Friday

സന്ധിവാതം എങ്ങനെ വരുന്നു

 ഡോ. ബി പത്മകുമാര്‍

മനസ്സെത്തുന്നിടത്ത് ശരീരത്തിന് എത്താനായില്ലെങ്കിലോ? അതൊരു വിഷമംതന്നെയാണ്. സന്ധിവാതരോഗങ്ങള്‍ സന്ധികള്‍ക്ക് വിട്ടുമാറാത്ത വേദനയും നീര്‍ക്കെട്ടും ഉണ്ടാക്കുമ്പോള്‍ ചലനശേഷിയാണ് കുറയുന്നത്. സന്ധികളെ മാത്രമല്ല ചില സന്ധിവാതരോഗങ്ങള്‍ ബാധിക്കുന്നത്. ഹൃദയം, ശ്വാസകോശം, വൃക്ക തുടങ്ങിയ ആന്തരാവയവങ്ങളുടെ പ്രവര്‍ത്തന തകരാറുകള്‍ക്കും സന്ധിരോഗങ്ങള്‍ കാരണമായെന്നുവരാം.ആധുനിക ജീവിതശൈലിയുടെ പ്രധാന അടയാളങ്ങളിലൊന്നാണ് ഇരുന്നും കിടന്നും എപ്പോഴും വാഹനങ്ങള്‍ ഉപയോഗിച്ചുമൊക്കെയുള്ള മെയ്യനങ്ങാത്ത ശീലങ്ങള്‍. വ്യായാമമില്ലാത്ത ശരീരത്തില്‍ അമിതവണ്ണവും ദുര്‍മേദസ്സും അമിതകൊഴുപ്പുമൊക്കെ പെട്ടെന്ന് കുടിയേറും. പൊണ്ണത്തടിയന്മാരില്‍ ഓസ്റ്റിയോ ആര്‍ത്രൈറ്റിസ്പോലെയുള്ള സന്ധി തേയ്മാന രോഗങ്ങള്‍ വ്യാപകമാണ്.ജീവിതശൈലിയിലെ മാറ്റംഇന്ന് ഏറ്റവും കൂടുതലായി കണ്ടുവരുന്ന സന്ധിവാതരോഗമാണ് ഓസ്റ്റിയോ ആര്‍ത്രൈറ്റിസ്. സന്ധിയെ രൂപപ്പെടുത്തുന്ന അസ്ഥികളെ പൊതിഞ്ഞുസംരക്ഷിക്കുന്ന തരുണാസ്ഥിക്ക് ഉണ്ടാകുന്ന തേയ്മാനമാണ് ഓസ്റ്റിയോ ആര്‍ത്രൈറ്റിസിനു കാരണം.നില്‍ക്കുമ്പോള്‍ ശരീരഭാരം മുഴുവന്‍ താങ്ങേണ്ടിവരുന്നത് കാല്‍മുട്ടുകള്‍ക്കാണ്. പൊണ്ണത്തടികൂടിയാകുമ്പോള്‍ സന്ധികളിലെ മര്‍ദം താങ്ങാനാകാതെ മുട്ടുകള്‍ക്ക് ക്ഷതവും തരുണാസ്ഥിക്ക് തേയ്മാനവും ഉണ്ടാകുന്നു. മുന്‍കാലങ്ങളില്‍ 60നുമേല്‍ പ്രായമുള്ളവരിലാണ് ഓസ്റ്റിയോ ആര്‍ത്രൈറ്റിസും കാല്‍മുട്ടുവേദനയുമൊക്കെ കൂടുതലായി കണ്ടിരുന്നതെങ്കില്‍ ഇന്ന് യൗവനത്തിലേക്കു കടക്കുമ്പോള്‍തന്നെ പൊണ്ണത്തടിയുള്ളവരായി മാറുന്നവര്‍ക്ക് ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് ഒപ്പമുണ്ടാകുന്നു. ഇങ്ങനെയുള്ളവര്‍ക്ക് പൊണ്ണത്തടി കുറയാതെ സന്ധിവേദനകള്‍ക്ക് പരിഹാരം ലഭിക്കുകയില്ല. ഇത്രത്തോളം കൂടുതല്‍ സന്ധിമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വേണ്ടിവരുന്നത് ഓസ്റ്റിയോ ആര്‍ത്രൈറ്റിസിനുള്ള പ്രതിവിധിയായാണ്.