്സ്യം, വൈറ്റമിന്‍ സി, പെക്റ്റിന്‍ തുടങ്ങിയവ അടങ്ങിയ ഫലം പോഷകസമ്പന്നമാണ്. തണ്ടിലെ കറ അധികമായി ഉള്ളില്‍ചെന്നാല്‍ തലവേദന, തലകറക്കം, ഛര്‍ദി, വയറിളക്കം എന്നീ ലക്ഷണങ്ങള്‍ ആദ്യമുണ്ടാകും. വിഷം കേന്ദ്ര നാഡീവ്യൂഹത്തെ ബാധിക്കുന്നതോടൊപ്പം കാഴ്ചശക്തിയെ സാരമായി ബാധിക്കും. ശ്വാസതടസ്സംമൂലം മരണം സംഭവിക്കാം. ആമാശയ ക്ഷാളനം, വിരേചനം, കൃത്രിമശ്വാസോച്ഛ്വാസം നല്‍കുക, ലക്ഷണങ്ങള്‍ക്കനുസരിച്ച് മറ്റു ചികിത്സകള്‍ ഇവ നല്‍കേണ്ടിവരും.മേന്തോന്നി (Gloriosa Superba Lin)ഭംഗിയുള്ള പുഷ്പങ്ങളുമായി വൃക്ഷങ്ങളില്‍ പടര്‍ന്നുവളരുന്ന വള്ളിച്ചെടിയാണ് മേന്തോന്നി. മധ്യഭാഗം മഞ്ഞയും അഗ്രം ഓറഞ്ച് നിറമുള്ള പൂവാകെ പിന്നീട് ചുമന്നനിറമാകും. ത്വക്രോഗം, ദഹനപ്രശ്നങ്ങള്‍, അര്‍ശ്ശസ്, നീര് തുടങ്ങിയ രോഗങ്ങളില്‍ മേന്തോന്നി ഉപയോഗിക്കാറുണ്ട്. ശരീരത്തില്‍ മുള്ളു തറച്ചാല്‍ മേന്തോന്നിക്കിഴങ്ങ് അരച്ചുപുരട്ടിയാല്‍ മുള്ള് പുറത്തുവരും. പാമ്പിന്‍വിഷ ചികിത്സയിലും ഉപയോഗിക്കാറുണ്ട്. കിഴങ്ങാണ് വിഷമുള്ള ഭാഗം. മേന്തോന്നിക്കിഴങ്ങില്‍ സൂപ്പര്‍ബൈന്‍, ഗ്ലോറിയോസൈന്‍, കോള്‍ച്ചിസിന്‍ എന്നീ ഘടകങ്ങളാണ് പ്രധാനമായും അടങ്ങിയിരിക്കുന്നത്. ശുദ്ധിചെയ്യാത്ത മേന്തോന്നിക്കിഴങ്ങ് കഴിച്ചാല്‍ ചുണ്ടിലും വായിലും തൊണ്ടയിലും മരവിപ്പ്, പൊള്ളല്‍, ചുട്ടുനീറ്റല്‍ ഇവ അനുഭവപ്പെടും. കൂടുതല്‍ അളവിലായാല്‍ ഛര്‍ദി, വിരേചനം, ത്വക്കില്‍ മരവിപ്പും പെരുപ്പും ഉണ്ടാകും. ഹൃദയസ്തംഭനംമൂലം മരണം സംഭവിക്കാം. മേന്തോന്നി വിഷബാധ ഉണ്ടായാല്‍ ചുക്ക് അരച്ച് വെള്ളത്തില്‍ കലക്കി കഴിപ്പിക്കണം. താന്നിക്കത്തോട് കഷായംവച്ചു കഴിക്കുന്നതും, നില അമരി ചതച്ച നീര് കഞ്ഞിവെള്ളത്തില്‍ ചാലിച്ച് കഴിക്കുന്നതും വിഷത്തിന്റെ തീവ്രത കുറയ്ക്കും. ലാംഗലി, ഹരിപ്രിയ, ശക്രപുഷ്പി തുടങ്ങിയ പേരുകളും മേന്തോന്നിക്കുണ്ട്. "ലിലിയേസി' എന്ന കുടുംബത്തിലെ അംഗമാണ് മേന്തോന്നി.