Friday

പ്രകൃതിയും ആയുര്‍വേദവും

ഡോ. കെ ജ്യോതിലാല്‍

ജഗത്യേവമനൗഷധം'പ്രപഞ്ചത്തില്‍ ഔഷധമല്ലാത്തതായി ഒന്നുമില്ല. ഇതാണ് ആയുര്‍വേദത്തിന്റെ കാഴ്ചപ്പാട്. ചിലത് നേരിട്ട് ഔഷധമായി ഉപയോഗിക്കാം, ചിലതിനാകട്ടെ "ശുദ്ധിക്രിയ' അനിവാര്യം. ഈ വീക്ഷണമുള്ള ഒരു ശാസ്ത്രം കാറ്റിനെയും മഴയെയും പുഴകളെയും മലകളെയുമൊക്കെ പഠനവിഷയമാക്കിയില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളു.
കാറ്റ്
ധ്രുവങ്ങളിലെ താപനില ഉയരുമ്പോള്‍ സംഭവിക്കുന്ന ന്യൂനമര്‍ദത്തിലേക്ക് വായു ശക്തിയായി പ്രവഹിക്കുന്നതാണ് "കാറ്റ്' എന്ന് നമുക്കറിയാം. നീരാവി നിറഞ്ഞ വായുവാകുമ്പോള്‍ മഴയും ആവിര്‍ഭവിക്കുന്നു. കിഴക്കന്‍ കാറ്റ് ഏല്‍ക്കാന്‍പാടില്ല എന്ന് ആയുര്‍വേദ വിധിയുണ്ട്. വിവിധ ദിശകളില്‍നിന്നു വീശുന്ന കാറ്റിനെ സുശ്രുതന്‍ ഇങ്ങനെ ഗുണവിശകലനം നടത്തിയിരിക്കുന്നു.
കിഴക്കന്‍ കാറ്റ്
  ലവണരസം നിറഞ്ഞിരിക്കും. തണുപ്പ് അധികരിച്ചിരിക്കും. രക്തം, പിത്തം എന്നിവയെ ദുഷിപ്പിക്കും. മുറിവോ വ്രണമോ ഉള്ള രോഗിയിലും വിഷബാധയേറ്റിരിക്കുന്നവരിലും രോഗം അധികരിപ്പിക്കും. കഫപ്രകൃതിക്കാരില്‍ രോഗങ്ങള്‍ മൂര്‍ച്ഛിക്കും. വാതപ്രകൃതിക്കാരെ ക്ഷീണിതരാക്കും. മിക്ക ദിവസവും ഉച്ചതിരിഞ്ഞു വീശുന്ന കാറ്റ് കിഴക്കന്‍ കാറ്റ് (East Wind) ആണെന്നാണ് ആധുനിക അന്തരീക്ഷ വിജ്ഞാനം (Meteorology).
തെക്കന്‍കാറ്റ്
സാധാരണ ഒക്ടോബറില്‍ വീശുന്ന കാറ്റ് (Post Monsoon Wind)  ആണിത്. തെക്കന്‍കാറ്റ് ലഘുത്വഗുണമുള്ളതാണ്. മധുരരസ പൂരിതമാകും. ആരോഗ്യസംവര്‍ധകമായ കാറ്റാണിത്. നേത്രങ്ങള്‍ക്ക് ശക്തി നല്‍കും. ശരീരശക്തി പ്രദാനംചെയ്യും. ശരീരാന്തഃസ്ഥിതമായ വായുവിനെ വര്‍ധിപ്പിക്കാതെത്തന്നെ രക്തം, പിത്തം എന്നിവയുടെ പ്രവര്‍ത്തനം സുഗമമാക്കും. അറേബ്യന്‍ സമുദ്രത്തില്‍നിന്ന് ഏഷ്യാ ഭൂഖണ്ഡത്തിന്റെ ന്യൂനമര്‍ദമേഖലകളിലേക്കു വരുന്ന വായുപ്രവാഹം പശ്ചിമഘട്ട മലനിരകളില്‍ തട്ടി കേരളം ഉള്‍പ്പെടെയുള്ള ദേശങ്ങളില്‍ കാറ്റായി വീശുന്നു. അതാണ് തെക്കന്‍കാറ്റെന്ന് (Sound Wind) ആധുനിക മതം.