കംപ്യൂട്ടറിനു മുമ്പില്‍ ഏറെനേരം ഇരുന്ന് ജോലിചെയ്യുന്നവര്‍ക്ക് കഴുത്തുവേദന, നടുവേദന, മറ്റ് പേശീവേദനകള്‍ എന്നിവ സാധാരണമാണ്. തെറ്റായ രീതിയിലുള്ള ഇരുപ്പും കിടപ്പുമൊക്കെയാണ് വിട്ടുമാറാത്ത വേദനകള്‍ക്കു കാരണം. ദീര്‍ഘനാളായുള്ള പേശീപിരിമുറുക്കവും കഴുത്തുവേദനയും കഴുത്തിനു പിറകിലെ അസ്ഥികളുടെ തേയ്മാനത്തിനും കാലിലേക്കുള്ള നാഡീഞരമ്പുകളുടെ ഞെരുക്കത്തിനും കാരണമാകാം.അനാരോഗ്യകരമായ ഭക്ഷണരീതിഭക്ഷണരീതിയില്‍ വന്ന മാറ്റങ്ങളും അമിത ശരീരഭാരത്തിനും മുട്ടുവേദനയ്ക്കും കാരണമായി. ഫാസ്റ്റ്ഫുഡ് ഭക്ഷണസംസ്കാരവും ഇന്ന് വറുത്തതും പൊരിച്ചതുമായ ഭക്ഷണസാധനങ്ങളോടുള്ള അമിതതാല്‍പ്പര്യവുമാണ് പൊണ്ണത്തടി വ്യാപകമാകാന്‍ ഇടയാക്കിയത്. ഒപ്പം വ്യായാമരഹിതമായ ജീവിതശൈലി പൊണ്ണത്തടിയിലേക്കുള്ള ദൂരം ഗണ്യമായി കുറച്ചു. മണിക്കൂറുകളോളം ടിവിക്കു മുമ്പില്‍ ചടഞ്ഞുകൂടിയിരുന്ന് ഭക്ഷണപാക്കറ്റിലെ ചിപ്സും മറ്റ് വറുത്ത സാധനങ്ങളും കൊറിച്ചുകൊണ്ടിരിക്കുന്ന കുട്ടികളും അമിതവണ്ണത്തിന്റെ പിടിയിലാവുകയാണ്. പൊണ്ണത്തടിയുള്ള ശരീരത്തില്‍ യൗവനത്തില്‍ത്തന്നെ പ്രമേഹവും ഹൈപ്പര്‍ ടെന്‍ഷനും കുടിയേറിപാര്‍ക്കുന്നതിനോടൊപ്പം സന്ധിവാതരോഗങ്ങളും കൂട്ടുചേരുന്നു
ആഡംബര ജീവിതത്തിന്റെയും സുഖലോലുപതയുടെയും മുഖമുദ്രയാണ് ഗൗട്ട് എന്ന സന്ധിവാതരോഗം. രക്തത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുമ്പോള്‍ അവ സന്ധികളില്‍ അടിഞ്ഞുകൂടി നീര്‍ക്കെട്ടുംശക്തമായ വേദനയും ഉണ്ടാക്കുന്ന അവസ്ഥയാണ് ഗൗട്ട്. അമിതവണ്ണവും മദ്യപാനവും കൂടാതെ അമിത മാംസഭക്ഷണത്തോടുള്ള പ്രതിപത്തിയുമാണ് ഗൗട്ട് വ്യാപകമാകാന്‍ കാരണം. പ്യൂറിന്‍ അമിതമായി അടങ്ങിയി ആടുമാടുകളുടെ ചുവന്നമാംസം പതിവായി കഴിക്കുന്നവര്‍ക്ക് ഗൗട്ട് ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്.ലഹരി ഉപയോഗവും സന്ധിവാതരോഗങ്ങളുംആളോഹരി മദ്യഉപഭോഗം ഏറ്റവും കൂടിയ സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ഒരു സ്റ്റാറ്റസ് സിംബലായും സാമൂഹിക ജീവിതത്തിന്റെ ഒഴിച്ചുകൂടാനാകാത്ത ഭാഗമായും മദ്യത്തെ സ്വീകരിച്ച് ആനയിച്ചപ്പോള്‍ മദ്യപാനം ഒരു സാമൂഹികാരോഗ്യപ്രശ്നമായി മാറി. മദ്യത്തിന്റെ ഉപയോഗം ഗൗട്ട് എന്ന സന്ധിവാതരോഗത്തിനുള്ള പ്രധാന കാരണമാണ്. മദ്യം യൂറിക് ആസിഡ, ഉല്‍പ്പാദനം കൂട്ടുന്നു. കൂടാതെ ശരീരത്തില്‍നിന്നുള്ള വിസര്‍ജത്തെ മന്ദീഭവിപ്പിക്കുകയും ചെയ്യുന്നു. ഗൗട്ടിനു കാരണമാകുന്ന പ്രധാന മദ്യയിനങ്ങളില്‍ ഒന്നാണ് ബിയര്‍.