നീല ഉമ്മം (ഡറ്റ്യൂറഫാസ്റ്റുവോസ)നീലനിറത്തില്‍ മനോഹരപുഷ്പങ്ങള്‍ ഉള്ളതും വിഷശക്തി ഏറെയുള്ളതുമായ നീല ഉമ്മം ആണ് നാട്ടിന്‍പുറങ്ങളില്‍ ധാരാളമായി കണ്ടുവരുന്നത്. ആസ്ത്മ, ആര്‍ത്തവവേദന, പേപ്പട്ടിവിഷബാധ, താരണം തുടങ്ങിയ രോഗങ്ങളില്‍ ഉമ്മത്തിന്റെ വിവിധ ഭാഗങ്ങള്‍ ഉപയോഗിക്കാറുണ്ട്. കനക, ധുത്തൂര, ഉന്മത്ത എന്നീ പേരുകളുള്ള ഉമ്മം സോളാനേസി കുടുംബത്തില്‍പ്പെടുന്നു. ഡറ്റ്യൂറ സ്ട്രോമോണിയം ഉയരംകൂടിയ ഇനമാണ്. ഈ ചെടിയുടെ എല്ലാ ഭാഗവും വിഷമയമാണ്. ഉമ്മത്തിന്റെ എല്ലാ വിഭാഗങ്ങള്‍ക്കും വിഷസ്വഭാവമുണ്ട്. വിത്തില്‍ വിഷാംശം കൂടുതലാണ്. കനംകുറഞ്ഞ വേരുകളിലും വിഷഘടകങ്ങള്‍ ഏറെയുണ്ട്. സ്കോപാളമിന്‍, ഹയോസൈന്‍, ഹയോസയാമൈന്‍, അട്രോപിന്‍ തുടങ്ങിയ രാസപദാര്‍ഥങ്ങള്‍ പ്രധാനമായും ജീവഹാനിക്കിടയാക്കും. വിഷം നാഡീവ്യൂഹത്തിന്റെയും ആമാശയത്തിന്റെയും പ്രവര്‍ത്തനത്തെ സാരമായി ബാധിക്കും. മുള്ളുകള്‍ നിറഞ്ഞ പച്ചനിറമുള്ള കായ്കളും, പൂക്കളും ആകര്‍ഷകങ്ങളാണ്. ഉമ്മം ഉള്ളില്‍ ചെല്ലാനിടയായാല്‍ വായിലും തൊണ്ടയിലും ചുട്ടുനീറ്റല്‍, പെരുമാറ്റത്തില്‍ വ്യതിയാനം, കൃഷ്ണമണി വികസിക്കുക, മയക്കം, ഗാഢനിദ്ര, നാഡീവ്യൂഹത്തെ ബാധിച്ച് ശരീരത്തിന് ചലനശേഷി നഷ്ടമാകുക ഇവ ഉണ്ടാകും. മാരകമാത്രയില്‍ വിഷം ഉള്ളില്‍ചെന്നാല്‍ മരണം സംഭവിക്കും. വമനം, വിരേചനം, കരിക്കിന്‍വെള്ളത്തില്‍ ചന്ദനം ചേര്‍ത്ത് ഉടന്‍ നല്‍കുക ഇവ വിഷത്തിന്റെ തീവ്രത കുറയ്ക്കും.കാഞ്ഞിരം (സ്ട്രിക്നോസ് നക്സ്-വോമിക്കലിന്‍)വേരുമുതല്‍ ഇലവരെ കയ്പുരസം നിറഞ്ഞ മരമാണ് കാഞ്ഞിരം. വിഷദ്രുമ, കുപീലുകാരസ്കാരം എന്നിങ്ങനെ പേരുകളുള്ള കാഞ്ഞിരം കേരളത്തില്‍ സമൃദ്ധമായി കാണപ്പെടുന്നു. സന്ധിവാതം, തളര്‍വാതം, വ്രണം, തലവേദന തുടങ്ങിയ രോഗങ്ങളില്‍ ഉപയോഗിക്കുന്നു. കാഞ്ഞിരപ്പലകകൊണ്ടുള്ള