പടിഞ്ഞാറന്‍ കാറ്റ്
ജൂണ്‍മുതല്‍ സെപ്തംബര്‍വരെ (മണ്‍സൂണ്‍ കാലം) നമുക്കു ലഭിക്കുന്നത് പ്രധാനമായും പടിഞ്ഞാറന്‍ കാറ്റാണ്. ഏറ്റവും ശുദ്ധിയുള്ള കാറ്റാണിത്. രൂക്ഷത ഏറും. സ്നിഗ്ധമായ അംശം കുറച്ച് ശരീരത്തെ ശോഷിപ്പിക്കും. സ്ഥിരമായി ഏറ്റാല്‍ കൊഴുപ്പിനെയും കഫത്തെയും വരട്ടും. ശരീരശക്തി കുറയ്ക്കും. കടുത്ത സൂര്യതാപത്തില്‍ താര്‍ മരുഭൂമിയിലെയും ഏഷ്യാഭൂഖണ്ഡത്തിന്റെ തെക്കുഭാഗങ്ങളിലെയും വായു ഉയര്‍ന്നുപൊങ്ങുമ്പോള്‍ ഇന്ത്യന്‍ സമുദ്രത്തില്‍നിന്ന് ഈര്‍പ്പംനിറഞ്ഞ കാറ്റ് അവിടേക്കു തള്ളിക്കയറുന്നു. ഇത് ഹിമാലയപര്‍വതത്തില്‍ തടയപ്പെടുകയും കാറ്റും മഴയുമായി ഏഷ്യാ ഭൂഖണ്ഡത്തില്‍ പതിക്കുകയും ചെയ്യുന്നു. ഇതാണ് പടിഞ്ഞാറന്‍ കാറ്റ് (West Wind) എന്നാണ് ആധുനിക വിജ്ഞാനം.
വടക്കന്‍ കാറ്റ്
ഒക്ടോബറിലും ഡിസംബറിലും കേരളത്തില്‍ വടക്കന്‍ കാറ്റിന്റെ സാന്നിധ്യമുണ്ട്. ഇതും മഴക്കാലാനന്തര കാറ്റ് (Post Monsoon Wind)  എന്നുതന്നെയാണ് അറിയപ്പെടുന്നത്. മെഡിറ്ററേനിയന്‍ സമുദ്രത്തിന്റെ വടക്കുപടിഞ്ഞാറന്‍ മേഖലയിലെ ന്യൂനമര്‍ദത്തിലൂടെ രൂപപ്പെടുന്നു. തണുപ്പ് അധികരിച്ച കാറ്റാണിത്. സൗമ്യമാകും. മധുരരസപൂരിതം. ഏല്‍ക്കുന്നവര്‍ക്ക് ശരീരം ചുരുളുന്നതുപോലെ ഒരു സുഖകരമായ അവസ്ഥയുണ്ടാകും. ത്രിദോഷങ്ങളെ കോപിപ്പിക്കുകയില്ല. ശരീര അന്തഃസ്രവങ്ങളെ ത്വരിതപ്പെടുത്തും. ക്ഷയരോഗം, ശരീരശോഷം, വിഷം എന്നിവ ബാധിച്ചവര്‍ക്ക് രോഗശമനം നല്‍കാന്‍പോന്ന ഗുണവീര്യം വടക്കന്‍കാറ്റിനുണ്ട്. (തിരുവനന്തപുരം ഗവ. ആയുര്‍വേദ കോളേജ് റിട്ടയഡ് പ്രഫസറാണ് ലേഖകന്‍)