മാനസിക സമ്മര്‍ദംപ്രകടമായി കണ്ടുവരുന്ന പല സന്ധിവാതരോഗങ്ങള്‍ക്കും ഫൈബ്രോമയാള്‍ജിയപോലെയുള്ള പേശിവാത രോഗങ്ങള്‍ക്കും പശ്ചാത്തലം ഒരുക്കുന്നത് മാനസികസംഘര്‍ഷങ്ങളും പിരിമുറുക്കവുമാണ്. ആധുനിക ജീവിതത്തിന്റെ മുഖമുദ്രയാണല്ലോ മാനസിക പിരിമുറുക്കവും ടെന്‍ഷനും വിഷാദരോഗവുമൊക്കെ അടങ്ങിയ ലഘുമനോരോഗങ്ങള്‍. സമൂഹത്തിലെ രണ്ടു ശതമാനത്തോളം ആളുകളെ ബാധിക്കുന്ന പ്രശ്നമാണ് ഫൈബ്രോമയാള്‍ജിയ. ദേഹമാസകലം പൊതിയുന്ന കഠിന വേദനയാണ് രോഗത്തിന്റെ മുഖ്യലക്ഷണം. ഫൈബ്രോമയാള്‍ജിയ രോഗികളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നതിനും അംഗീകരിക്കുന്നതിനും മാനസിക അസ്വസ്ഥതകള്‍ കാരണമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഫൈബ്രോമയാള്‍ജിയയുടെ ചികിത്സയില്‍ വിഷാദരോഗത്തിന്റെ ചികിത്സക്ക് ഉപയോഗിക്കുന്ന മരുന്നുകള്‍ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. സന്ധി ആവരണമായകാപ്സ്യൂള്‍, സന്ധികള്‍ക്കു സമീപമുള്ള ചലനവള്ളികള്‍, സ്നായുക്കള്‍, പേശികള്‍ എന്നിവയെ ബാധിക്കുന്ന നീര്‍ക്കെട്ട് വിട്ടുമാറാത്ത സന്ധിവേദനയ്ക്കും സന്ധികളുടെ ചലനസ്വാതന്ത്ര്യം കുറയ്ക്കുന്നതിനും കാരണമാകാറുണ്ട്. സന്ധിക്കുചുറ്റുമുള്ള മൃദുകലകളെ ബാധിക്കുന്ന ഈ വാതരോഗങ്ങളുടെ പ്രധാന കാരണങ്ങളിലൊന്ന് അമിത ഉല്‍കണ്ഠയും വിഷാദവും പോലെയുള്ള ലഘുമനോരോഗങ്ങളാണ്.ചെറുപ്പക്കാരായ സ്ത്രീകളില്‍ കൂടുതലായി കണ്ടുവരുന്ന സന്ധിവാതരോഗമാണ് എസ്എല്‍ഇ. സന്ധിവേദനയോടൊപ്പം മുഖത്തും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും ചുമന്നുതടിച്ച പാടുകളും ഉണ്ടാകാം. ശരിയായ ചികിത്സ ചെയ്തില്ലെങ്കില്‍ രോഗം വൃക്കയെയും ഹൃദയത്തെയും മറ്റ് ആന്തരാവയവങ്ങളെയുമൊക്കെ ബാധിക്കാനിടയുണ്ട്. രോഗസാധ്യത ഏറിയ സ്ത്രീകളില്‍ മാനസിക പിരിമുറുക്കവും സംഘര്‍ഷങ്ങളും രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നതിന് കാരണമാകുമെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.