കട്ടില്‍ വാതശമനമാണ്. വിഷചികിത്സയിലും ശുദ്ധിചെയ്ത കാഞ്ഞിരക്കുരു ചേര്‍ന്ന ഔഷധങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. ലോഗാനിയേസി എന്ന കുടുംബത്തിലാണ് കാഞ്ഞിരം ഉള്‍പ്പെടുന്നത്. പരന്ന് വൃത്താകൃതിയിലുള്ള കുരുക്കളാണ് കാഞ്ഞിരവൃക്ഷത്തിലെ വിഷത്തിന്റെ കലവറ. സ്ട്രിക്നിന്‍, ബ്രൂസിന്‍, വോമിസിന്‍ തുടങ്ങിയ അപകടകരമാകുന്ന രാസപദാര്‍ഥങ്ങളില്‍ മുഖ്യമായവ വിത്ത്, ഇല, വേര്, തടി, പട്ട എന്നിവയില്‍ അടങ്ങിയിട്ടുണ്ട്. 30-120 മില്ലിഗ്രാംവരെ കുരുക്കള്‍ ഉള്ളില്‍ ചെന്നാല്‍ മരണമുണ്ടാകും. ഇല കഴിക്കുന്നതും മാരകമാണ്. വിഷം ഉള്ളില്‍ചെന്നാല്‍ പേശിവലിയല്‍, വിറയല്‍, കൈകാലുകള്‍ കോച്ചിവലിയല്‍, ഒടുവില്‍ രക്തസമ്മര്‍ദം കുറഞ്ഞ് മരണവും സംഭവിക്കും. വള്ളിക്കാഞ്ഞിരം (സ്ട്രിക് നോസ് ബോര്‍ഡിലോണി, സ്ട്രി. കൊളുബ്രൈനു), മരക്കാഞ്ഞിരം (സ്ട്രി. നക്സ്വോമിക്ക) എന്നിങ്ങനെ കാഞ്ഞിരം രണ്ടുതരമുണ്ട്. രണ്ടും വിഷമയമാണ്. വിളഞ്ഞ് പാകമായ കായകള്‍ കടുത്ത ഓറഞ്ച്നിറത്തില്‍ ആകര്‍ഷകങ്ങളാണ്. തണലില്‍ വളരുന്ന മരമാണെങ്കിലും വരള്‍ച്ചയോ അതിശൈത്യമോ കാഞ്ഞിരത്തെ ബാധിക്കാറില്ല. കാഞ്ഞിരത്തില്‍ വളരുന്ന ഇത്തിള്‍ ഭക്ഷിക്കുന്ന മൃഗങ്ങള്‍ക്കും വിഷബാധ ഉണ്ടാകും. കാഞ്ഞിരക്കുരു കഴിച്ചുണ്ടാകുന്ന വിഷബാധയുടെ തീവ്രത കുറയ്ക്കാന്‍ കുന്നിയുടെ തളിരില കഴിക്കുകയും അതുതന്നെ അരച്ച് ദേഹം മുഴുവന്‍ പുരട്ടുകയും ചെയ്യാം. പശുവിന്‍പാലില്‍ നെയ്യ് ചേര്‍ത്ത് കഴിക്കുന്നതും ഗുണകരമാണ്. ആമാശയക്ഷാളനം, ഛര്‍ദി, വിരേചനം ഇവ പ്രതിവിധിയായി നല്‍കും.ഒതളം (സെര്‍ബെറ ഒഡോളം ഗെര്‍ട്ടന്‍)പച്ചമാങ്ങയുടെ നിറവും ആകൃതിയുമുള്ള ഒതളങ്ങയെ തെറ്റിദ്ധരിച്ച് കെണിയില്‍പ്പെടുന്നത് ഏറെയും കുട്ടികളാണ്. പുഴയോരത്തും തോടിന്റെ അരികിലുമെല്ലാം സമൃദ്ധമായി വളരുന്ന ഒരു ചെറുവൃക്ഷമാണിത്. ഒതളങ്ങയില്‍ അടങ്ങിയിട്ടുള്ള "സെര്‍ബെറിന്‍', "തേവേഫിന്‍' എന്നീ ആല്‍ക്കലോയ്ഡ് ഗണത്തില്‍പ്പെട്ട രാസപദാര്‍ഥങ്ങളാണ് ജീവഹാനിക്കിടയാക്കുക. ഒതളത്തിന്റെ ഫലം, കറ, ഇല, പട്ട ഇവയെല്ലാം വിഷമയമാണ്. ഫലത്തിലാണ് കൂടുതല്‍ വിഷം അടങ്ങിയിരിക്കുന്നത്. വിഷം ഉള്ളില്‍ചെന്നാല്‍ വയറിളക്ക, ഛര്‍ദി, തളര്‍ച്ച, കാഴ്ചമങ്ങല്‍, ഒടുവില്‍ ശ്വാസോച്ഛാസം താളംതെറ്റി ഹൃദയാഘാതംമൂലം മരണപ്പെടും. ആമാശയക്ഷാളനത്തോടൊപ്പം ലക്ഷണങ്ങള്‍ക്കനുസരിച്ചുള്ള ചികിത്സ നല്‍കണം. ഒതളത്തിന് പ്രധാനമായും വമനവിരേചന ഗുണങ്ങളാണുള്ളത്. മത്സ്യവിഷമായി ഉപയോഗിച്ചുവരുന്നു. ഒതളം അപോസൈനേസി കുടുംബത്തില്‍പ്പെടുന്നു.ആവണക്ക് (റൈസിനസ് കമ്യൂണിസ് ലിന്‍)ആവണക്ക് വെളുത്തത്, ചുമന്നത് എന്നിങ്ങനെ രണ്ടുതരം. ശക്തമായ വാതത്തെപ്പോലും ശമിപ്പിക്കാന്‍ കഴിയുന്ന ഔഷധമാണിത്. ഏരണ്ഡ, ഗന്ധര്‍വഹസ്ത എന്നീ പേരുകളുള്ള ആവണക്കിന്റെ കുടുംബം യൂഫോര്‍ബിയേസി ആണ്. ആവണക്കിന്റെ കണ്ഡവും ഇലയിലെ വിത്തും വിഷമയമാണ്. എണ്ണയ്ക്ക് വിഷഗുണം കുറവാണ്. ഫലവും വിത്തും വലുപ്പമേറിയതും വിഷംകൂടുതലുള്ളതുമാണ്. കുരുവിലെ പ്രധാന ഘടകമായ "റിസിന്‍' ശരീരത്തിലെ ചുവന്ന രക്താണുക്കളെ നശിപ്പിക്കും. വിഷബാധയില്‍ വായും തൊണ്ടയും ചുട്ടുനീറുക, വെള്ളദാഹം, തലച്ചുറ്റല്‍ ഇവ ഉണ്ടാകും. ആറു മി.ഗ്രാം റിസിന്‍ ഉള്ളില്‍ച്ചെന്നാല്‍ മാരകമാവുകയും മരണം സംഭവിക്കുകയും ചെയ്യും. വിരേചനവും ലക്ഷണങ്ങള്‍ക്കനുസരിച്ചുള്ള ചികിത്സയും നല്‍കണം. കമുക്, ആത്ത, കാട്ടുചേന, എരുക്ക്, കൊടുവേലി തുടങ്ങി ഔഷധഗുണത്തോടൊപ്പം വിഷവും പേറുന്ന സസ്യങ്ങള്‍ നിരവധിയുണ്ട്. സസ്യവിഷബാധയേറ്റാല്‍ ഉടന്‍ ധാരാളം വെള്ളം കുടിക്കാന്‍ നല്‍കുകയും എത്രയും പെട്ടെന്ന് വൈദ്യസഹായം തേടുകയുംവേണം.(മാന്നാറില്‍ കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയില്‍ ഡോക്ടറാണ്് ലേഖിക)