രോഗനിര്‍ണയം എളുപ്പമായിസന്ധിവാതരോഗങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട്ചെയ്യുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് രോഗനിര്‍ണയം എളുപ്പമായതാണ്. രക്തപരിശോധനയും എക്സ്റേ പരിശോധനയും സ്കാനിങ്ങുമൊക്കെ രോഗം തുടക്കത്തില്‍ത്തന്നെ കണ്ടെത്താന്‍ സഹായകരമായി. ടെസ്റ്റുകള്‍ നിരവധി ഉണ്ടെങ്കിലും വിശദമായ ശരീരപരിശോധനതന്നെയാണ് രോഗനിര്‍ണയത്തിന് പ്രഥമ സ്ഥാനം.സന്ധിവാതരോഗങ്ങളില്‍ ഭൂരിഭാഗവും ശരീരപ്രതിരോധ വ്യവസ്ഥയുടെ അമിതവും വികലവുമായ പ്രവര്‍ത്തനങ്ങളെത്തുടര്‍ന്ന് ഉണ്ടാകുന്നതാണ്. ഇവയെ ഓട്ടോ ഇമ്യൂണ്‍ രോഗങ്ങളെന്നാണ് വിളിക്കുന്നത്. ഓട്ടോ ആന്റിബോഡികളുടെ സാന്നിധ്യം ഈ രോഗങ്ങളുടെ പ്രത്യേകതയാണ്. ശരീരത്തിലെ പ്രത്യേക ആന്റിജനുകള്‍ക്കെതിരെ ശരീരംതന്നെ പുറപ്പെടുവിക്കുന്ന ആന്റിബോഡികളാണ് ഓട്ടോ ആന്റിബോഡികള്‍. രക്തപരിശോധനയിലൂടെ ഇവ കണ്ടെത്തുന്നത് രോഗനിര്‍ണയത്തിന് സഹായകമാകുന്നു. റുമറ്റോയ്ഡ് ആര്‍ത്രൈറ്റിസ് എന്ന സന്ധിവാതരോഗം ഉള്ളവരില്‍ 70 ശതമാനത്തിലേറെ ആളുകള്‍ക്കും റുമറ്റോയ്ഡ് ഫാക്ടര്‍ എന്ന ആന്റിബോഡിയുടെ സാന്നിധ്യമുണ്ട്.അതുപോലെത്തന്നെ 95 ശതമാനത്തിലേറെ എസ്എല്‍ഇ രോഗികളിലും എഎന്‍എ എന്ന ഓട്ടോ ആന്റിബോഡികളെ കണ്ടെത്താനായിട്ടുണ്ട്. എക്സ്റേ പരിശോധന രോഗത്തിന്റെ തീവ്രത മനസ്സിലാക്കുന്നതിനും, രോഗപുരോഗതികളെക്കുറിച്ച് അറിയിക്കുന്നതിനും, ചികിത്സകൊണ്ട് ഉണ്ടായിട്ടുള്ള മാറ്റങ്ങള്‍ മനസ്സിലാക്കുന്നതിനും സഹായിക്കുന്നു. സിടി സ്കാന്‍,എംആര്‍ഐ സ്കാനിങ് തുടങ്ങിയ നൂതന പരിശോധനാമാര്‍ഗങ്ങള്‍തുടക്കത്തില്‍ത്തന്നെ സന്ധിവാതരോഗങ്ങള്‍ കണ്ടെത്തുന്നതിനും ആന്തരാവയവങ്ങളെ രോഗം ബാധിച്ചിട്ടുണ്ടോ എന്നു മനസ്സിലാക്കുന്നതിനും ഉപകരിക്കുന്നു.അള്‍ട്രാസൗണ്ട് സ്കാനിങ് പരിശോധനയാണ് സന്ധിരോഗങ്ങള്‍ കണ്ടെത്താനും വിലയിരുത്താനും സഹായിക്കുന്ന മറ്റൊരു പ്രധാന പരിശോധനാ മാര്‍ഗം. സന്ധിവാതരോഗങ്ങള്‍ കണ്ടെത്താനുള്ള സ്റ്റെതസ്കോപ്പ് പരിശോധനയാണ് അള്‍ട്രാസൗണ്ട് സ്കാനിങ് പരിശോധനയെന്ന് വിശേഷിപ്പിക്കാറുണ്ട്. ഓസ്റ്റിയോ പൊറോസിസ് അഥവാ അസ്ഥിക്ഷയം കണ്ടെത്താനായി സെക്ലാ സ്കാനിങ് പരിശോധനയും ഉപകരിക്കുന്നു.(ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ മെഡിസിന്‍ വിഭാഗം അഡീഷണല്‍ പ്രൊഫസറാണ് ലേഖകന്‍).